Sorry, you need to enable JavaScript to visit this website.

കോവിഡിന്റെ പേരില്‍ തബ്‌ലീഗ് ജമാഅത്തുകാരെ ബലിയാടാക്കിയെന്ന് ബോംബെ ഹൈക്കോടതി; കേസുകള്‍ റദ്ദാക്കി 

ഔറംഗാബാദ്- ഈ വര്‍ഷം മാര്‍ച്ചില്‍ ദല്‍ഹിയില്‍ നടന്ന തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത വിദേശ പൗരന്മാരെ കോവിഡിന്റെ പേരില്‍ ബലിയാടാക്കി എന്ന് ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച്. രാജ്യത്ത് കോവിഡ്19 പരത്തിയതിന് ഉത്തരവാദികളെന്നാരോപിച്ച് ബലിയാടാക്കുകയായിരുന്നുവെന്ന് ജസ്റ്റിസുമാരായ ടി വി നലവാഡെ, എം ജി സെവ്‌ലിക്കര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നീരീക്ഷിച്ചു. തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 29 വിദേശികളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളും കോടതി റദ്ദാക്കി. മഹാരാഷ്ട്ര സര്‍ക്കാര്‍ രാഷ്ട്രീയ പ്രേരണയാലാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തതെന്നും മഹാരാഷ്ട്ര പോലീസ് യാന്ത്രികമായാണ് പ്രവര്‍ത്തിച്ചതെന്നും കോടതി പറഞ്ഞു. ദല്‍ഹിയിലെ നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികള്‍ ടൂറിസ്റ്റ് വിസാ ചടങ്ങള്‍ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി വിവിധ വകുപ്പുകള്‍ ചാര്‍ത്തിയാണ് പോലീസ് കേസെടുത്തിരുന്നത്.

ദല്‍ഹി മര്‍കസില്‍ എത്തിയവര്‍ക്കെതിരെ വലിയ കുപ്രചരണം ഉണ്ടായിരുന്നെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. ദുരന്തമോ മഹാമാരിയോ ഉണ്ടാകുമ്പോള്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ നേതൃത്വം ബലിയാടുകളെ കണ്ടെത്താന്‍ ശ്രമിക്കുന്നു. ഈ വിദേശികള്‍ ബലിയാടാക്കാന്‍ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു എന്നാണ് സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നതെന്നും കോടതി പറഞ്ഞു. വിദേശികള്‍ ഇന്ത്യയിലെ മസ്ജിദുകള്‍ സന്ദര്‍ശിക്കുന്നതിന് വിലക്കില്ലെന്നും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നിരോധിച്ചതാണെന്നിന് രേഖകളില്ലെന്നും കോടതി വ്യക്തമാക്കി.

ഈ മത പ്രവര്‍ത്തനത്തിനെതിരായ കുപ്രചരണം അനാവശ്യമായിരുന്നു. ഇവരുടെ പ്രവര്‍ത്തനം 50 വര്‍ഷത്തിലേറെയായി നടന്നു വരുന്നതാണ്. ഇത്രയും കാലം ഇവിടെ ഉണ്ടായിരുന്നു. ഇന്ത്യയിലെ ഏറ്റവും പുതിയ കോവിഡ് കണക്കുകളും സാഹചര്യങ്ങളും വ്യക്തമാക്കുന്നത് ഇവര്‍ക്കെതിരായ നടപടികള്‍ ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നാണ്. വിദേശികള്‍ക്കെതിരെ നടപടി എടുത്തതിന് ബന്ധപ്പെട്ടവര്‍ പശ്ചാതപിക്കുകയും ഇതുണ്ടാക്കിയ കളങ്കം തീര്‍ക്കാന്‍ ഗുണപരമായ നടപടികള്‍ കൈകൊള്ളണമെന്നും കോടതി ആവശ്യപ്പെട്ടു.

അതിഥികളെ സ്വീകരിക്കുന്ന മഹത്തായ പാരമ്പര്യത്തിനും സംസ്‌ക്കാരത്തിനും അനുസരിച്ചാണോ ഇന്ത്യയിലെ ജനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും കോടതി ചോദിച്ചു. കോവിഡ് മഹാമാരി സൃഷ്ടിച്ച  ഈ സാഹചര്യത്തില്‍ നമ്മുടെ അതിഥികളോട് നാം കൂടുതല്‍ സഹിഷ്ണുത കാട്ടണമെന്നും കോടതി പറഞ്ഞു. അവരെ സഹായിക്കേണ്ടതിനു പകരം കൊറോണ വൈറസ് പരത്തിയെന്നും യാത്രാ ചട്ടം ലംഘിച്ചെന്നുമുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് ജയിലില്‍ അടക്കുകയാണ് ചെയ്തത്- കോടതി പറഞ്ഞു.
 

Latest News