Sorry, you need to enable JavaScript to visit this website.

കോടിയേരിയുടേത് ഹീന മനസ്- വി.ടി ബൽറാം

പാലക്കാട്- ആലപ്പുഴയിലെ കൊലപാതകം കോൺഗ്രസിന്റെ മേൽ കെട്ടിവെക്കാനുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ശ്രമം ഹീനമായ മനസിന്റെ പ്രതിഫലനമാണെന്ന് കോൺഗ്രസ് നേതാവ് വി.ടി ബൽറാം എം.എൽ.എ. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ബൽറാമിന്റെ പ്രതികരണം വന്നത്. സത്യാനന്തര കാല രാഷ്ട്രീയത്തിന്റെ കേരളത്തിലെ പ്രയോക്താക്കൾ സി.പി.എം ആണെന്നും ബൽറാം ആരോപിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിൽനിന്ന്;

പോസ്റ്റ് ട്രൂത്ത് പൊളിറ്റിക്‌സിന്റെ കേരളത്തിലെ ഏറ്റവും വലിയ പ്രയോക്താക്കളും ഗുണഭോക്താക്കളുമാണ് സിപിഎം. എന്നും ആടിനെ പട്ടിയാക്കുകയും പട്ടിയെ പേപ്പട്ടിയാക്കുകയും ഒക്കെ ചെയ്യുന്നതാണ് സിപിഎമ്മിന്റെ പ്രചരണ രീതി. സാധാരണ പ്രവർത്തകർ മാത്രമൊന്നുമല്ല, ഏറ്റവും മുതിർന്ന നേതാക്കന്മാർ വരെ ഇങ്ങനെ കണ്ണും പൂട്ടി നുണ അടിച്ചു വിടുന്നതിൽ ഒരു മടിയും കാട്ടാറില്ല. അപ്പോഴത്തെ രാഷ്ട്രീയ നറേറ്റീവ് തങ്ങൾക്കനുകൂലമാക്കുക എന്നതിനപ്പുറം മറ്റൊന്നും അവർ നോക്കാറില്ല. സത്യം ചെരിപ്പിട്ട് വരുമ്പോഴേക്കും നുണ കാതങ്ങളോളം സഞ്ചരിച്ചിട്ടുണ്ടാവുമെന്നാണല്ലോ പോസ്റ്റ് ട്രൂത്ത് അനുഭവപാഠം.

ടിപി ചന്ദ്രശേഖരന്റെ കൊലപാതക അന്വേഷണത്തെ വഴിതിരിച്ചുവിടാൻ ഉപയോഗിച്ച മാഷാ അള്ളാ സ്റ്റിക്കർ മുതൽ കൈരളിയിൽ അതേക്കുറിച്ച് അവതരിപ്പിക്കപ്പെട്ട ബ്രേയ്ക്കിംഗ് ന്യൂസുകൾ വരെ ഏറെ കുപ്രസിദ്ധമാണല്ലോ. കഴിഞ്ഞ വർഷം കൊല്ലത്ത് കപ്പ കച്ചവടത്തിനിടയിൽ തർക്കത്തേത്തുടർന്ന് മരണപ്പെട്ട വൃദ്ധന്റേത് പോലും രാഷ്ട്രീയ കൊലപാതകമാക്കി കോൺഗ്രസിന്റെ തലയിൽ വച്ചുകെട്ടാൻ സിപിഎമ്മിന്റെ പ്രധാന നേതാക്കന്മാർ തന്നെ പരിശ്രമിച്ചിരുന്നു. അതിന്റെയെല്ലാം സത്യാവസ്ഥ പിന്നീട് കേരളത്തിന് മനസ്സിലായി.

ഈ രീതിയിലുള്ള ഒടുവിലത്തെ ആസൂത്രിത നുണപ്രചരണമാണ് കായംകുളത്ത് സിയാദ് എന്ന സിപിഎം പ്രവർത്തകൻ കൊലചെയ്യപ്പെട്ടപ്പോൾ അത് എത്രയോ കാലമായി കോൺഗ്രസ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്ന് ഒരു മടിയും കൂടാതെ ആരോപിച്ചു കൊണ്ടുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നീണ്ട ഫേസ്ബുക്ക് പോസ്റ്റ്.

