തിരുവനന്തപുരം- സ്വർണ്ണക്കടത്ത് അടക്കമുളള കേസുകളിൽ പ്രതി മുഖ്യമന്ത്രിയുടെ ഓഫീസ് അല്ലെന്നും മുഖ്യമന്ത്രി തന്നെയാണെന്നും മുസ്്‌ലിം ലീഗ് നേതാവ് കെ.എം ഷാജി എം.എൽ.എ. ഈ കേസിലെ ഒന്നാം പ്രതി മുഖ്യമന്ത്രി തന്നെയാണ്. മുഖ്യമന്ത്രിയില്ലാതെ ഓഫീസുണ്ടാകില്ല. മുഖ്യമന്ത്രിയുടെ രക്ത ബന്ധങ്ങളെ കൂടി ശിവശങ്കർ നിയന്ത്രിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസ് സ്വർണക്കളളക്കടത്തുകാരന്റെ മാത്രം കേന്ദ്രമല്ലെന്നും ഷാജി ആരോപിച്ചു.
കള്ളക്കടത്തിന് മന്ത്രി ജലീൽ വിശുദ്ധ ഖുർആനെ മറയാക്കി. ഖുർആൻ തിരിച്ചു കൊടുക്കാൻ ഒരുക്കമാണെന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്. എന്നാലും സ്വർണം കൊടുക്കില്ല എന്നാണ് പറയുന്നത്. യുദ്ധവും ദുരന്തവും കൊതിക്കുന്ന ഭരണാധികാരികൾ രാജ്യത്തുണ്ടാകും. അവർ സ്വേച്ഛാധിപതികളാണെന്നാണ് ചരിത്രം പറയുന്നത്. മദ്യപിച്ച് മദോന്മത്തനായ ഒരാൾ കാർ ഓടിച്ച് കൊന്ന പത്രപ്രവർത്തകനായ കെ.എം ബഷീറിനെ നിങ്ങൾക്ക് ഓർമ്മയുണ്ടോ? ഈ കോവിഡിന്റെ മറവിൽ ആ ഉദ്യോഗസ്ഥനെ നിങ്ങൾ തിരികെ ജോലിയിൽ കയറ്റുമ്പോൾ ബഷീറിന്റെ കുടുംബത്തിന്റെ കണ്ണീരിൽ നിങ്ങൾക്കെതിരെയുളള അവിശ്വാസത്തിന്റെ പിന്തുണയുണ്ട്. വാളയാറിലെ പെൺകുട്ടികളുടെ രക്തത്തിലും അലന്റേയും താഹയുടേയും അമ്മമാരുടേ കണ്ണുനീരിലുമെല്ലാം സർക്കാരിനെതിരായ അവിശ്വാസമുണ്ട്. മന്ത്രി ബാലൻ പറയുന്നത് എന്തിനാണ് അവിശ്വാസം കൊണ്ടുവരുന്നത് എന്നാണ്. ഞങ്ങൾ ജനങ്ങൾക്കിടയിൽ ജീവിക്കുകയും അവരുടെ വികാരം അറിയുകയും ചെയ്യുന്നത് കൊണ്ടാണ് ഞങ്ങൾ അവിശ്വാസം കൊണ്ടുവരുന്നത്. ആ ജനങ്ങളുടെ നിശബ്ദമായ കരച്ചിൽ മന്ത്രി മന്ദിരങ്ങളിൽ ഉളളവർക്ക് കേൾക്കാൻ കഴിയണമെന്നില്ല
ചോദ്യം പോലും മറന്നുപോയി ഒരു റേഡിയോയുടെ മുന്നിൽ നിൽക്കുന്നത് പോലെ മാസങ്ങളോളം മാധ്യമപ്രവർത്തകർ മുഖ്യമന്ത്രിയുടെ മുന്നിൽ നിന്നിട്ടുണ്ട്. സഹികെട്ടപ്പോൾ അവർ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. അന്നാണ് നിങ്ങൾ ഇളകിയത്. ചോദ്യങ്ങൾ ചോദിക്കുമ്പോൾ അസഹിഷ്ണുവാകുന്ന പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമാണ് ഈ നാടിന്റെ ശാപം. സ്വന്തം പ്രവർത്തകരെ, സൈബർ ഗുണ്ടകളെ മര്യാദ പഠിപ്പിച്ച് കൊടുക്കാൻ ക്ലാസുകളിൽ പറയണം. കൊടിയിലെ അരിവാളും ചുറ്റികയും മനുഷ്യന്റെ കഴുത്ത് അറക്കാനും തലയ്ക്ക് അടിക്കാനും ഉളളതല്ലെന്ന് അവരോട് പറഞ്ഞുകൊടുക്കണം. കൃഷിയും വ്യവസായവും ചെയ്യുന്ന തൊഴിലാളികളുടെ ചിഹ്നമാണ് അതെന്ന് അവരോട് പറഞ്ഞ് കൊടുക്കണം.
