സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് മുഖ്യമന്ത്രിയാകുമോ?, മറുപടിയുമായി ബി.ജെ.പി

ഗുവാഹത്തി- സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസും രാജ്യസഭാ എം.പിയുമായ രഞ്ജൻ ഗൊഗോയി അസമിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ബി.ജെ.പി അസം പ്രസിഡന്റ് രഞ്ജീത് കുമാർ. പ്രായമാകുന്തോറും ആളുകൾ യാതൊരു കഴമ്പുമില്ലാത്ത മണ്ടത്തരങ്ങൾ വിളിച്ചുപറയുമെന്നും തരുൺ ഗൊഗോയിയുടെ പ്രസ്താവന അത്തരത്തിലുള്ളതാണെന്നും രഞ്ജീത് കുമാർ പറഞ്ഞു. നിരവധി മുൻ മുഖ്യമന്ത്രിമാരെ താൻ കണ്ടിട്ടുണ്ടെന്നും എന്നാൽ തരുൺ ഗൊഗോയിയെപ്പോലെ അടിസ്ഥാനരഹിതമായ കാര്യങ്ങൾ പറയുന്നവരെ കണ്ടിട്ടില്ല. സത്യത്തിന്റെ ഒരംശം പോലുമില്ലാത്ത പ്രസ്താവനയാണ് തരുൺ ഗൊഗോയിയുടേതെന്നും രഞ്ജീൻ കുമാർ പറഞ്ഞു.
മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന് കോൺഗ്രസ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ തരുൺ ഗോഗോയിയാണ് ഇക്കാര്യം പറഞ്ഞത്. 
മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ളവരുടെ പട്ടികയിൽ രഞ്ജൻ ഗോഗോയിയുടെ പേരുള്ളതായി തനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് വെളിപ്പെടുത്തൽ. അദ്ദേഹം തന്നെയാവും മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന് താൻ കരുതുന്നുവെന്നും തരുൺ ഗോഗോയി പറഞ്ഞു. മുൻ ചീഫ് ജസ്റ്റിസിന് രാജ്യസഭയിലേക്ക് പോകാമെങ്കിൽ തീർച്ചയായും മുഖ്യമന്ത്രി പദത്തിലേക്കും അദ്ദേഹം സമ്മതിക്കുമെന്നും തരുൺ ഗോഗോയി ചൂണ്ടിക്കാട്ടി.
 

Latest News