ലഭ്യമായ വിവരം വച്ച് സിയാദും പ്രധാന പ്രതിയായ മുജീബും തമ്മിൽ നേരത്തെ സാമാന്യം നല്ല സുഹൃദ് ബന്ധമുണ്ടായിരുന്നു. പിന്നീടുണ്ടായ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലെത്തിയത് എന്ന് അന്വേഷണ ഉദ്യോഗസ്ഥർ തന്നെ അംഗീകരിക്കുന്നു. മദ്യ, മയക്കുമരുന്ന് മാഫിയക്കും ക്വട്ടേഷൻ സംഘങ്ങൾക്കും സംഭവത്തിൽ ബന്ധമുണ്ടെന്ന് നാട്ടിൽ സംസാരമുണ്ട്. എന്നാൽ ഇതൊക്കെ മറച്ചുവച്ചാണ് മുൻ ആഭ്യന്തര മന്ത്രി കൂടിയായ കോടിയേരി ബാലകൃഷ്ണൻ കോൺഗ്രസ് പാർട്ടിക്കെതിരെ ഗുരുതരമായ നിരവധി ആരോപണങ്ങൾ തെളിവിന്റെ തരിമ്പ് പോലുമില്ലാതെ എഴുന്നെള്ളിക്കുന്നത്! അതേത്തുടർന്ന് സിപിഎമ്മിന്റെ സൈബർ പട്ടാളം അരങ്ങു തകർക്കുകയായിരുന്നു. ഏതായാലും പോലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ട് തൊട്ട് മന്ത്രി ജി സുധാകരൻ മുതൽ കായംകുളത്തെ പ്രാദേശിക പാർട്ടി പ്രവർത്തകരുടെ വാക്കുകൾ വരെ ഇന്ന് കോടിയേരിയുടെ നുണപ്രചരണത്തിന്റെ മുനയൊടിച്ചിരിക്കുകയാണ്.

എത്ര ഹീനമായ മനസ്സാണ് കോടിയേരി ബാലകൃഷ്ണന്റേത് എന്ന് സമീപകാലത്ത് മാത്രം ഇതെത്രാമത്തെ തവണയാണ് കേരളീയ സമൂഹത്തിന് ചോദിക്കേണ്ടി വരുന്നത്! സ്വന്തം പാർട്ടിക്കാരനായ ഒരു ചെറുപ്പക്കാരൻ ദാരുണമായി കൊലചെയ്യപ്പെടുമ്പോൾ അതിൽ പാർട്ടി നേതാവ് ശക്തമായി പ്രതിഷേധിക്കേണ്ടത് തന്നെയാണ്. വ്യക്തമായ തെളിവ് പ്രഥമദൃഷ്ട്യാ ഉണ്ടെങ്കിൽ ഉത്തരവാദികളെ നേരിട്ട് കുറ്റപ്പെടുത്തുന്നതും അങ്ങനെ പ്രത്യക്ഷത്തിലുള്ള തെളിവില്ലെങ്കിൽ സംശയിക്കപ്പെടുന്നവരെക്കുറിച്ച് സൂചന നൽകി വിമർശിക്കുന്നതും സ്വാഭാവികമാണ്. എന്നാൽ സംഭവം നടന്ന് ആദ്യ പ്രതികരണത്തിൽത്തന്നെ ഇത് ആരുടെയെങ്കിലും തലയിൽ വച്ച് കെട്ടാനുള്ള വ്യഗ്രതയെന്തിനാണ്?

