ന്യൂദൽഹി- കോൺഗ്രസിൽ സമഗ്ര മാറ്റവും മുഴുവന്‍ സമയ അധ്യക്ഷനും വേണമെന്ന് ആവശ്യപ്പെട്ട് പാർട്ടിയിലെ മുതിർന്ന നേതാക്കള്‍ ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്ത് നല്‍കി.
അഞ്ച് മുൻ മുഖ്യമന്ത്രിമാർ, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ, എംപിമാർ, മുൻ കേന്ദ്രമന്ത്രിമാർ തുടങ്ങി 23 നേതാക്കളാണ് സോണിയ ഗാന്ധിക്ക് കത്തയച്ചതെന്ന് ഇന്ത്യന്‍ എക്സപ്രസ് റിപ്പോർട്ടില്‍ പറയുന്നു.
കോൺഗ്രസ് പാർട്ടിയുടെ അടിത്തറ നഷ്ടപ്പെടുന്നതും യുവനേതാക്കളുടെ ആത്മവിശ്വാസം നഷ്ടപ്പെടുന്നതും ഗൗരവമായി മനസിലാക്കണമെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു. പാർട്ടിക്ക് മുഴുവൻസമയ കാര്യക്ഷമമായ നേതൃത്വമുണ്ടാകണമെന്നും രണ്ടാഴ്ച മുമ്പ് അയച്ച കത്തില്‍ ആവശ്യപ്പെടുന്നു.
രാജ്യസഭാ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് ഗുലാം നബി ആസാദ്, മുൻ കേന്ദ്രമന്ത്രിയും എംപിയുമായ ആനന്ദ് ശർമ, കപിൽ സിബൽ, ശശി തരൂർ, മനീഷ് തിവാരി, വിവേക് തൻക, പ്രവർത്തക സമിതി അംഗം മുകുൾ വാസ്നിക്, ജിതിൻ പ്രസാദ, മുൻ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരുമായിരുന്ന ഭൂപേന്ദ്രസിങ് ഹൂഡ, രാജേന്ദർ കൗർ ഭട്ടൽ, വിരപ്പ മൊയ് ലി, പൃഥ്വിരാജ് ചവാൻ, പി.ജെ. കുര്യൻ, അജയ് സിങ്, രേണുക ചൗധരി, മിലിന്ദ് ദേവ്റ, മുൻ പിസിസി അധ്യക്ഷൻമാരായ രാജ് ബബ്ബർ, അരവിന്ദർ സിങ് ലവ്ലി, കൗൾ സിങ് താക്കൂർ, ബീഹാർ തിരഞ്ഞെടുപ്പ് പ്രചാരണ ചുമതലയുള്ള അഖിലേഷ് പ്രസാദ് സിങ്, മുൻ ഹരിയാന സ്പീക്കർ കുൽദീപ് ശർമ, മുൻ ദൽഹി സ്പീക്കർ യോഗനാഥ് ശാസ്ത്രി, മുൻ എംപിയായ സന്ദീപ് ദീക്ഷിത് എന്നിവരാണ് കത്തിൽ ഒപ്പുവെച്ച പ്രമുഖർ.
സ്വാതന്ത്ര്യത്തിന് ശേഷമുണ്ടായതിൽ വെച്ച് ഏറ്റവും കടുത്ത സാമൂഹ്യ- സാമ്പത്തിക- രാഷ്ട്രീയ വെല്ലുവിളികളെ രാജ്യം അഭിമുഖീകരിക്കുമ്പോൾ കോൺഗ്രസിന്റെ പുനരുജ്ജീവനം ജനാധിപത്യത്തിന്റെ മുന്നോട്ടുള്ള പോക്കിന് അനിവാര്യമാണെന്ന് കത്തില്‍ പറയുന്നു.