Sorry, you need to enable JavaScript to visit this website.

സ്വയം വിലയിരുത്തൽ പൂർത്തിയാക്കാത്ത കമ്പനികൾക്കുള്ള സേവനങ്ങൾ നിർത്തുന്നു

റിയാദ് - തൊഴിൽ നിയമപാലനത്തിലുള്ള സ്വന്തം പ്രകടനങ്ങളുടെ സ്വയം വിലയിരുത്തൽ പൂർത്തിയാക്കാത്ത വൻകിട, ഇടത്തരം കമ്പനികൾക്ക് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിൽനിന്നുള്ള ഓൺലൈൻ സേവനങ്ങൾ അടുത്ത മാസം ഒന്നു മുതൽ നിർത്തിവെക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഓരോ വർഷവും ജനുവരി മാസം അവസാനിക്കുന്നതിനു മുമ്പായി വൻകിട, ഇടത്തരം കമ്പനികളും സ്ഥാപനങ്ങളും സ്വയം വിലയിരുത്തൽ നടത്തൽ മന്ത്രാലയം നിർബന്ധമാക്കിയിട്ടുണ്ട്.


കൊറോണ വ്യാപന സാഹചര്യം കണക്കിലെടുത്ത് ഈ വർഷം സ്വയം വിലയിരുത്തൽ പൂർത്തിയാക്കാൻ കമ്പനികൾക്കും സ്ഥാപനങ്ങൾക്കുമുള്ള സമയം മന്ത്രാലയം ദീർഘിപ്പിച്ചു നൽകുകയായിരുന്നു. സ്വയം വിലയിരുത്തൽ പൂർത്തിയാക്കാത്ത വൻകിട, ഇടത്തരം കമ്പനികൾക്കും സ്ഥാപനങ്ങൾക്കും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിൽ നിന്നുള്ള ഓൺലൈൻ സേവനങ്ങൾ സെപ്റ്റംബർ ഒന്നു മുതൽ നിർത്തിവെക്കും. വൻകിട, ഇടത്തരം കമ്പനികളിലും സ്ഥാപനങ്ങളിലും ശരിയാം വിധം തൊഴിൽ നിയമം നടപ്പാക്കലും നിയമ പാലനവും ഉറപ്പു വരുത്താനും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തുന്നതിനു മുമ്പായി പിഴവുകൾ തിരുത്തുന്നതിന് സ്വയം നടപടികൾ സ്വീകരിക്കാനുമാണ് സ്വയം വിലയിരുത്തൽ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 


സ്വയം വിലയിരുത്തൽ പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്ത് വിലയിരുത്തൽ പൂർത്തിയാക്കണമെന്ന് മുഴുവൻ സ്ഥാപനങ്ങളോടും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെട്ടു. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ നിയമങ്ങളും നിയമാവലികളും തങ്ങൾ എത്രമാത്രം പാലിക്കുന്നുണ്ടെന്ന് അറിയാനും തെറ്റുകൾ സ്വയം തിരുത്താനും സ്വയം വിലയിരുത്തൽ പദ്ധതി സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കും. മന്ത്രാലയ സേവനങ്ങൾ പ്രയോജനപ്പെടുത്താനും ഇത് ആവശ്യമാണ്. 


സ്വയം വിലയിരുത്തൽ പദ്ധതി മാനദണ്ഡങ്ങൾക്ക് സ്ഥാപനങ്ങൾ സത്യസന്ധമായി മറുപടികൾ നൽകണം. പതിനാറു മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സ്വയം വിലയിരുത്തൽ പ്രക്രിയ എളുപ്പമാക്കിയിട്ടുണ്ട്. ഇതിൽ അഞ്ചെണ്ണം സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവയും ആറെണ്ണം ജീവനക്കാരുമായി ബന്ധപ്പെട്ടവയും അഞ്ചെണ്ണം വികലാംഗരെ ജോലിക്കു വെക്കുന്നതുമായി ബന്ധപ്പെട്ടവയുമാണ്. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിൽ അക്കൗണ്ടില്ലാത്ത സ്ഥാപനങ്ങൾ മന്ത്രാലയത്തിന്റെ പോർട്ടലിൽ പ്രവേശിച്ച് അക്കൗണ്ട് തുറക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. 


വൻകിട, ഇടത്തരം കമ്പനികൾക്ക് സ്വയം വിലയിരുത്തൽ പദ്ധതി നിർബന്ധമാക്കാൻ ഹിജ്‌റ 1440 ശവ്വാൽ മാസത്തിലാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി ഉത്തരവിട്ടത്. സ്വയം വിലയിരുത്തൽ പദ്ധതി പോർട്ടലിൽ രജിസ്റ്റർ ചെയ്താണ് സ്ഥാപനങ്ങൾ ഓരോ വർഷാദ്യവും സ്വയം വിലയിരുത്തൽ പൂർത്തിയാക്കേണ്ടത്. നിശ്ചിത സമയത്തിനകം സ്വയം വിലയിരുത്തൽ പൂർത്തിയാക്കാത്ത സ്ഥാപനങ്ങൾക്ക് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിൽ നിന്നുള്ള ഓൺലൈൻ സേവനങ്ങൾ നിർത്തിവെക്കാൻ മന്ത്രി പ്രഖ്യാപിച്ച ഉത്തരവ് അനുശാസിക്കുന്നു. 

Latest News