കോവിഡിന് മുൻപ് തന്നെ ക്വാറന്റീൻ കണ്ടുപിടിച്ച മഹാനായ മുഖ്യമന്ത്രിയാണ് പിണറായി. നിങ്ങൾ ആദ്യം വിഎസ് അച്യുതാനന്ദനെ ക്വാറന്റീനിലാക്കി, പിന്നീട് പാർട്ടി സെക്രട്ടറിയെ, പിന്നെ ഓരോ മന്ത്രിമാരെയായി ക്വാറന്റീനിലാക്കി. ആർക്കും ഒരു പണിയും ഇല്ല. പഴയ നാടകങ്ങൾ പുനരാവിഷ്‌കരിക്കുന്ന തിരക്കിലാണ് മന്ത്രി എ.കെ ബാലൻ, പിന്നെ മറ്റൊരു മന്ത്രി എ.സി മൊയ്തീൻ കരിപ്പൂരിൽ വിമാന അപകടം ഉണ്ടാകുന്നതിന്റെ തലേദിവസം തന്നെ അവിടെ എത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു. വേറൊരു മന്ത്രി ആത്മീയ കളളക്കടത്തിനെക്കുറിച്ചാണ് സംസാരിക്കുന്നത്.
കളളക്കടത്ത് വഴി ഖുർആൻ പഠിപ്പിക്കാമെന്ന് തീരുമാനിക്കുന്ന ആദ്യത്തെ സർക്കാരാണ് നിങ്ങളുടേത്. ഇന്ന് ആ മന്ത്രി പറഞ്ഞിരിക്കുന്ന രസകരമായ കാര്യം, ഖുർആൻ തിരിച്ചുകൊടുക്കാൻ ഒരുക്കമാണ്. എന്നാലും സ്വർണം തിരിച്ച് കൊടുക്കില്ലെന്നാണ് നിങ്ങൾ ഇതിലൂടെ പറയുന്നത്. കളളക്കടത്ത് വഴി ഖുർആൻ പഠിപ്പിക്കാമെന്ന് തീരുമാനിക്കുന്ന ആദ്യത്തെ സർക്കാരാണ് നിങ്ങളുടേത്. ഇന്ന് ആ മന്ത്രി പറഞ്ഞിരിക്കുന്ന രസകരമായ കാര്യം, ഖുർആൻ തിരിച്ചുകൊടുക്കാൻ ഒരുക്കമാണ്. എന്നാലും സ്വർണം തിരിച്ച് കൊടുക്കില്ലെന്നാണ് പറയുന്നത്. വിശുദ്ധ ഖുർആൻ കൊണ്ടുപോയിട്ട് കൊടുക്കുന്നത് എടപ്പാളിലാണ്. എടപ്പാളിൽ നിന്ന് കുറച്ച് നടന്നുപോയാൽ നിങ്ങൾക്ക് അവിടെ സിഎച്ച് പ്രസ് കാണാം. ലോകത്തേക്ക് മുഴുവൻ വിശുദ്ധ ഖുർആൻ കയറ്റി അയക്കുന്നത് അവിടെ നിന്നും പ്രിന്റ് ചെയ്തിട്ടാണ്. കേരളത്തിന്റെ തെരുവുകളിലെ പതിനായിരക്കണക്കിന് കുട്ടികൾക്ക് ഖുർആൻ ഒരു വരി തെറ്റാതെ ചൊല്ലാൻ കഴിയും. അത് പഠിപ്പിച്ച മതസംഘടനകൾ ഇവിടെയുണ്ട്.
