അധ്യക്ഷ പദവി ഏറ്റെടുക്കില്ലെന്ന് രാഹുലും പ്രിയങ്കയും; സുപ്രധാന കോണ്‍ഗ്രസ് യോഗം ഇന്ന്

ന്യൂദല്‍ഹി- കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജിവെച്ച രാഹുല്‍ ഗാന്ധി വീണ്ടും പദവി ഏറ്റെടുക്കില്ലെന്ന നിലപാടില്‍ ഉറച്ചു തന്നെ. രാഹുല്‍ ഇപ്പോഴും വിമുഖനാണെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തന്നെ തുടരുമെന്ന നിലപാടിലാണ് പ്രിയങ്ക ഗാന്ധിയെന്നും പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു. ഇന്നു നടക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പാര്‍ട്ടി അധ്യക്ഷ പദവി സംബന്ധിച്ച് കാര്യമായ ചര്‍ച്ചകള്‍ നടക്കും. താല്‍ക്കാലിക അധ്യക്ഷ പദവി സോണിയാ ഗാന്ധി രാജിവെക്കും. ആരോഗ്യ കാരണങ്ങളാല്‍ ഇനിയും തുടരാനാവില്ലെന്നാണ അവരുടെ നിലപാട്. ഗാന്ധി കുടുംബത്തിനു പുറത്തു നിന്നൊരാള്‍ പദവി ഏറ്റെടുക്കുന്നതിനെ സോണിയയും അനൂകൂലിക്കുന്നുണ്ട്. പാര്‍ട്ടി നേതൃത്വത്തില്‍ ഉടച്ചുവാര്‍ക്കല്‍ വേണമെന്നാവശ്യപ്പെട്ട് 23 ഉന്നത നേതാക്കള്‍ സോണിയയ്ക്ക് എഴുതിയ കത്തും ചര്‍ച്ചയാകും. രാജി സന്നദ്ധ അറിയിച്ച സോണിയയുടെ തീരുമാനത്തെ പിന്തുണച്ച് മുതിര്‍ന്ന നേതാക്കളായ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങും ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭഗെലും രംഗത്തെത്തി.

രാഹുലിനെ തിരിച്ചു കൊണ്ടുവരണമെന്ന ആവശ്യവുമായി ഒരു വിഭാഗം നേതാക്കളും രംഗത്തുണ്ട്. സോണിയാ ഗാന്ധി പദവി ഒഴിയാന്‍ തന്നെ തീരുമാനിച്ചതെങ്കില്‍ രാഹുല്‍ മുന്നോട്ടു വന്ന കോണ്‍ഗ്രസ് അധ്യക്ഷനാകുകയും ഭരണഘടനയേയും ജനാധിപത്യത്തേയും സംരക്ഷിക്കുക എന്ന വലിയ വെല്ലുവിളിയെ അഭിമുഖീകരിക്കുകയും വേണം- രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു.

എന്നാല്‍ താന്‍ ഇപ്പോല്‍ ചെയ്തു കൊണ്ടിരിക്കുന്ന ജോലി തുടരാനാണ് രാഹുലിന്റെ തീരുമാനമെന്നറിയുന്നു. മോഡി സര്‍ക്കാരിനെതിരെ വിവിധ വിഷയങ്ങള്‍ ജനശ്രദ്ധയിലെത്തിക്കുകയും ചര്‍ച്ചയാക്കുകയുമാണ് രാഹുല്‍ ചെയ്തു വരുന്നത്. തുടര്‍ച്ചയായ രണ്ട് ലോക്‌സഭാ പരജായങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം പദവി ഒഴിയുമ്പോള്‍ ഗാന്ധി കുടുംബത്തിനു പുറത്തുള്ള ഒരു നേതാവിനെ കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് കണ്ടെത്തണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.
 

Latest News