സോണിയ ഇല്ലെങ്കില്‍ ആര്? ആന്റണി മുതല്‍ തരൂര്‍ വരെ അന്തരീക്ഷത്തിലെ പേരുകള്‍

ന്യൂദല്‍ഹി- പ്രവര്‍ത്തക സമിതി അംഗങ്ങളും പാര്‍ട്ടി മുഖ്യമന്ത്രിമാരും പങ്കെടുക്കുന്ന തിങ്കളാഴ്ചത്തെ കോണ്‍ഗ്രസ് ഉന്നതാധികാര സമിതി യോഗം പാര്‍ട്ടിയുടെ ഭാവിയെ സംബന്ധിച്ച് നിര്‍ണായകം. ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് പുതിയൊരു പ്രസിഡന്റിനെ കണ്ടെത്താന്‍ കഴിയാതെ ഉഴലുന്ന കോണ്‍ഗ്രസ് നേതൃത്വം, എല്ലാം അവരെത്തന്നെ ഭരമേല്‍പിച്ച് പ്രമേയം പാസ്സാക്കുമോ അതോ ധീരമായ തീരുമാനങ്ങളിലേക്ക് കടക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
ഇനിയും നിശബ്ദത പാലിക്കാനാവില്ലെന്ന സന്ദേശമാണ് 23 നേതാക്കളുടെ കത്ത് നല്‍കുന്നത്. പാര്‍ട്ടി അനുനിമിഷം തകര്‍ന്നുകൊണ്ടിരിക്കുന്നത് അവര്‍ കാണുന്നുണ്ട്. അതേസമയം, അധികാര കേന്ദ്രം സോണിയാഗാന്ധിയില്‍നിന്ന് വിട്ടുപോകാതിരിക്കാന്‍ ജാഗ്രതയോടെ ഒരു വിഭാഗം രംഗത്തുണ്ട്. കത്ത് തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പ്രതികരിച്ചത്. പഞ്ചാബ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ ഗാന്ധി കുടുംബത്തില്‍നിന്ന് തന്നെ പ്രസിഡന്റ് വേണമെന്ന് വീണ്ടും അഭ്യര്‍ഥിച്ചിട്ടുണ്ട്.
ഗാന്ധി കുടുംബത്തില്‍നിന്ന് പുറത്തുനിന്ന് ഒരാള്‍ വരുമെങ്കില്‍ അതാര് എന്ന ചോദ്യത്തിനാണ് ആര്‍ക്കും ഉത്തരമില്ലാത്തത്. എ.കെ. ആന്റണി മുതല്‍ ശശി തരൂര്‍ വരെ പല പേരുകളും അന്തരീക്ഷത്തിലുണ്ടെങ്കിലും ഒന്നിനും സ്ഥിരീകരണമില്ല.

 

Latest News