Sorry, you need to enable JavaScript to visit this website.

ആറ് മണിക്കൂർ ചർച്ചക്ക് മുഖ്യമന്ത്രിയുടെ മൂന്നര മണിക്കൂർ മറുപടി


തിരുവനന്തപുരം- കോവിഡ് കാലത്ത് വിളിച്ചു ചേർത്ത നിയമസഭാ സമ്മേളനം ഒട്ടേറെ അസാധരണ നടപടികളിലൂടെ ചരിത്രം സൃഷ്ടിച്ചു. സമ്മേളനം നടക്കുന്നതിനിടെ എം.എൽ.എയെ സ്പീക്കർ ക്വാറന്റൈനിൽ അയക്കുന്നതിനും സഭ സാക്ഷ്യം വഹിച്ചു. ആറ് മണിക്കൂർ നീണ്ട അവിശ്വാസ പ്രമേയ ചർച്ചക്ക് മുഖ്യമന്ത്രിയുടെ മറുപടി മൂന്ന് മണിക്കൂർ നീണ്ടു. സർക്കാരിനെതിരെ പ്രതിപക്ഷം ഉയർത്തിയ വിഷയങ്ങൾക്കപ്പുറം ദേശീയ രാഷ്ട്രീയമടക്കമുള്ള വിഷയങ്ങളിലേക്ക് കടന്ന മുഖ്യമന്ത്രിയുടെ പ്രസംഗത്തിനെതിരെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇന്നലെ രാവിലെ ആന്റിജൻ പരിശോധനയെന്ന കടമ്പ കടന്നാണ് പാളയത്തെ എം.എൽ.എ ഹോസ്റ്റലിൽനിന്ന് ഭരണ പ്രതിപക്ഷ അംഗങ്ങൾക്ക് സഭാ കവാടം കടക്കാനായത്. സഭാ കവാടത്തിൽ ഒരുക്കിയിരുന്ന കൗണ്ടറിൽ ഫെയ്സ്മാസ്‌കും ഷീൽഡും അവർക്ക് നൽകി. മുഖാവരണവും ഫെയ്സ് ഷീൽഡും ധരിച്ചെത്തിയ നിയമസഭ സമാജികർ താപനില പരിശോധിച്ച് ഉള്ളിലേക്ക് കടന്നു. 
രാവിലെ മുതൽ തന്നെ നിയമസഭയുടെ പ്രവേശന കവാടത്തിൽ ഉദ്യോഗസ്ഥർക്കും മാധ്യമ പ്രവർത്തകർക്കും കോവിഡ് പരിശോധന തുടങ്ങിയിരുന്നു. ആന്റിജൻ നെഗറ്റീവ് ആയവർക്ക് മാത്രമായിരുന്നു ഉള്ളിലേക്ക് പ്രവേശനം. 


സമൂഹ്യ അകലം പാലിച്ചായിരുന്നു സമാജികരൊക്കെ പൊതുവെ പ്രവർത്തിച്ചത്. എല്ലാ ഇടങ്ങളിലും പടികളിലും ബ്രേക്ക് ദി ചെയിൻ, അകലം പാലിക്കുക എന്ന പോസ്റ്ററുകളും ബോർഡുകളും, സാനിറ്റൈസർ കിയോസ്‌കുകൾ, സാമൂഹിക അകലപാലനം ഉറപ്പു വരുത്തിയുള്ള ഇരിപ്പിട ക്രമീകരണം. രോഗ സാധ്യത കണക്കിലെടുത്ത് അംഗത്തെ സമ്മേളനത്തിനിടെ നോട്ടീസ് നൽകി ക്വാറന്റൈനിൽ അയക്കുന്ന നടപടിക്കും നിയമസഭ സാക്ഷ്യം വഹിച്ചു.


