ന്യൂദൽഹി- ജഗന്നാഥ ഭഗവാൻ നമ്മോട് ക്ഷമിച്ചതാണ്. ഇനിയും ക്ഷമിക്കും. എട്ടുദിവസം നീളുന്ന പര്യുഷാൻ എന്ന ജൈന മതാഘോഷ ഉത്സവം നടത്തുന്നത് സംബന്ധിച്ച ഹരജിയിൽ തീരുമാനമെടുക്കവേ സുപ്രീം കോടതിയുടെ പരാമർശമാണിത്. ശാരീരിക അകലം പാലിച്ചും ആളുകൾ കൂട്ടംകൂടാതെയും ചടങ്ങുകൾ നടത്താമെങ്കിൽ അത് നടത്താമെന്നും മുമ്പ് പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര സംബന്ധിച്ചും ഇതേ നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചതെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ പറഞ്ഞു. പിന്നീടാണ് ജഗന്നാഥ ഭഗവാൻ നമ്മോട് ക്ഷമിച്ചതാണെന്നും ഇനിയും ക്ഷമിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞത്. മുംബൈയിലെ ശ്രീ പാർശ്വതിലക് ശ്വേതാംബർ മൂർത്തിപൂജക് തപഗച്ഛ് ജയിൻ ട്രസ്റ്റാണ് പര്യൂഷാൻ ഉത്സവത്തിന് ജൈന മത വിശ്വാസികൾക്ക് അവസരം നൽകണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. ബോംബൈ ഹൈക്കോടതി ഈ ആവശ്യം നേരത്തെ നിരസിച്ചിരുന്നു. തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.
കർശനമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രാർത്ഥനകൾ നടത്താവുന്നതാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എന്നാൽ ഈ പ്രത്യേക കേസിൽ മാത്രമാണ് ഈ അനുവാദം നൽകുന്നതെന്നും ഇതുവെച്ച് മറ്റ് ക്ഷേത്രങ്ങൾക്ക് തുറന്ന് പ്രവർത്തിക്കാൻ കഴിയുമെന്ന് അർത്ഥമില്ലെന്നും കോടതി വിശദീകരിച്ചു. ഓരോന്നിനും പ്രത്യേകം അനുമതി വാങ്ങേണ്ടതുണ്ട്. മുബൈ നഗരത്തിലെ ദാദർ, ബൈക്കുള, ചെമ്പൂർ എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിലൊന്നിലൽ ശനി, ഞായർ ദിവസങ്ങളിൽ മാത്രം ആരാധന നടത്താനുള്ള അനുമതിയാണ് കോടതി നൽകിയത്.






