Sorry, you need to enable JavaScript to visit this website.

പൂക്കോട്ടൂർ യുദ്ധസ്മരണകൾ നൂറ്റാണ്ടിലേക്ക് കടക്കുന്നു

മലപ്പുറം-മലബാർ കലാപത്തിലെയും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെയും പ്രധാന സംഭവങ്ങളിലൊന്നായ പൂക്കോട്ടൂർ യുദ്ധത്തിന് ഒരു നൂറ്റാണ്ട് തികയുന്നു. 
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏകയുദ്ധമെന്ന് ബ്രിട്ടീഷുകാർ പോലും വിശേഷിപ്പിച്ച പൂക്കോട്ടൂർ യുദ്ധം ആരംഭിച്ചത് 1921 ഓഗസ്റ്റ് 26 നാണ്. യുദ്ധസ്മരണകൾ 99 വർഷങ്ങൾ പൂർത്തിയാക്കി നൂറ്റാണ്ടിലേക്ക് കടക്കുകയാണ്. 
പൂക്കോട്ടൂർ യുദ്ധത്തിന്റെ അവശേഷിപ്പുകൾ ഇപ്പോഴും പോരാട്ട ഭൂമിയിലുണ്ട്. എന്നാൽ ഇതിന് ഇനിയും വേണ്ടത്ര സംരക്ഷണം ലഭിച്ചിട്ടില്ല.
ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തികൾ തന്നെ യുദ്ധമെന്നു വിശേഷിപ്പിച്ച പൂക്കോട്ടൂർ യുദ്ധം 1921 ഓഗസ്റ്റ് 26 നാണ് നടന്നത്. ഈ ചരിത്ര സംഭവമുൾപ്പെടെ മലബാർ മേഖലയിൽ നടന്ന സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്കു അനിവാര്യമായ പരിഗണന ലഭിച്ചില്ലെന്ന ആക്ഷേപം ശക്തമാവുമ്പോഴാണ് പൂക്കോട്ടൂർ യുദ്ധത്തിന്റെ ഓർമകൾ ഒരു നൂറ്റാണ്ടു പിന്നിടാനിരിക്കുന്നത്. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഉത്തരേന്ത്യയിൽ അലി സഹോദരൻമാർ ഉയർത്തിയ ഖിലാഫത്ത് പ്രസ്ഥാനം മലബാറിൽ ആലി മുസ്്‌ല്യാരും മലപ്പുറം കുഞ്ഞിതങ്ങളും, വാരിയൻ കുന്നത്ത്  കുഞ്ഞഹമ്മദാജിയും ഏറ്റുപിടിച്ചതോടെ പൂക്കോട്ടൂരിലും പ്രക്ഷോഭം ശക്തമാവുകയായിരുന്നു. ഇതേത്തുടർന്നു 1921 ഓഗസ്റ്റ് 26 ന് നടന്ന പോരാട്ടമാണ് പൂക്കോട്ടൂർ യുദ്ധം. 
സ്വാതന്ത്ര്യം ലഭിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും അർഹമായ പ്രാധാന്യം ഈ ചരിത്ര സംഭവത്തിനു ലഭിച്ചിട്ടില്ല. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പൂക്കോട്ടൂരിലെ സെക്രട്ടറിയായിരുന്ന വടക്കു വീട്ടിൽ മുഹമ്മദ് പൂക്കോട്ടൂർ കോവിലകത്തെ തോക്കും പണവും മോഷ്ടിച്ചെന്നാരോപിച്ചുണ്ടായ നടപടി ജൻമി കുടിയാൻ തർക്കങ്ങൾക്കിടെ ദേശീയ പ്രക്ഷോഭത്തിന്റെ വഴിയിലേക്കു നാട്ടുകാരെ നയിക്കുകയായിരുന്നു. 1921 ൽ കണ്ണൂരിൽ നിന്നു തിരൂരങ്ങാടിയിലേക്കു പുറപ്പെട്ട ബ്രിട്ടീഷ് പട്ടാളത്തെയാണ് നാടൻ ആയുധങ്ങളുമായി പൂക്കോട്ടൂരിലെ ഭടൻമാർ നേരിട്ടത്. മലപ്പുറം-കോഴിക്കോട് ദേശീയ പാതക്കരികിൽ പൂക്കോട്ടൂരിനും പിലാക്കലിനുമിടയിൽ മരിച്ചവരുടെ ഖബറിടങ്ങൾ ഇപ്പോഴുമുണ്ട്. സ്‌പെഷ്യൽ ഫോഴ്‌സ് സൂപ്രണ്ടായിരുന്ന ലങ്കാസ്റ്ററടക്കം പത്തോളം ബ്രിട്ടീഷ് സൈനികരും നാനൂറിൽപരം മാപ്പിളമാരുമാണ് പൂക്കോട്ടൂർ യുദ്ധത്തിൽ കൊല്ലപ്പെട്ടത്. യുദ്ധത്തിന്റെ സ്മരണക്കായി പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്തു കാര്യാലയത്തിനു മുന്നിൽ നിർമിച്ചിട്ടുള്ള സ്മാരക കവാടം ദേശീയ പാതയിലൂടെയുള്ള യാത്രയിൽ ഉയർന്നു കാണാം. 


 

Latest News