Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഈരാറ്റുപേട്ടയിലും കോവിഡ് വ്യാപനം 

കോട്ടയം- തുടർച്ചയായ മൂന്നാം ദിനവും നൂറുകടന്നു രോഗികളായ കോട്ടയത്തെ  ഈരാറ്റുപേട്ട  നഗരസഭാ മേഖലയും കോവിഡ് വ്യാപനത്തിലേക്ക്. ജില്ലയിൽ കുട്ടികളിലേക്കും രോഗം പടരുന്നു. കോട്ടയം നഗരസഭ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ് സ്ഥീരികരിച്ചത് ഈരാറ്റുപേട്ട നഗരസഭയിലാണ്.ഇവിടെ മൂന്നു വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഈരാറ്റുപേട്ട നഗരസഭയിൽ ജില്ലാ കലക്ടർ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച വാർഡുകളിൽ നിയന്ത്രണം ഏർപ്പെടുത്തി. നഗരസഭയുടെയും ആരോഗ്യവകുപ്പിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ വാർഡുകളിൽ നിന്നും പുറത്തേയ്ക്കുള്ള വഴികൾ അടച്ചുതുടങ്ങി. സോണുകളിലേക്ക് പുറത്തുനിന്നും ആവശ്യമായ സാധനങ്ങൾ വാങ്ങിനൽകാൻ സംവിധാനം ഏർപ്പെടുത്തിയതായി ചെയർമാൻ നിസാർ കുർബാനി പറഞ്ഞു.


കാരക്കാട്, പത്താഴപ്പടി, കുറ്റിമരംപറമ്പ് വാർഡുകളാണ് കണ്ടെയ്ന്റ്മെന്റ് സോണുകളായത്. രോഗികൾ വർധിക്കുന്ന മുണ്ടക്കയത്ത് വസ്ത്ര വ്യാപാര സ്ഥാപനങ്ങളും ചൊവ്വാഴ്ച വരെ അടയ്ക്കും. കടയടപ്പിൽ വിട്ടുനിന്ന മുണ്ടക്കയത്തെ വസ്ത്ര വ്യാപാര സ്ഥാപനങ്ങളും ചൊവ്വാഴ്ച വരെ അടക്കുവാൻ തീരുമാനിച്ചു. ഇന്നലെ 14 കുട്ടികളാണ് കോവിഡ് പോസിറ്റീവായത്. ഈരാറ്റുപേട്ട മൂന്ന്, വിജയപുരം, കുമരകം, മീനടം,കുമ്മനം- 2. അതിനിടെ രോഗം പടരുന്ന വടവാതൂരിലെ ടയർ ഫാക്ടറിയിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. കൊച്ചി റേഞ്ച് ഡി.ഐ.ജി കാളിരാജ് മഹേഷ്‌കുമാറും ജില്ലാ പോലീസ് മേധാവി ജി. ജയദേവും എം.ആർ.എഫ് സന്ദർശിച്ച് സ്ഥിതി വിലയിരുത്തി. എം.ആർ.എഫ് സ്ഥിതി ചെയ്യുന്ന പഞ്ചായത്തിലെ അഞ്ചാം വാർഡിൽ മാത്രം ഇതുവരെ അൻപത് പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 


ജില്ലയിൽ പുതിയതായി ലഭിച്ച 1968 കോവിഡ് സാമ്പിൾ പരിശോധനാ ഫലങ്ങളിൽ 136 എണ്ണം പോസിറ്റീവായി. 128 പേർക്കും സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചത്. ഇതിൽ നാലു പേർ മറ്റു ജില്ലകളിൽനിന്നുള്ളവരാണ്. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും എത്തിയ നാലു പേർ വീതം കോവിഡ് ബാധിതരായി. സമ്പർക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടത് വിജയപുരം ഗ്രാമപഞ്ചായത്തിലാണ്. ഇവിടെ 19 പേർക്ക് രോഗം ബാധിച്ചു. കോട്ടയം നഗരസഭ -16, ഈരാറ്റുപേട്ട നഗരസഭ-8, അകലക്കുന്നം, തിരുവാർപ്പ്, കിടങ്ങൂർ, പാമ്പാടി പഞ്ചായത്തുകൾ-5 വീതം, ആർപ്പൂക്കര, കൂരോപ്പട, മീനടം, കുമരകം, വാഴപ്പള്ളി പഞ്ചായത്തുകൾ -4   എന്നിവയാണ് രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റു സ്ഥലങ്ങൾ. 92 പേർ രോഗമുക്തരായി. നിലവിൽ 977 പേർ ചികിത്സയിലുണ്ട്. ഇതുവരെ 2705 പേർക്ക് രോഗം ബാധിച്ചു. 1725  പേർ രോഗമുക്തരായി. ആകെ 11004 പേർ ജില്ലയിൽ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.


 

Latest News