ഹൈദരാബാദ്- മാനസികാരോഗ്യ പ്രശ്നങ്ങളുള്ള തടവുകാര്‍ ഏറ്റവും കൂടുതല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജയിലുകളിലെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സസ് (നിംഹാന്‍സ്) നടത്തിയ സര്‍വെ.
കര്‍ണാടകയിലേയും കേരളത്തിലേയും ജയിലുകളിലാണ് ഏറ്റവും കൂടുതല്‍ മാനസികാരോഗ്യ പ്രശ്നങ്ങളുള്ള തടവുകാരുള്ളത്. കര്‍ണാടക ജയിലുകളിലെ 383 തടവുകാരും കേരളത്തിലെ ജയിലുകളില്‍ കഴിയുന്ന 305 തടവുകാര്‍ക്കും മാനസിക പ്രശ്നങ്ങളുണ്ട്.
ആന്ധ്രപ്രദേശില്‍ 144, തെലങ്കാനയില്‍ 133 എന്നിങ്ങനെയാണ് കണക്കുകള്‍.
ജയിലുകളിലെ മനുഷ്യാവകാശ ലംഘനങ്ങളും ജയില്‍ ജീവനക്കാരുടെ അവഗണനയുമാണ് പ്രധാനമായും തടവുകാരുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതെന്നും പഠനം കണ്ടെത്തിയിരിക്കുന്നു. കൂടാതെ മദ്യപാനം, മയക്കുമരുന്നുപയോഗം, പുകവലി എന്നീ ശീലങ്ങളുള്ള തടവുകാര്‍ക്കും വേഗത്തില്‍ മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നു. ഇവയ്ക്കെല്ലാം ജയിലില്‍ വിലക്കുണ്ട്.
കേരളത്തിലെ ജയിലുകള്‍ തിങ്ങി നിറഞ്ഞതായി ഈയിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എല്ലാ ജയിലുകളും നിറഞ്ഞു കവിഞ്ഞിട്ടുണ്ട്. പുതിയ അഞ്ച് ജയിലുകള്‍ ഉടന്‍ തുറക്കുന്നതോടെ ഇതിനു പരിഹാരമാകുമെന്നാണ് പ്രതീക്ഷ. തടവുകാരുടെ പെരുപ്പവും മനോരോഗികളുടെ വര്‍ധനയും ജയില്‍ അധികൃതര്‍ക്ക് തവലവേദനയാകുകയാണ്.






