Sorry, you need to enable JavaScript to visit this website.

അന്തസ്സ് കളഞ്ഞ സ്പീക്കർ മാറിയിരിക്കണം; ആഞ്ഞടിച്ച് ചെന്നിത്തല

തിരുവനന്തപുരം- സ്വർണക്കടത്തു കേസിലെ പ്രതികളുമായി സ്പീക്കർക്കുള്ള വ്യക്തിപരമായ ബന്ധം സഭയ്ക്ക് അപകീർത്തികരമാണെന്നും നിയമസഭയുടെ അന്തസ്സിനും  മാന്യതയ്ക്കും നിരക്കാത്തതാണ് ആ ബന്ധമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പീക്കർക്കെതിരായ പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്നാണ് ചെന്നിത്തല സ്പീക്കർ ശ്രീരാമകൃഷ്ണനെതിരെ ആഞ്ഞടിച്ചത്.

സാങ്കേതികത്വത്തിൽ കടിച്ചുതൂങ്ങാതെ സ്പീക്കർക്കെതിരായ പ്രമേയം ചർച്ച ചെയ്യാനുള്ള അവസരം ഒരുക്കുക എന്നത് സഭയുടെ അവകാശമാണെന്ന് ചെന്നിത്തല പറഞ്ഞു.

ഒരു ദിവസത്തെ കാര്യപരിപാടിക്കായി ചേർന്ന നിയമസഭാ സമ്മേളനത്തിൽ സർക്കാരിനെതിരായ അഴിമതി ആരോപണങ്ങൾ നിരത്തിയ ബാനറുമായാണ് പ്രതിപക്ഷം എത്തിയത്. സ്വർണക്കടത്ത്, ലൈഫ് മിഷൻ കോഴ, അദാനി ഒത്തുകളി, പ്രളയഫണ്ട് തട്ടിപ്പ്, പിൻവാതിൽ നിയമനം. അഴിമതിയിൽ മുങ്ങിയ സർക്കാർ രാജിവെക്കുക എന്നാവശ്യപ്പെടുന്ന ബാനറാണ് പ്രതിപക്ഷം ഉയർത്തിയത്.

വി.ഡി. സതീശൻ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് അവതരണാനുമതി നൽകിയിട്ടുണ്ട്. 10 മണിക്ക് അവിശ്വാസ പ്രമേയം ചർച്ചയ്ക്കെടുക്കും.

അതേസമയം സ്പീക്കർക്കെതിരായ പ്രമേയവും പരിഗണിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഗുരുതരമായ ആക്ഷേപമാണ് സ്പീക്കർക്കെതിരെ ഉയർന്നുവന്നിരിക്കുന്നത്. പ്രമേയം ചർച്ചക്കെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നത് വരെ സ്പീക്കർ കസേരയിൽ നിന്ന മാറി സഭയിൽ ഇരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സ്പീക്കർക്കെതിരായ പ്രമേയം ചർച്ച ചെയ്യുന്നതിന് അവസരമൊരുക്കുന്നതിനായി സഭാ സമ്മേളനം ക്രമപ്പെടുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

എന്നാൽ പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കർ അംഗീകരിച്ചില്ല. സപീക്കർക്കെതിരായ അവിശ്വാസം സഭയിൽ ചർച്ച ചെയ്യണമെങ്കിൽ 14 ദിവസത്തിനുമുമ്പുതന്നെ നോട്ടീസ് നൽകണമെന്ന വ്യവസ്ഥ സ്പീക്കർ ചൂണ്ടിക്കാട്ടി.

ഓഗസ്റ്റ് 12 നാണ് മന്ത്രിസഭ ചേർന്ന് 24 ന് നിയമസഭ ചേരാൻ തീരുമാനിച്ചത്. ഇത് പ്രതിപക്ഷത്തിന്റെ അറിവോടുകൂടിയാണ്. ഇത് ഭരണഘടനാപരമായ വ്യവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

Latest News