തെലങ്കാനയില്‍ അഗ്നിബാധയുണ്ടായ ജലവൈദ്യുത പ്ലാന്റില്‍ നിന്ന് 6 മൃതദേഹങ്ങള്‍ പുറത്തെടുത്തു

ഹൈദരാബാദ്- തെലങ്കാന ആന്ധ്രാപ്രദേശ് അതിര്‍ത്തിയിലെ ശ്രീശൈലം ജലവൈദ്യുത പ്ലാന്റില്‍ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ അഗ്നിബാധയില്‍ അകപ്പെട്ട ഒമ്പതു പേരില്‍ ആറു പേരുടെ മൃതദേഹങ്ങള്‍ രക്ഷാ പ്രവര്‍ത്തകര്‍ പുറത്തെടുത്തു. കുടുക്കിടക്കുന്ന മൂന്നു പേരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മരിച്ചവരില്‍ രണ്ടു പേര്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍മാരാണെന്ന നഗര്‍കുര്‍ണൂല്‍ കലക്ടര്‍ എല്‍ ശര്‍മ പറഞ്ഞു. ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തില്‍ നിന്നും പുക പുറത്തുവരുന്നത് അവസാനിച്ചിട്ടില്ല. ദേശീയ ദുരന്ത നിവാരണ സേനയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. സിഐഎസ്എഫ് ജവാന്‍മാരും സഹായത്തിനുണ്ട്. തുരങ്കങ്ങളിലെ രക്ഷാ പ്രവര്‍ത്തനത്തില്‍ വൈദഗ്ധ്യമുള്ള സംഘം സിംഗരേനിയില്‍ നിന്നെത്തിയിട്ടുണ്ട്. 

വ്യാഴാഴ്ച രാത്രി 10.30നാണ് തീപ്പിടിത്തമുണ്ടായത്. അപ്പോള്‍ 20 പേരാണ് രാത്രി ഷിഫ്റ്റില്‍ ജോലിയില്‍ ഉണ്ടായിരുന്നത്. ഇവരില്‍ 11 പേര്‍ രക്ഷപ്പെട്ടു പുറത്തെത്തി. ഒരു ഡിവിഷന്‍ എന്‍ജിനീയറും നാലു അസിസ്റ്റന്റ് എന്‍ജിനീയര്‍മാരും അടക്കം ഒമ്പതു പേര്‍ തുരങ്കത്തിനകത്ത് കുടുങ്ങുകയായിരുന്നു.

ശ്രീശൈലം ഡാമിന്റെ ഇടത്തെ തീരത്താണ് അപകടം നടന്ന ജലവൈദ്യുത പ്ലാന്റ് സ്ഥിതിചെയ്യുന്നത്. ഭൂമിക്കടയിലുള്ള ഈ പ്ലാന്റില്‍ വിവിധ തട്ടുകളിലായാണ് ജോലിക്കാര്‍ ഉണ്ടായിരുന്നത്. കണ്‍ട്രോള്‍ റൂമിലുണ്ടായിരുന്നവരാണ് രക്ഷപ്പെട്ടതെന്ന് കരുതപ്പെടുന്നു. താഴെ തട്ടുകളിലുണ്ടായിരുന്നവര്‍ക്ക് കടുത്ത പുക കാരണം രക്ഷപ്പെട്ട് പുറത്തു വരാന്‍ കഴിഞ്ഞില്ല. പ്ലാന്റിലെ എല്ലാ വൈദ്യുതി ബന്ധവും വിച്ഛേദിച്ചതായി തെലങ്കാന ട്രാന്‍സ്‌കോ അറിയിച്ചു. പ്ലാന്റിലുണ്ടായ ഷോര്‍ട് സര്‍ക്യൂട്ട് ആണ് അപകട കാരണമെന്ന് കരുതപ്പെടുന്നു. ഈ പ്ലാന്റില്‍ ആദ്യമായാണ് അപകടമുണ്ടാകുന്നത്.

Latest News