Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അൽഫൽവ, അൽജൗഹറ പൗരാണിക കാഴ്ചകളുടെ മ്യൂസിയം


രണ്ട് നൂറ്റാണ്ടിലധികം വരുന്ന പൗരാണിക കാഴ്ചകളുടെ ശേഖരങ്ങൾ ഒരുക്കി പുതിയ കാലത്തിന് അനുഭവ പാഠങ്ങൾ പകരുകയാണ് സൗദി ദമാമിലെ വ്യവസായ പ്രമുഖനായ അബ്ദുൽ വഹാബ് അൽഗുനൈം. തലമുറകൾ അവശേഷിപ്പിച്ച് പോയ ചരിത്ര നിർമ്മിതികളാണ് ഇദ്ദേഹത്തിന്റെ മ്യൂസിയത്തിലുള്ളത്. 45 വർഷങ്ങൾക്ക് മുമ്പാണ് അബ്ദുൽ വഹാബ് അൽ ഗുനൈം പഴയ കാല വസ്തുക്കൾ ശേഖരിക്കാൻ തുടങ്ങിയത്. ഇന്ന് അഞ്ച് ലക്ഷത്തോളം പൗരാണിക കാഴ്ചകളുടെ ശേഖരങ്ങളാണ് ഇദ്ദേഹത്തിന്റെ കൈവശമുള്ളത്. അയ്യായിരം ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള അൽഫൽവ, അൽജൗഹറ മ്യൂസിയത്തിൽ ഭാവി തലമുറക്ക് കാഴ്ചയുടെ പുതിയ വിസ്മയമാണ് ഒരുക്കിയിട്ടുള്ളത്. തന്റെ പെൺ മക്കളുടെ പേരായ അൽഫൽവ, അൽജൗഹറ എന്നിവരുടെ പേരുകളാണ് രണ്ട് നിലകളിലായി ഒരുക്കിയിരിക്കുന്ന മ്യൂസിയത്തിന് നൽകിയിരിക്കുന്നത്. ദമാമിലെ ഒതൈയിം മാളിന് സമീപമാണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്.


തന്റെ വിദ്യാർഥി കാലഘട്ടത്തിൽ തുടങ്ങിയ പഴയ കാലത്തെ കാറുകളും ഗാർഹിക വസ്തുക്കളും ശേഖരിക്കുന്ന വിനോദം വർഷം 90 കളുടെ അവസാനത്തിൽ കൂടുതൽ സജീവമാക്കി. അങ്ങിനെ സൗദിയുടെ പൈതൃകം ഒപ്പിയെടുക്കുന്ന അനേകം അമൂല്യ വസ്തുക്കളുടെ ഉടമയായി ഇദ്ദേഹം മാറി. ദേശാന്തരങ്ങൾ സഞ്ചരിച്ച് പൗരാണിക വസ്തുക്കൾ കൈവശമാക്കുവാൻ പണമോ സമയമോ ഇദ്ദേഹത്തിന്റെ ശ്രമങ്ങൾക്ക് തടസ്സമായില്ല. നൂറ്റാണ്ടുകൾക്ക് മുമ്പ് സൗദി ജനത ഉപയോഗിച്ചിരുന്ന ഫർണിച്ചർ, കാർഷിക ഉപകരണങ്ങൾ, ആയുധങ്ങൾ, വസ്ത്രങ്ങൾ, നാണയങ്ങൾ, കറൻസികൾ തുടങ്ങിയ വസ്തുക്കൾ മ്യൂസിയത്തിൽ കാണാനാവും. അബ്ദുൽ അസീസ് രാജാവിന്റെ കാലം മുതൽ അബ്ദുല്ല രാജാവ് വരെയുള്ളവരുടെ കാലഘട്ടങ്ങളിൽ സൗദി രാജാക്കന്മാർ ഉപയോഗിച്ച ഡൈനിംഗ് പാത്രങ്ങൾ, വാച്ചുകൾ, ടെലിഫോൺ, ഫർണിച്ചറുകൾ എല്ലാം ഇവിടെയുണ്ട്. മുൻ സൗദി ഭരണാധികാരി സൗദ് രാജാവും, മുൻ അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗൻ ഉപയോഗിച്ച കാറുകളും പഴയ കാല കാറുകളുടെ ശേഖരത്തിൽ പ്രൗഢിയോടെ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. കൂടുതൽ ശേഖരങ്ങളും സൗദി പുരാതന വസ്തുക്കളാണെങ്കിലും അറബ് യൂറോപ്പ് അമേരിക്കൻ വൻകരകളിൽ നിന്നുള്ള വസ്തുക്കളും ഇടം പിടിച്ചിട്ടുണ്ട്. ക്ലാസിക് കാറുകളാണ് മ്യൂസിയത്തിലെ ഏറ്റവും പ്രധാനപ്പെട്ടത്. സൗദ് രാജാവിന്റെ കാലത്ത് വിവിധ രാജ്യങ്ങളിലെ അംബാസഡറും അദ്ദേഹത്തിന്റെ നിയമോപദേശകനുമായിരുന്നു പിതാവ് സുലൈമാൻ അൽ ഗുനൈം.

