Sorry, you need to enable JavaScript to visit this website.

മദീനാ സിയാറത്ത്: പ്രചരിക്കുന്നത് പഴയ വാർത്തയെന്ന് സ്ഥിരീകരണം

മദീന - മസ്ജിദുന്നബവി ഇരുപത്തിനാലു മണിക്കൂറും തുറന്നിടുമെന്നും പഴയ ഹറമിൽ നമസ്‌കാരം അനുവദിക്കുമെന്നും ദിവസം മുഴുവൻ സിയാറത്ത് അനുവദിക്കുമെന്നുമുള്ള നിലക്ക് പ്രചരിക്കുന്ന റിപ്പോർട്ടുകൾ പഴയ വാർത്തയാണെന്ന് മസ്ജിദുന്നബവികാര്യ വകുപ്പ് വക്താവ് ജംആൻ അൽഅസീരി പറഞ്ഞു. പതിനാലു വർഷം മുമ്പ് ഹിജ്‌റ 1428 ൽ പുറത്തുവന്ന വാർത്തയാണ് പുതിയതാണെന്ന വ്യാജേന ഇപ്പോൾ പ്രചരിക്കുന്നത്. വിശ്വാസികളുടെ ആരോഗ്യ സുരക്ഷ കാത്തുസൂക്ഷിക്കാൻ മുൻകരുതൽ, പ്രതിരോധ നടപടികൾ സ്വീകരിക്കുന്നത് മസ്ജിദുന്നബവികാര്യ വകുപ്പ് തുടരും. 


നിലവിൽ ഇശാ നമസ്‌കാരം പൂർത്തിയായി ഒരു മണിക്കൂറിനു ശേഷം മസ്ജിദുന്നബവി അടക്കുന്നുണ്ട്. പ്രഭാത നമസ്‌കാരത്തിന് ഒരു മണിക്കൂർ മുമ്പാണ് പള്ളി വീണ്ടും തുറക്കുന്നത്. മസ്ജിദുന്നബവി ജീവനക്കാരിൽ പെട്ട വളരെ കുറച്ചു ആളുകളെയും മയ്യിത്തുകളെ അനുഗമിക്കുന്ന ബന്ധുക്കളെയും മാത്രമാണ് പഴയ ഹറമിൽ നമസ്‌കാരങ്ങളിൽ പങ്കെടുക്കാൻ അനുവദിക്കുന്നത്. 
പ്രവാചകൻ മുഹമ്മദ് നബിയു (സ) ടെയും അനുചരന്മാരായ അബൂബക്കർ സദ്ദീഖി (റ) ന്റെയും ഉമർ ബിൻ അൽഖത്താബി (റ) ന്റെയും ഖബറിടങ്ങളിലെ സിയാറത്ത് ഇപ്പോഴും നിർത്തിവെച്ചിരിക്കുകയാണ്. മസ്ജിദുന്നബവി സിയാറത്ത് നടത്തുന്നവരുടെ ആരോഗ്യ സുരക്ഷ കാത്തുസൂക്ഷിക്കുന്നതിന് സുരക്ഷാ, ആരോഗ്യ വകുപ്പുകളുമായി മസ്ജിദുന്നബവികാര്യ വകുപ്പ് സഹകരിക്കുന്നു. യഥാർഥ വിവരങ്ങൾക്ക് ഔദ്യോഗിക ഉറവിടങ്ങളെ സമീപിക്കണമെന്നും കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും ജംആൻ അൽഅസീരി ആവശ്യപ്പെട്ടു. 
 

Latest News