കോവിഡ് മരുന്ന് വൈകിയാല്‍ സൗദിയില്‍ ഓണ്‍ലൈന്‍ ക്ലാസ് തുടരും - മന്ത്രി

റിയാദ് - കൊറോണക്ക് പ്രതിരോധ മരുന്ന് കണ്ടെത്താത്ത പക്ഷം വിദ്യാലയങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസ് പഠന രീതി ദീര്‍ഘിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ പറഞ്ഞു. ആരോഗ്യ സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് ഏഴാഴ്ചക്കു ശേഷം സാധാരണ നിലയില്‍ ക്ലാസുകള്‍ പുനരാരംഭിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.

കൊറോണ പ്രതിരോധ മരുന്ന് കണ്ടെത്തുകയും അവയുടെ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്താലുടന്‍ സൗദി അറേബ്യ മരുന്ന് ലഭ്യമാക്കും. പ്രതിരോധ മരുന്ന് ഗവേഷണങ്ങള്‍ നടത്തുന്ന രാജ്യങ്ങളുമായി സൗദി അറേബ്യ ഏകോപനം നടത്തും. തീര്‍ത്തും സുരക്ഷിതമാണെന്ന് പൂര്‍ണ തോതില്‍ ഉറപ്പുവരുത്തിയ ശേഷം മാത്രമേ പ്രതിരോധ മരുന്നുകള്‍ക്ക് അംഗീകാരം നല്‍കുകയുള്ളൂ.

കൊറോണ വ്യാപനത്തിനിടെ ജനങ്ങളുടെ ആരോഗ്യത്തിനാണ് സൗദി അറേബ്യ ഏറ്റവും വലിയ മുന്‍ഗണന നല്‍കിയത്. ഏതു സാഹചര്യങ്ങളും നേരിടാന്‍ രാജ്യത്തെ ആരോഗ്യ സംവിധാനത്തിന് ശേഷിയുണ്ട്. വരും കാലത്ത് എത്ര പേര്‍ക്ക് കൊറോണ ബാധിക്കുമെന്ന് ഇപ്പോള്‍ പറയുക സാധ്യമല്ല. മുഴുവന്‍ പ്രതിരോധ നടപടികളും സ്വീകരിക്കാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണ്. കഴിഞ്ഞ മൂന്നു നാലു മാസത്തിനിടെ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളുടെ ശേഷി ഉയര്‍ത്തി 3,500 ലേറെ കിടക്കകള്‍ കൂടി ഉള്‍പ്പെടുത്തിട്ടുണ്ട്.

എല്ലാവര്‍ക്കും പരിശോധന ലഭ്യമാക്കുന്നതാണ് സൗദിയില്‍ കൊറോണബാധ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നു ലക്ഷം കവിയാന്‍ കാരണം. സൗദി പൗരന്മാര്‍ക്കും വിദേശികള്‍ക്കും വാഹനങ്ങളില്‍ ഇരുന്ന് കൊറോണ പരിശോധനകള്‍ നടത്തുന്നതിനുള്ള 21 ഡ്രൈവ് ത്രൂ സെന്ററുകള്‍ രാജ്യത്തുണ്ട്. നിലവില്‍ ദിവസേന 70,000 കൊറോണ പരിശോധനകള്‍ നടത്തുന്നുണ്ട്. വ്യാപകമായ പരിശോധനകള്‍ കേസുകള്‍ മുന്‍കൂട്ടി കണ്ടെത്താന്‍ സഹായിക്കുന്നു. സൗദിയില്‍ കൊറോണബാധാ നിരക്ക് കൂടുതലാണെങ്കിലും മരണ നിരക്ക് കുറവാണ്. ജി-20 രാജ്യങ്ങള്‍ക്കിടയില്‍ കൊറോണ മരണ നിരക്ക് ഏറ്റവും കുറവ് സൗദിയിലാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

 

Latest News