സൗദ് രാജാവ് ഉപയോഗിച്ച കാർ പിതാവിന് ലഭിക്കുകയും പിന്നീട് പിതാവ് വിൽക്കുകയും ചെയ്തു. പിതാവ് ഉപയോഗിച്ച കാർ തന്റെ കാറുകളുടെ ശേഖരത്തിലേക്ക് കൊണ്ടു വരുവാൻ തീരുമാനിക്കുകയും, എന്തു വില കൊടുത്തും തിരിച്ച് വാങ്ങാൻ അബ്ദുൽ വഹാബ് അൽഗുനൈം തയ്യാറായി. അങ്ങനെ മുപ്പത് വർഷങ്ങൾക്ക് ശേഷം പ്രാദേശിക പത്രത്തിൽ കാറിനെ കുറിച്ച് പരസ്യം ചെയ്ത് അന്ന് രാത്രി തന്നെ വിലക്ക് വാങ്ങുകയായിരുന്നുവെന്ന് സംഭവം അൽ ഗുനൈം ഓർമ്മിച്ചെടുക്കുമ്പോൾ മനസ്സിലെ സന്തോഷവും പുഞ്ചിരിയും പ്രകടമായി.


അമേരിക്കയിലെ വൺ മില്ല്യൻ ഡോളർ ഒറ്റ കറൻസി ഇദ്ദേഹത്തിന്റെ പക്കലുണ്ട്. വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള 294 ചെറുതും വലുതുമായ പഴയകാല വാഹനങ്ങൾ കൈവശമായുണ്ട്. മുൻ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്റെ ഐ.ഡി, ഇറാൻ ഇറാഖ് യുദ്ധത്തിന്റെയും കുവൈത്ത് ഇറാഖ് യുദ്ധത്തിന്റെയും മിസൈലിന്റെ അവശിഷ്ടങ്ങൾ, പരിശുദ്ധ കഅ്ബയുടെ പഴയ കാലത്തെ കില, താക്കോൽ, ഹജറുൽ അസ്‌വദിന്റെ കവർ, പരിശുദ്ധ ഖുർആന്റെ പഴയകാലത്തെ വിവിധ പതിപ്പുകൾ, വിവിധ രാജ്യങ്ങളുടെ സ്റ്റാമ്പുകൾ, പുസ്തകങ്ങൾ, എഴുത്ത് കത്തുകൾ  തുടങ്ങിയ വസ്തുക്കൾ ഇവിടെയെത്തുന്ന ആരുടേയും കണ്ണുകളെ ആകർഷിക്കും.