എൽദോസ് കുന്നപ്പള്ളി എം.എൽ.എയുടെ പി.എയുടെ കോവിഡ് പരിശോധാനാ ഫലമാണ് പോസിറ്റീവായത്. ഇതേ തുടർന്ന് നിയമസഭയിൽ ചർച്ച നടക്കുന്നതിനിടയിൽ സ്പീക്കർ നോട്ടീസ് നൽകി എൽദോസ് കുന്നപ്പള്ളിയെ ക്വാറന്റൈനിലേക്ക് അയച്ചു. ഇതോടെ പ്രതിപക്ഷ പ്രതിഷേധത്തിന്റെ ഭാഗമായിരുന്ന കുന്നപ്പള്ളിക്ക് സഭ വിട്ടിറങ്ങേണ്ടിയും വന്നു. പ്രവേശന കവാടത്തിൽ പി.പി.ഇ കിറ്റ് ധരിച്ച് നിന്ന ആരോഗ്യ പ്രവർത്തകർ എല്ലാവരെയും ആന്റിജൻ പരിശോധനക്ക് വിധേയമാക്കിയപ്പോൾ ഒരു നിയമസഭാ ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ചവരെ പുറത്ത് സജ്ജമായിരുന്ന ആംബുലൻസിൽ അടുത്തുതന്നെയുള്ള ഐ.എം.ജിയിൽ ഒരുക്കിയ കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി.


ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷമാണ് തമ്മിൽ കണ്ടതെങ്കിലും ഹസ്തദാനത്തിനൊന്നും നിൽക്കാതെ സാമൂഹിക അകലം ഉറപ്പാക്കിയായിരുന്നു സാമാജികരുടെ സൗഹൃദം പുതുക്കൽ. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കമുള്ള അംഗങ്ങളെല്ലാം മുഖാവരണം ധരിച്ച് സഭയ്ക്കകത്ത് ഇരുന്നു. ഒരു ഇരിപ്പിടത്തിൽ  ഒന്നിച്ചിരുന്ന് ശീലിച്ച സാമാജികരെല്ലാം പക്ഷേ ഇന്നലെ ഒരു കൈ അകലമിട്ട് ഒറ്റയ്ക്കിരിക്കേണ്ടി വന്നു. ഇരിപ്പിടത്തിനു മുന്നിൽ കൂടുതൽ ഇരിപ്പിടങ്ങളിട്ടായിരുന്നു സവിശേഷ സാഹചര്യത്തിലെ ക്രമീകരണം. എല്ലാ ഇരിപ്പിടങ്ങളിലും സാനിറ്റൈസർ മുഖാവരണമുണ്ടായിരുന്നെങ്കിലും പ്രസംഗിക്കാനെഴുന്നേറ്റപ്പോഴെല്ലാം സാമാജികർ ഇത് മാറ്റി. അവിശ്വാസ പ്രമേയത്തിന് അവതരണാനുമതി നൽകിയുള്ള പ്രസംഗ നേരത്തും മുഖ്യമന്ത്രി മുഖാവരണമുറപ്പാക്കി. 


പക്ഷേ വിമാനത്താവള വിവാദത്തിൽ സർക്കാരിനെ അടിക്കാൻ പ്രതിപക്ഷ നേതാവിറങ്ങിയപ്പോൾ മുഖാവരണം മാറ്റിയാണ് പിണറായി വിജയൻ പ്രതിരോധിക്കാൻ രംഗത്തെത്തിയത്. അവിശ്വസ പ്രമേയ നോട്ടീസിൽ പിന്തുണക്കുന്നവർ ആരൊക്കെയെന്ന് സ്പീക്കർ ചോദിച്ചപ്പോൾ പ്രതിപക്ഷ അംഗങ്ങൾക്കൊപ്പം സഭയിലെ ഏക ബി.ജെ.പി അംഗം ഒ. രാജഗോപാലും പിന്തുണച്ച് എണീറ്റു.
സഭ ആരംഭിച്ച ഉടൻ തന്നെ ആദ്യ കാര്യ പരിപാടിയായി അന്തരിച്ച അംഗങ്ങൾക്കുള്ള അനുശോചനമായിരുന്നു. അനുശോചനം കഴിഞ്ഞയുടൻ സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എഴുന്നേറ്റു. ഓഗസ്റ്റ് 13 നാണ് നിയമസഭ ചേരണമെന്ന് ക്യാബിനറ്റ് തീരുമാനമെടുത്തത്. 
ഇതുസംബന്ധിച്ച വിജ്ഞാപനം 14 നാണ് പുറത്തുവന്നത്. പത്ത് ദിവസം മുമ്പ് മാത്രമാണ് നിയമസഭ ചേരുന്ന കാര്യം അംഗങ്ങളെ അറിയിച്ചത്. തൊട്ടുപിന്നാലെയാണ് സ്പീക്കറെ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് എം. ഉമ്മർ എം.എൽ.എ നോട്ടീസ് നൽകിയത്. അത് ചർച്ച ചെയ്യാൻ നിയമസഭ തയാറാകണം. നിയമസഭ സ്പീക്കർക്കെതിരെ അതീവ ഗുരുതര ആക്ഷേപമാണ് ഉയർന്നുവന്നിരിക്കുന്നത്. സ്വർണക്കടത്ത് പ്രതികളുമായി സ്പീക്കറിന്റെ വ്യക്തിപരമായ ബന്ധവും സംശയകരമായ അടുപ്പവും നിയമസഭയുടെ അന്തസിനും മാന്യതയ്ക്കും നിരക്കാത്തതാണ്. സഭ അധ്യക്ഷനെതിരായ നോട്ടീസ് ഉള്ളതിനാൽ കസേരയിൽ നിന്നൊഴിഞ്ഞ് മാറി ഇരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 


