Sorry, you need to enable JavaScript to visit this website.

സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറി; പുതിയ ആരോപണവുമായി ചെന്നിത്തല

തിരുവനന്തപുരം- സംസ്ഥാനത്തെ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറിയെന്ന പുതിയ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ദേശീയ-സംസ്ഥാന പാതയോരങ്ങളോട് ചേര്‍ന്ന് കിടക്കുന്ന പ്രധാനപ്പെട്ട 14  സ്ഥലങ്ങളില്‍ വഴിയോര വിശ്രമകേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്തിന്റെ പൊതുസ്വത്ത് സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ നിര്‍ദേശം തള്ളിയാണ് മുഖ്യമന്ത്രി സ്വകാര്യ വ്യക്തികള്‍ക്ക് സ്ഥലം നല്‍കാനുള്ള തീരുമാനം സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരേക്കറില്‍ അധികം സ്ഥലം വീതം പതിനാല് സ്ഥലങ്ങളില്‍ വിശ്രമകേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ടെന്‍ഡര്‍ വിളിക്കാനാണ് ഒരു ഉത്തരവിലൂടെ അനുമതി നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ മാര്‍ക്കറ്റ് വിലയുടെ അഞ്ച് ശതമാനം പാട്ട തുകയായി നല്‍കാമെന്ന് പറഞ്ഞപ്പോള്‍ അത് നിരാകരിച്ച് ഫെയര്‍ വാല്യൂവിന്റെ അഞ്ച് ശതമാനം ഈടാക്കി സ്വകാര്യ വ്യക്തികള്‍ക്ക് പാട്ടത്തിന് സ്ഥലം നല്‍കാന്‍ തീരുമാനിച്ചത്.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനമായാണ് പൊതുമരാമത്ത് വകുപ്പ് ഈ ക്രമവിരുദ്ധമായ ഉത്തരവ് ഇറക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  ഇതുവഴി പൊതുമേഖല സ്ഥാപനം ക്വോട്ട് ചെയ്ത തുകയുടെ പകുതി നിരക്കിലാണ് സ്വകാര്യ വ്യക്തികള്‍ക്ക് സ്ഥലം പാട്ടത്തിന് നല്‍കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ധനകാര്യവകുപ്പ് ഇടപെട്ട് അത് വീണ്ടും മാര്‍ക്കറ്റ് വിലയുടെ അഞ്ച് ശതമാനമാക്കുകയാണ് ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍ വക ഭൂമിയുടെ ഉടമസ്ഥാവകാശം, ഭൂമി പാട്ടത്തിനു കൊടുക്കല്‍, പതിച്ചു നല്‍കല്‍, ഭൂസംരക്ഷണം, ഭൂമി ഏറ്റെടുക്കല്‍ എന്നിവ റവന്യൂ വകുപ്പില്‍ നിക്ഷിപ്തമാമെന്നിരിക്കെ ഇതിനെ മറികടന്നാണ് പൊതുമരാമത്ത് വകുപ്പ് നടപടി.
പൊതുമരാമത്ത് വകുപ്പിന്റെ ഇത് സംബന്ധിച്ച ഫയല്‍ റവന്യൂവകുപ്പിന്റെ അഭിപ്രായത്തിന് അയച്ചപ്പോള്‍ ഇത്തരത്തില്‍ ഉത്തരവ് പുറപ്പെടുവിക്കേണ്ടത് റവന്യൂ വകുപ്പാണെന്ന് സംശയാതീതമായി റവന്യൂ മന്ത്രി തന്നെ കുറിപ്പ് രേഖപ്പെടുത്തിയിരുന്നുവെന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

 

Latest News