വേറെ രണ്ട് മന്ത്രിമാർ ശൈലജ ടീച്ചറും ചന്ദ്രശേഖരനുമാണ്. എല്ലാ ദിവസവും വൈകുന്നേരം രണ്ടുപേരും മുഖ്യമന്ത്രിയുടെ ഇടത്തും വലത്തും ഇരിയ്ക്കും. എന്നിട്ട് പ്രാണായാമം പരിശീലിക്കുകയാണ്. ശ്വാസം വിടൽ മാത്രം. അവർ ശ്വാസം വലിച്ച് പരിശീലിക്കുകയാണ്. പാർട്ടി ഓഫിസുകളിൽ ഇപ്പോൾ ചോരപുരാണമാണ് പഠിപ്പിക്കുന്നത്. എങ്ങിനെ കക്കാം എന്നാണ് പഠിപ്പിക്കുന്നത്. ശിവശങ്കറിനെ നയിച്ചത് മുഖ്യമന്ത്രിയുടെ രക്തബന്ധുവാണ്. കളവുമുതൽ ബന്ധുക്കൾ അങ്ങാടിയിൽ വിൽക്കാൻ വരുമ്പോഴാണ് എല്ലാ കള്ളൻമാരും പിടിക്കപ്പെടുന്നത്. സ്വർണക്കടത്തിൽ അടക്കം മുഖ്യമന്ത്രിയാണ് പ്രതി, ഒന്നാമത്തെ പ്രതി. മുഖ്യമന്ത്രിയുടെ രക്ത ബന്ധങ്ങളെ കൂടി ശിവശങ്കർ നിയന്ത്രിച്ചില്ലേ? മുഖ്യമന്ത്രിയുടെ ഓഫിസ് സ്വർണക്കളളക്കടത്തുകാരന്റെ മാത്രം കേന്ദ്രമല്ല, ഞാനിത് ഇവിടെ പ്രസംഗിച്ച് വീട്ടിൽ എത്തുന്നതിന് മുമ്പ് വീട്ടിലേക്ക് വിജിലൻസ് വണ്ടിവരാം, അല്ലേൽ മാഷാ അളളാ സ്റ്റിക്കർ ഒട്ടിച്ച് കാർ വരാം, നിങ്ങൾ കേസ് ഉണ്ടാക്കും. എതിരാളികളെ അങ്ങനെ തകർക്കുന്ന രീതിയാണ് നിങ്ങളുടേത്.
ഏത് അന്വേഷണം നേരിടാമെന്ന് സർക്കാർ ഇടയ്ക്കിടെ പറയുന്നുണ്ട്. 'ഇപ്പ ശരിയാക്കിത്തരാം' എന്ന് സിനിമയിൽ പറയുന്നതുപോലെയാണത്. ഇതിങ്ങനെ കൂടെക്കൂടെ പറയണമെന്നില്ല. നാട്ടിൻ പുറങ്ങളിൽ പറയാറുണ്ട് ശർക്കര കുടത്തിൽ കയ്യിട്ടുവാരുക എന്ന്. അതും വാരിയില്ലേ? ഈ സർക്കാർ റേഷൻ ഷോപ്പിലെ ശർക്കരയിൽ വരെ അഴിമതി നടത്തി. ജൂനിയർ മാൻഡ്രേക്ക് അല്ല, സീനിയർ മാൻഡ്രേക്ക് ആണ് പിണറായി വിജയനെന്നും ഷാജി ആരോപിച്ചു.