ഹോങ്കോംഗ് സിറ്റി- കോവിഡ് രോഗം ഭേദമായ ആള്‍ക്ക് വീണ്ടും കൊറോണ വൈറസ് ബാധിച്ചതിന് തെളിവുകളുമായി ഹോങ്കോംഗ് യൂനിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ.
കഴിഞ്ഞ മാർച്ചില്‍ കോവിഡ് ബാധിച്ച് ഭേദമായ ശേഷം സ്പെയിന് സന്ദർശിച്ച് ഈ മാസം പകുതിയോടെ തിരിച്ച് ഹോങ്കോംഗിലെത്തിയ 33 കാരനിലാണ് വീണ്ടും കൊറോണ വൈറസ് സ്ഥിരീകരിച്ചതെന്ന് പരിശോധനക്ക് നേതൃത്വം നല്കിയ മൈക്രോബയോളജിസറ്റ് ഡോ.കെല്‍വിന്‍ കായ് വാങ് പറഞ്ഞു.
ആദ്യത്തെ തവണ നേരിയ കോവിഡ് ലക്ഷണങ്ങളുണ്ടായിരുന്ന യുവാവിന് ഇത്തവണ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. എയർപോർട്ടില്‍ നടത്തിയ സ്ക്രീനിംഗിലും ടെസ്റ്റിലുമാണ് വൈറസ് ബാധയുണ്ടെന്ന്കണ്ടെത്തിയത്.
കോവിഡ് ബാധിച്ചവർക്ക് ജീവിതകാലം മുഴുവന്‍ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ശേഷിയുണ്ടാകുമെന്ന ധാരണയാണ് ഇതോടെ തിരുത്തപ്പെടുന്നത്.
എത്രപേർക്ക് വീണ്ടും രോഗം ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് കണക്കാക്കാനാവില്ലെന്നും ക്ലിനിക്കല്‍ ഇന്‍ഫെക്ഷ്യസ് ജേണല്‍ സ്വീകരിച്ച ഗവേഷണ പ്രബന്ധത്തില്‍ പറയുന്നു. പഠനം ഇതുവരെ ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടില്ല.