തനിക്കെതിരെ വിയോജിപ്പ് രേഖപ്പെടുത്തി കൊണ്ടുള്ള ചർച്ച നടക്കുന്നതിൽ സന്തോഷമേ ഉള്ളൂ. രാജ്യസഭാ തെരഞ്ഞെടുപ്പ് വന്ന സാഹചര്യത്തിലാണ് ഇന്ന് നിയമസഭ ചേരാൻ തീരുമാനിച്ചത്. നിങ്ങൾക്ക് വിമർശിക്കാനുള്ള അവകാശത്തെ സംരക്ഷിക്കുന്നതിനൊപ്പം ഭരണഘടനപരമായ ബാധ്യത സംരക്ഷിക്കേണ്ടതുണ്ടെന്നും സ്പീക്കർ പ്രതിപക്ഷത്തോട് പറഞ്ഞു. എന്നാൽ സ്പീക്കറുടെ അഭിപ്രായത്തോട് പ്രതിപക്ഷം യോജിപ്പ് പ്രകടിപ്പിച്ചില്ല. തുടർന്ന് പാർലമെന്ററികാര്യ മന്ത്രി എ.കെ. ബാലൻ വിഷയത്തിൽ രംഗത്ത് വന്നു. പ്രതിപക്ഷ നേതാവിനോട് ആലോചിച്ചാണ് മുഖ്യമന്ത്രി നിയമസഭ ചേരാനുള്ള തീരുമാനമെടുത്തതെന്ന് മന്ത്രി പറഞ്ഞു. 


മുഖ്യമന്ത്രി തന്നോട് സംസാരിച്ച കാര്യം പ്രതിപക്ഷ നേതാവ് അംഗീകരിച്ചു. എന്നാൽ സ്പീക്കർക്കെതിരായ പ്രമേയം ചർച്ച ചെയ്യണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച കുറിപ്പ് താൻ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കൊടുത്ത് അയച്ചിരുന്നു. അന്ന് ചേർന്ന ക്യാബിനറ്റിൽ മന്ത്രി ബാലൻ പങ്കെടുത്തിരുന്നില്ല. അദ്ദേഹം പാലക്കാടായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
ഭരണഘടന ചട്ടം മാറ്റാൻ തനിക്ക് അധികാരമില്ലെന്ന് സ്പീക്കർ പറഞ്ഞു. സ്പീക്കർക്കെതിരായ പരാമർശം സഭാ രേഖയിൽ ഉൾപ്പെടുത്തരുതെന്ന് എ.കെ. ബാലൻ അഭിപ്രായപ്പെട്ടു. താൻ നിസ്സഹായൻ ആണെന്നായിരുന്നു സ്പീക്കറുടെ പ്രതികരണം. ഭരണഘടന പ്രധാനമാണ്. വിമർശനം ഉന്നയിക്കാൻ തടസ്സമില്ലെന്നും സ്പീക്കർ പറഞ്ഞു. തുടർന്ന് സർക്കാർ കാര്യങ്ങളിലേക്ക് സഭ നീങ്ങി. വിവിധ റിപ്പോർട്ടുകളും, കടലാസുകളും മുഖ്യമന്ത്രിയും വിവിധ മന്ത്രിമാരും മേശപ്പുറത്ത് വച്ചു. 2020-21 സാമ്പത്തിക വർഷത്തെ ധനകാര്യ ബിൽ ധന മന്ത്രി തോമസ് ഐസക് സഭയിൽ അവതരിപ്പിച്ച് പാസാക്കി. പിന്നീട് മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നൽകിയതിനെതിരേ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചു. വിഷയത്തിൽ അദാനിക്ക് ബന്ധമുള്ള സ്ഥാപനത്തിൽനിന്ന് സർക്കാർ നിയമ സഹായം തേടിയെന്ന വിവരം പുറത്തുവന്നതോടെ പ്രമേയത്തെ പിന്തുണക്കുന്ന കാര്യം ആലോചിക്കുമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞ പ്രതിപക്ഷം ഇന്നലെ സഭയിൽ അതിൽ ഭേദഗതി വരുത്തി. സംസ്ഥാനത്തിന്റെ താൽപര്യം കണക്കിലെടുത്തും, പ്രമേയത്തിന്റെ അന്തഃസത്ത ഉൾക്കൊണ്ടും അതിനെ പിന്തുണക്കുന്നതായി പ്രതിപക്ഷ നേതാവ് പറഞ്ഞു.


