ന്യൂദൽഹി- ബിഹാറിൽ എൻ.ഡി.എയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി നിതീഷ് കുമാർ തന്നെയായിരിക്കുമെന്ന് ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി നദ്ദ. ജനതാദൾ യുനൈറ്റഡ്, ലോക്ജനശക്തി പാർട്ടി, ബി.ജെ.പി എന്നീ കക്ഷികൾ ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്നും നദ്ദ വ്യക്തമാക്കി. ബിഹാറിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ സംബന്ധിച്ച് തർക്കം നടക്കുന്നതിനിടെയാണ് വിശദീകരണവുമായി നദ്ദ രംഗത്തെത്തിയത്. ബിഹാറിൽ പ്രതിപക്ഷത്തിന് കാഴ്ചപ്പാടോ മികച്ച നേതൃത്വമോ ഇല്ലെന്നും നദ്ദ ആരോപിച്ചു. സംസ്ഥാനത്തെ ജനങ്ങൾ ബി.ജെ.പിയെയാണ് പ്രതീക്ഷയോടെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. കോവിഡിനെയും പ്രളയത്തെയും മികച്ച രീതിയിലാണ് ബിഹാർ സർക്കാർ നേരിട്ടതെന്നും നദ്ദ വ്യക്തമാക്കി.