Sorry, you need to enable JavaScript to visit this website.

തീപ്പിടിത്തത്തില്‍ ഗൂഢാലോചനയെന്ന് പ്രതിപക്ഷം, ബുധനാഴ്ച കരിദിനം

തിരുവനന്തപുരം- പ്രോട്ടോക്കോള്‍ ഓഫീസില്‍ ഫയലുകള്‍ 'തീവച്ചു നശിപ്പിച്ചതില്‍' പ്രതിഷേധിച്ച് ബുധനാഴ്ച യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.
സ്വര്‍ണ കളളക്കടത്തുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും നശിപ്പിക്കാനുള്ള ഗൂഢാലോചനയാണ് സെക്രട്ടറിയേറ്റില്‍ അരങ്ങേറിയതെന്ന് അദ്ദേഹം ആരോപിച്ചു. ഇത് അട്ടിമറിയാണ്. എല്ലാ തെളിവുകളും നശിപ്പിച്ച് കള്ളക്കടത്ത് കേസിലെ പ്രതികളെ രക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുകയാണ്. സെക്രട്ടേറിയറ്റില്‍ തീപിടിത്തമുണ്ടായ പ്രോട്ടോക്കോള്‍ ഓഫീസ് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ നാല് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയത് സ്വീകാര്യമല്ല. എന്‍.ഐ.എ തന്നെ ഇത് അന്വേഷിക്കണം. പൊതു ഭരണവകുപ്പിന്റെ കീഴിലാണ് സംസ്ഥാന പ്രൊട്ടോക്കോള്‍ ഓഫീസ്. വിവാദമായ സ്വര്‍ണകടത്ത് സംബന്ധിച്ച ഫയലുകളും നയതന്ത്ര ബാഗേജുകളുടേയും മറ്റ് പാഴ്സലുകളുടേയും ക്ലിയറന്‍സ് സംബന്ധിച്ച ഫയലുകളും വിദേശയാത്ര സംബന്ധിച്ച ഫയലുകളും രഹസ്യ സ്വഭാവമുള്ള മറ്റു ഫയലുകളും പൊതുഭരണ വകുപ്പിലാണ്. അവിടെയാണ് തീ പിടുത്തമുണ്ടായതും അതീവ രഹസ്യമായ ഫയലുകള്‍ കത്തിനശിച്ചതും. ഈ കേസ് സംബന്ധിച്ച് പ്രോട്ടോകോള്‍ ഉദ്യോഗസ്ഥരെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തു വരികയാണ്. ഇവിടത്തെ ചില ഫയലുകള്‍ തങ്ങളുടെ പക്കലില്ലെന്ന് ഉദ്യോഗസ്ഥര്‍ അന്വേഷണ ഏജന്‍സികള്‍ക്ക് മൊഴി നല്‍കിയിരുന്നു. അന്വേഷണം മുറുകുന്നതിനിടിയില്‍ തീപിടിത്തമുണ്ടായത് യാദൃച്ഛികമാണെന്ന് കരുതാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കള്ളക്കടത്ത് കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ഒരു കാരണവശാലും സമ്മതിക്കുകയില്ല. കൂടുതല്‍ ഫയലുകള്‍ നശിക്കുന്നതിന് മുന്‍പ് അന്വേഷണ ഏജന്‍സികള്‍ സെക്രട്ടേറിയറ്റ് റെയ്ഡ് ചെയ്ത് ശേഷിക്കുന്ന എല്ലാ ഫയലുകളും പിടിച്ചെടുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.  

 

 

Latest News