Sorry, you need to enable JavaScript to visit this website.

കനത്ത മഴയിലും ആവേശം ചോരാതെ പച്ചപ്പടയുടെ ആഹ്ലാദം

മലപ്പുറം- വേങ്ങര ഉപതെരഞ്ഞെടുപ്പിൽ കെ.എൻ.എ ഖാദറിന്റെ വിജയത്തിലാറാടി യു.ഡി.എഫ് പ്രവർത്തകർ. കനത്ത മഴയിലും ആവേശം ചോരാതെ പ്രവർത്തകർ ആഹ്ലാദത്തിലമരുകയായിരുന്നു. വോട്ടെണ്ണൽ കേന്ദ്രമായ തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് പരിസരത്തായിരുന്നു ആഘോഷത്തിന്റെ തുടക്കം. 
രാവിലെ എട്ടിനു വോട്ടെണ്ണൽ തുടങ്ങും മുമ്പേ പ്രവർത്തകർ സ്ഥലത്തെത്തിയിരുന്നു. മറുഭാഗത്തു എൽ.ഡി.എഫ് പ്രവർത്തകരും. വോട്ടെണ്ണലിന്റെ ആരംഭം മുതൽതന്നെ ഖാദറിന്റെ വോട്ടിംഗ് നില ഉയർന്നു തുടങ്ങിയതോടെ മുസ്‌ലിം ലീഗ് പ്രവർത്തകർ ആവേശം തുടങ്ങി. വലിയ പച്ചക്കൊടികൾക്കു പുറമെ പച്ചനിറത്തിലുള്ള കൂളിംഗ് ഗ്ലാസും വുവുസലേയുമായാണ് പ്രവർത്തകരിൽ ഒട്ടുമിക്കവരും എത്തിയത്. പച്ചനിറത്തിലുള്ള ടീഷർട്ടും ലുങ്കിയുമായിരുന്നു വേഷം. തലയിൽ പച്ച റിബൺ കൊണ്ടു കെട്ടുമായി ബൈക്കുകളിലും മറ്റു വാഹനങ്ങളിലുമായാണ് അവർ പലദിക്കുകളിൽ നിന്നായി എത്തിയത്. യു.ഡി.എഫ് സ്ഥാനാർഥിയുടെ വോട്ടു ഉയർന്നതോടെ പിന്നെ ആഘോഷമായി. ഇതിനിടെ എൽ.ഡി.എഫ് പ്രവർത്തകർ മടങ്ങുന്ന കാഴ്ചയും കണ്ടു. 


ആയിരക്കണക്കിന് ലീഗ് പ്രവർത്തകരാണ് വോട്ടെണ്ണൽ കേന്ദ്രത്തിനു സമീപവും വേങ്ങര ടൗണിലും കൊടികളുമായി തടിച്ചുകൂടിയത്. ഇവരോടൊപ്പം കോൺഗ്രസ് പ്രവർത്തകരും അണിചേർന്നു. ലീഗ് പ്രവർത്തകരിൽ പലരും കുട്ടികളുമായാണ് എത്തിയത്. കുട്ടികളെ പൊക്കിയെടുത്തായിരുന്നു ആഹ്ലാദം. കുരുന്നുകളുടെ കൈളിൽ വുവുസലേ ഉണ്ടായിരുന്നു. ഇതു ഉച്ചത്തിൽ ഊതിയാണ് അവർ ആഹ്ലാദത്തിൽ പങ്കുകൊണ്ടത്. ഇതിനിടെ പച്ച നിറത്തിലുള്ള ലഡുവും പായസവും വിതരണം തുടങ്ങി. ചിലയിടങ്ങളിൽ ചിക്കൻ ബിരിയാണിയാണ് വിളമ്പിയത്. ഉച്ചയ്ക്കു മുമ്പ് വോട്ടെണ്ണൽ കേന്ദ്രത്തിൽ കെ.എൻ.എ ഖാദർ എത്തിയതോടെ ആഹ്ലാദം ഇരട്ടിച്ചു. അദ്ദേഹം കൗണ്ടിംഗ് സ്റ്റേഷൻ സന്ദർശിച്ചു തിരിച്ചുവന്നതും മഴ പെയ്തു. തുടർന്നു തുറന്ന വാഹനത്തിലായിരുന്നു യാത്ര. ഓരോയിടങ്ങളിലും പ്രവർത്തകർ അദ്ദേഹത്തെ ആർപ്പുവിളികളോടെ സ്വീകരിച്ചു. മഴ ശക്തമായതോടെ പലരും റോഡിൽനിന്ന് മാറിയെങ്കിലും മഴ ശമിച്ചതോടെ തിരിച്ചിറങ്ങി ആഹ്ലാദ പ്രകടനത്തിൽ പങ്കുചേർന്നു. 
ഉച്ചയോടെ കെ.എൻ.എ ഖാദർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വസതിയിലെത്തി. അൽപനേരം ഇരുവരും ചർച്ചയായി.  ഇതിനിടെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെയും കെ.എൻ.എ ഖാദർ സന്ദർശിച്ചിരുന്നു. പാർട്ടിയുടെ പ്രമുഖ നേതാക്കളെല്ലാവരും ഇന്നലെ സ്ഥലത്തുണ്ടായിരുന്നു. 
തെരഞ്ഞെടുപ്പിൽ പാർട്ടി വിജയം നേടിയെങ്കിലും ഭൂരിപക്ഷത്തിൽ ഇടിവു സംഭവിച്ചതു ചർച്ചയായിട്ടുണ്ട്. ഇതേക്കുറിച്ചുള്ള അവലോകന യോഗം 18നു കോഴിക്കോട്ടു ചേരുമെന്നു നേതാക്കൾ അറിയിച്ചു.   

Latest News