സിപിഎമ്മിനെതിരെ ഒരാരോപണമുയർന്നപ്പോൾ അതിൽ നിന്ന് പാർട്ടിയെ രക്ഷിക്കാൻ വേണ്ടിയുള്ള ഒരു പ്രതിരോധ നീക്കമായിരുന്നില്ല ഇത് എന്ന് പ്രത്യേകം ശ്രദ്ധിക്കണം. അങ്ങനെയാണെങ്കിൽ അതൊരു പാർട്ടി നേതാവിന്റെ ഉത്തരവാദിത്തമാണെന്ന് വാദത്തിനെങ്കിലും അംഗീകരിക്കാമായിരുന്നു. പക്ഷേ ഇവിടെ ഒരു ചാൻസ് ഉണ്ടാക്കി രാഷ്ട്രീയ എതിരാളികളെ ഒരു കാര്യവുമില്ലാതെ ഏകപക്ഷീയമായി അങ്ങോട്ടുചെന്ന് ആക്രമിക്കുകയാണ്. ഇത് യഥാർത്ഥത്തിൽ മരണപ്പെട്ട ആ പ്രവർത്തകനോട് തന്നെയുള്ള ഒരു അനാദരവല്ലേ? കൊല്ലപ്പെട്ട ആ ഹതഭാഗ്യനും കുടുംബത്തിനും നീതി വാങ്ങി നൽകുക എന്നതല്ല, അതിൽ നിന്ന് എങ്ങനെയെങ്കിലും രാഷ്ട്രീയ ലാഭമുണ്ടാക്കുക എന്നതാണ് സിപിഎമ്മിന്റെ എക്കാലത്തേയും പ്രഥമ പരിഗണന എന്ന് സംസ്ഥാന സെക്രട്ടറി തന്നെ തെളിയിക്കുന്നത് എത്ര വലിയ ദുരന്തമാണ്?

അബദ്ധത്തിൽ സംഭവിക്കുന്ന നാക്ക് പിഴയല്ല, പ്രൊപ്പഗണ്ടയുടെ ഭാഗമായി മറ്റുള്ളവരെ കുറ്റപ്പെടുത്താനും സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കാനും വേണ്ടി മനപ്പൂർവ്വം പറയുന്ന ഇത്തരം നുണകളാണ് സിപിഎം പോസ്റ്റ് ട്രൂത്ത് രാഷ്ട്രീയത്തെ ഉപയോഗപ്പെടുത്തുന്നുവെന്ന ആക്ഷേപത്തെ ശരിവക്കുന്നത്. എന്നിട്ടും പ്രധാനപ്പെട്ട ഒരു സ്ഥാനത്തിരുന്നു കൊണ്ട് ഇത്ര വലിയ ഒരു നുണ പറഞ്ഞതിന്റെ പേരിൽ എന്തെങ്കിലും ഓഡിറ്റിംഗ് കോടിയേരി ബാലകൃഷ്ണന് സാംസ്‌ക്കാരിക കേരളത്തിൽ നിന്ന് നേരിടേണ്ടി വരുന്നുണ്ടോ? അതാണ് കേരളത്തിൽ സിപിഎമ്മുകാരനുള്ള പ്രിവിലിജ്. ഇതേയാളുകളാണ് മാധ്യമങ്ങൾ അവരുടെ ജനാധിപത്യ ഉത്തരവാദിത്തമായ ഭരണകൂട വിമർശനം നടത്തുന്നതിനിടയിൽ എന്തെങ്കിലും നേരിയ പാളിച്ച വന്നാൽപ്പോലും അതിന്റെ പേരിൽ കാടടച്ച് ബഹളം വക്കുന്നത്. സാംസ്‌ക്കാരിക പട്ടാളത്തെ ഇറക്കി റൂട്ട് മാർച്ച് നടത്തി മറ്റുള്ളവരെ മുഴുവൻ നിശ്ശബ്ദരാക്കാൻ നോക്കുന്നത്.

അതുകൊണ്ട്, കോടിയേരി ബാലകൃഷ്ണൻ എന്ന സിപിഎം നേതാവ് ഒരിക്കലെങ്കിലും തെറ്റ് തിരുത്താൻ തയ്യാറാവണം. സ്വന്തം പാർട്ടിയുടെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മനപ്പൂർവ്വം പറഞ്ഞ ആ പച്ചക്കള്ളം അദ്ദേഹം പിൻവലിക്കണം.
 

Latest News