Sorry, you need to enable JavaScript to visit this website.

സൈനിക പരിഹാരം മുന്നിലുണ്ട്; ചൈനക്ക് മുന്നറിയിപ്പുമായി ബിപിന്‍ റാവത്ത്

ന്യൂദല്‍ഹി- ചൈനയ്ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്.  ഇന്ത്യ തുടരുന്ന ചര്‍ച്ചകള്‍  ദൗര്‍ബല്യമായി കരുതേണ്ടെന്ന് അദ്ദേഹം പറഞ്ഞു. സൈനിക നടപടി എന്ന അവസാന നീക്കം മേശപ്പുറത്തുണ്ടെന്നും ജനറല്‍ റാവത് കൂട്ടിച്ചേർത്തു.

അതിര്‍ത്തി മേഖലയിലെ ഭൂമിശാസ്ത്ര പ്രത്യേകതയാണ് പലപ്പോഴും സംഘര്‍ഷത്തിന് കാരണം. കൃത്യമായ അതിര്‍ത്തി നിശ്ചയിക്കാന്‍ സാധിക്കാത്ത നിരവധി പ്രദേശങ്ങളുണ്ട്. അതിനാല്‍ ചര്‍ച്ചകളിലൂടെ പിന്മാറ്റം തീരുമാനിക്കലാണ് അഭികാമ്യം. നിരീക്ഷണം നടത്തി ഇരുരാജ്യ ങ്ങളും പരസ്പരം അതിര്‍ത്തിയിലെ ദൂരം കണക്കാക്കേണ്ടതുണ്ട്. ഇന്ത്യന്‍ ഭരണകൂടം സമാധാന പരമായി പ്രശ്‌നം പരിഹരിക്കാന്‍ എല്ലാ പരിശ്രമങ്ങളും നടത്തുകയാണ്. എന്നാല്‍ തല്‍സ്ഥിതി പുന: സ്ഥാപിക്കാന്‍ പ്രതിരോധ സേനകള്‍ പ്രതിജ്ഞാ ബദ്ധമാണെന്നും സൈനിക നീക്കത്തിന് ഒരുക്കമാണെന്നും ജനറല്‍ റാവത് പറഞ്ഞു.

പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗിന്റെ നേതൃത്വത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥിതിഗതികള്‍ കൃത്യമായി അവലോകനം ചെയ്തു കഴിഞ്ഞുവെന്നും ജനറല്‍ റാവത്ത് വ്യക്തമാക്കി.

ഇന്ത്യ-ചൈന അതിർത്തിയിലെ യഥാർത്ഥ നിയന്ത്രണരേഖയിൽനിന്ന് ഇരു രാഷ്ട്രങ്ങളും തുല്യദൂരം പിന്മാറാമെന്ന ചൈനയുടെ നിർദേശം ഇന്ത്യ തള്ളിയിട്ടുണ്ട്.
ഫിംഗർ 4 ഏരിയയിൽ നിന്നും എത്ര ദൂരം ഇന്ത്യൻ സൈന്യം പിൻവാങ്ങുന്നുവോ അത്ര ദൂരം പീപ്പിൾസ് ലിബറേഷൻ ആർമി പിൻവാങ്ങാമെന്നായിരുന്നു ചൈനയുടെ നിർദേശം.

എന്നാൽ, സംഘർഷത്തിന് മുൻപുണ്ടായിരുന്ന അവസ്ഥ പുനഃസ്ഥാപിക്കണമെന്ന ലക്ഷ്യത്തിൽ തന്നെ ഉറച്ചു നിന്ന് ഇന്ത്യ ഈ നിർദേശം തള്ളുകയായിരുന്നു.
ഏപ്രിൽ മാസത്തിൽ, സൈനിക അഭ്യാസങ്ങൾ നടത്തുകയാണെന്ന വ്യാജേന നിയന്ത്രണരേഖയ്ക്ക് സമീപമെത്തിയ ചൈന, അതിർത്തി ലംഘിച്ചു മുന്നോട്ട് കയറി തമ്പടിക്കുകയായിരുന്നു.

Latest News