തിരുവനന്തപുരം- വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് കേരളത്തില്‍ ക്വാറന്റൈന്‍ 14 ദിവസമാക്കി കുറച്ചു. കോവിഡ് ഭേദമായി ആശുപത്രി വിട്ടവര്‍ക്ക് ഇനി മുതല്‍ ഏഴു ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ വേണ്ടെന്നും സംസ്ഥാനത്തെ പുതുക്കിയ മാര്‍ഗരേഖ വ്യക്തമാക്കി.
വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് 14 ദിവസം റൂം ക്വാറന്റൈനും 14 ദിവസം ഹോം ക്വാറന്റൈനും അടക്കം 28 ദിവസം പുറംസമ്പര്‍ക്കമില്ലാതെ കഴിയേണ്ടിവന്നിരുന്നു. ഇത് പ്രവാസികളെ ഏറെ ബുദ്ധിമുട്ടിക്കുന്നതായി പരാതിയുയര്‍ന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. വിദേശരാജ്യങ്ങളില്‍നിന്ന് വരുന്ന പ്രവാസി മലയാളികളുടെ ക്വാറന്റൈന്‍ കാലയളവ് 14 ദിവസമാക്കി കുറച്ചതായാണ് ഉത്തരവ്. അതേസമയം സംസ്ഥാനത്തിന് പുറത്ത് നിന്ന് വരുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്റൈന്‍ വേണമെന്ന തീരുമാനത്തില്‍ മാറ്റം വരുത്തിയിട്ടില്ല.
കോവിഡ് ഭേദമായവര്‍ക്ക് ക്വാറന്റൈന്‍ വേണ്ടെന്ന് പുതിയ മാര്‍ഗരേഖ പറയുന്നുവെങ്കിലും ഏഴു ദിവസത്തേക്ക് അനാവശ്യ യാത്രകളും സമ്പര്‍ക്കവും ഒഴിവാക്കണമെന്നാണ് പുതിയ നിര്‍ദേശം.
അതേസമയം ഹൈ റിസ്‌ക് പ്രാഥമിക സമ്പര്‍ക്കം ഉള്ളവര്‍ക്ക് 14 ദിവസം റൂം ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. എന്നാല്‍ പുതിയ മാര്‍ഗരേഖയില്‍ ലോ റിസ്‌ക് പ്രാഥമിക സമ്പര്‍ക്കത്തില്‍ പെട്ടവര്‍ക്ക് റൂം ക്വാറന്റൈനില്ല. ലോ റിസ്‌ക് പ്രാഥമിക സമ്പര്‍ക്കത്തില്‍ പെട്ടവര്‍ യാത്രകള്‍ ഒഴിവാക്കണം. കേരളത്തിന് പുറത്തുനിന്നു വരുന്നവര്‍ക്ക് 14 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമാണെന്നും പുതിയ മാര്‍ഗരേഖയില്‍ പറയുന്നു.
പല രാജ്യങ്ങളും ഇതര രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് ക്വാറന്റൈന്‍ ദിനങ്ങള്‍ കുറച്ചുകൊണ്ടു വരികയാണ്. ചില ഗള്‍ഫ് രാജ്യങ്ങള്‍ ക്വാറന്റൈന്‍ തന്നെ വേണ്ടെന്നു വെച്ചിട്ടുണ്ട്. 28 ദിവസത്തെ ക്വാറന്റൈന്‍മൂലം പല പ്രവാസികളും അവധിക്ക് പോകാതെ വിദേശത്തുതന്നെ കഴിയുകയാണ്. ഇക്കാര്യത്തില്‍ മാറ്റം വേണമെന്ന് സര്‍ക്കാരിന് മുന്നില്‍ ശക്തമായ ആവശ്യമുയര്‍ന്നിരുന്നു.