15 വർഷത്തിനു ശേഷം സഭ സാക്ഷ്യം വഹിച്ച ആദ്യ അവിശ്വാസ പ്രമേയ ചർച്ചക്ക് തുടക്കമായി. ഭരണ പ്രതിപക്ഷ നിരയിൽ നിന്നും 22 എം.എൽ.എമാർക്കും, പ്രതിപക്ഷ നേതാവിനുമാണ് ചർച്ചയ്ക്ക് അവസരമുണ്ടായത്. ചർച്ചയ്ക്ക് മുഖ്യമന്ത്രി മറുപടി സുദീർഘമായതോടെ സഭ രാത്രി 9.30 വരെ നീണ്ടു. മുഖ്യമന്ത്രിയുടെ മറുപടിയിൽ തങ്ങളുടെ ചോദ്യങ്ങൾക്കൊന്നും മറുപടിയില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം മുദ്രാവാക്യം വിളികളോടെ സഭയയുടെ നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. ഇതിനിടയിൽ മുഖ്യമന്ത്രി പറയാനുള്ളതൊക്കെ പറഞ്ഞവസാനിപ്പിച്ചു. 
കോൺഗ്രസിലെ വി.ഡി. സതീശൻ നോട്ടീസ് നൽകിയ അവിശ്വാസ പ്രമേയ നോട്ടീസിൻമേൽ പഴയ രീതിയിൽ സമാജികരെ എഴുന്നേൽപ്പിച്ച് പേരുവിളിച്ചാണ് വോട്ടിനിട്ടതെന്നതും കോവിഡ് കാല സഭാ സമ്മേളനത്തിൽ കൗതുകമായി. ഇലക്‌ട്രോണിക് സംവിധാനം പ്രത്യേക സാഹചര്യത്തിൽ പ്രവർത്തിപ്പിക്കാതിരുന്നതുമൂലമാണ് സഭാപ്രവർത്തനം പഴമയിലേക്ക് മടങ്ങിയത്. 40 തിനെതിരെ 87 വോട്ടുകൾക്ക് അവിശ്വാസ പ്രമേയം തള്ളുകയും ചെയ്തു.


സഭയിലെ ഏറ്റവും മുകളിലത്തെ നിലയിൽ രാജ്യ സഭ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് രാവിലെ മുതൽ നടന്നു കൊണ്ടിരുന്നു. ഓരോ അംഗങ്ങളും ഇടയ്ക്ക് മുകളിൽ പോയി വോട്ട് ചെയ്തിട്ടു വന്നു. ഫലം വന്നപ്പോൾ 41 നെതിരെ 88 വോട്ടുകൾക്ക് എൽ.ഡി.എഫിലെ എം.വി. ശ്രേയാംസ് കുമാർ, യു.ഡി.എഫിലെ ലാൽ വർഗീസ് കൽപകവാടിയെ തോൽപിച്ചു. 
ആരോഗ്യ സ്ഥിതി മോശമായതിനാൽ ഭരണപക്ഷത്തു നിന്ന് വി.എസ്. അച്യുതാനന്ദനും, സി.കെ നാണുവും പ്രതിപക്ഷ നിരയിൽ നിന്ന് സി.എഫ്. തോമസും ജോർജ് എം. തോമസും രാഷ്ട്രിയ കാരണങ്ങളാൽ ജോസ് പക്ഷത്തെ റോഷി അഗസ്റ്റിനും, ജയരാജും സമ്മേളനത്തിനെത്തിയില്ല. മറ്റ് എം.എൽ.എമാരെല്ലാം സമ്മേളനത്തിൽ സന്നിഹിതരായിരുന്നു. 

 

Latest News