എഴുപതുകളുടെ തുടക്കത്തിൽ സൗദി അറേബ്യ ആധുനികതയിലേക്ക് വഴിമാറിയതോടെ നഗരവൽക്കരണത്തിന്റെ തുടക്കവും സംജാതമായതോടെ മിക്ക ആളുകളും തങ്ങളുടെ പഴയ ജീവിത രീതികൾ ക്രമേണ ഒഴിവാക്കാൻ തുടങ്ങി.  അത് നിലനിർത്താൻ അവരെ ഞാൻ പ്രേരിപ്പിച്ചു, പടിഞ്ഞാറ് നമ്മുടെ ധാരാളം പാരമ്പര്യങ്ങൾ കൈക്കലാക്കുകയും അതിൽ ചിലത് നഷ്ടപ്പെടുകയും ചെയ്തു. നിർഭാഗ്യവശാൽ ഞങ്ങൾ അത് പരിപാലിക്കാൻ വൈകി. അത് തിരിച്ച് പിടിക്കാനുള്ള ശ്രമമാണ് താൻ ഇപ്പോൾ നിർവ്വഹിക്കുന്നതെന്ന് അബ്ദുൽ വഹാബ് അൽ ഗുനൈം സംതൃപ്തിയോടെ പറയുന്നു. അറബ് നാഗരികതയുടെ ചരിത്രത്തിലും ദേശീയ പൈതൃകത്തിലും താൽപ്പര്യമുള്ളവർക്ക്  തന്റെ മ്യൂസിയം ഉപകരിക്കും. സൗദിയുടെ പരിവർത്തന പദ്ധതിയായ വിഷൻ 2030 വലിയ പ്രതീക്ഷകൾ നൽകുന്നുണ്ടെന്നും വിഷൻ 2030 പ്രധാനപ്പെട്ട ഒരു കുതിച്ചുചാട്ടമായിരിക്കുമെന്ന് അൽഗുനൈം വിലയിരുത്തുന്നു.

പൗരാണിക സൗദി ജനതയുടെ തലമുറകൾ കൈമാറ്റം ചെയ്ത വ്യത്യസ്ത സംസ്‌കാരങ്ങളുടെ കാഴ്ചകൾ കൊണ്ട് സമ്പന്നമാണ് അൽഗുനൈം സജ്ജീകരിച്ചിട്ടുള്ള അൽഫൽവ, അൽജൗഹറ മ്യൂസിയം.
ആഴ്ചയിൽ ഒരു ദിവസം സന്ദർശകർക്കായി മ്യൂസിയം തുറന്ന് കൊടുക്കാറുണ്ട്. സൗദിയിലെ മന്ത്രിമാർ, ഗവർണർമാർ, വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, നയതന്ത്ര പ്രതിനിധികൾ ഇവിടെയെത്തിയിട്ടുണ്ട്. കൂടാതെ പഠനത്തിന്റെ ഭാഗമായി സ്‌കൂൾ വിദ്യാർഥികളും ഇവിടെ എത്താറുണ്ട്. വിശേഷ ദിവസങ്ങളിൽ സൗദിയുടെ പൈതൃകം വിളിച്ചോതുന്ന വിവിധ കലാപരിപാടികൾക്കും മ്യൂസിയത്തിന്റെ അങ്കണം വേദിയാവാറുണ്ട്.
സൗദിയിലെ പ്രമുഖ വ്യവസായ വാണിജ്യ സ്ഥാപനമായ ഡെൽമൺ ഗ്രുപ്പ് ഓഫ് കമ്പനീസ് ഉടമസ്ഥരിൽ ഒരാളും ഒപ്പം കമ്പനിയുടെ ജനറൽ മാനേജർ പദവിയും വഹിക്കുന്നു. മുഹമ്മദ് അബ്ദുൽ വഹാബ് ഗുനൈം, അബ്ദുൽ അസീസ് അൽ ഗുനൈം എന്നീ ആൺ മക്കളും ഫെൽവ, ജവാര എന്നീ പെൺമക്കളുമുണ്ട്.

Latest News