പ്രതീക്ഷയുടേയും അനിശ്ചിതത്വങ്ങളുടേയും ഇടയിലുള്ള ഓട്ടപ്പാച്ചിലുകളാണ് ജീവിതം. കയറ്റവും ഇറക്കവും ഇരുട്ടും വെളിച്ചവുമെന്ന പോലെ വൈവിധ്യങ്ങളുടെ നൈരന്തര്യമാണ് ജീവിതത്തിന്റെ പ്രത്യേകത. ഒരു പക്ഷേ ജീവിതത്തിന്റെ സൗന്ദര്യവും അതു തന്നെയാണ്. ഓരോ ദിനങ്ങളും ഓരോ പുനർജന്മങ്ങളാണ്. ഇന്നലെകളുടെ പ്രയാസങ്ങളും നഷ്ടങ്ങളും മറന്ന് ഇന്നിന്റെ സന്തോഷങ്ങളും നേട്ടങ്ങളും ഓർത്ത് നാളെയുടെ പ്രതീക്ഷകളുമായുള്ള പുനർജന്മം. ജീവിതത്തിൽ സങ്കടങ്ങൾ നൽകിയ കാലത്തെ നാം വേഗം മറക്കാൻ ശ്രമിക്കണം.
എന്നാൽ അത് നൽകിയ ജീവിത പാഠങ്ങൾ നാം ഒരിക്കലും മറക്കരുത്. പഠിച്ചും പരീക്ഷിച്ചും പകർത്തിയും തിരുത്തിയുമാണ് ജീവിത നൗക നാം മുന്നോട്ട് തുഴയേണ്ടത്.
ജീവിതത്തിൽ സന്തോഷം കെടുത്തുന്ന ചിന്തകളും സാഹചര്യങ്ങളും ഒഴിവാക്കുകയും സ്‌നേഹത്തിന്റേയും സൗഹൃദത്തിന്റേയും തണലൊരുക്കുകയും ചെയ്യുമ്പോൾ ജീവിതം ഹൃദ്യമാകുമെന്നാണ് പറയപ്പെടുന്നത്.
ഒന്നിനെക്കുറിച്ചും വിധി കൽപിക്കാതിരിക്കുക, നിങ്ങൾ സന്തോഷവാനാകും. എല്ലാം ക്ഷമിക്കുകയും വിട്ടുവീഴ്ചാ സമീപനം സ്വീകരിക്കുകയും ചെയ്താൽ നിങ്ങൾ കൂടുതൽ സന്തോഷവാനാകും, എല്ലാറ്റിനേയും സ്‌നേഹിക്കുവാൻ ശീലിക്കുക, നിങ്ങളായിരിക്കും ഏറ്റവും കൂടുതൽ സന്തുഷ്ടൻ എന്ന ചൊല്ല് നമുക്ക് പ്രാവർത്തികമാക്കാവുന്നതാണ്.
ആംഗേലയ സാഹിത്യത്തിലെ ശ്രദ്ധേയനായ ജോൺ മിൽട്ടന്റെ വിഖ്യാതമായ നഷ്ടപ്പെട്ട പറുദീസ (ദ പാരഡൈസ് ലോസ്റ്റ്) എന്ന കവിതയിലെ പ്രസിദ്ധമായ വാചകമാണ് ഓരോ കാർമേഘത്തിനും ഒരു വെള്ളിവരയുണ്ട് എന്നത്. ഇരുണ്ട മാനവും ഇരുൾ നിറയുന്ന രാത്രിയും ഇല പൊഴിഞ്ഞ മരങ്ങളും അവസാനമല്ലെന്നും അവ ഒരു പുതിയ ആരംഭത്തിന്റെ പ്രതീക്ഷയുടെ പര്യായമാണെന്നുമാണ് മിൽട്ടൺ തന്റെ ജീവിതാനുഭവങ്ങളിൽ നിന്നും നമ്മോട് പറയുന്നത്.
ജോൺ മിൽട്ടന്റെ ഇംഗഌഷ് ഭാഷയിലുള്ള സംഭാവനകൾ അവിസ്മരണീയങ്ങളാണ്. ലണ്ടനിലെ സമ്പന്ന വ്യവസായിയുടെ മകനായാണ് ജനിച്ചതെങ്കിലും അദ്ദേഹത്തിന്റെ ജീവിതം ദുരിതങ്ങളുടെ ഭൂമികയായിരുന്നു. വിവാഹത്തിലെ പൊരുത്തക്കേടുകളും വിവാഹ മോചനവും സൃഷ്ടിച്ച അസമാധാനം ഒരു ഭാഗത്തും രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളിലെ രൂക്ഷമായ ഇടപെടലുകൾ സൃഷ്ടിച്ച പ്രയാസങ്ങൾ മറുഭാഗത്തും ജീവിതത്തിന്റെ സമനില തെറ്റിച്ചു. 1651 ൽ പൂർണമായും കാഴ്ച ശക്തി നഷ്ടപ്പെട്ട അദ്ദേഹം സഹായിയെ വെച്ചാണ് തന്റെ എഴുത്തുകൾ തുടർന്നത്. ജയിൽ വാസവും നിയമ നടപടികളും സാമ്പത്തികമായി തകർത്തു. ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷം അദ്ദേഹം എഴുതിയ ശ്രദ്ധേയമായ കവിതയാണ് നഷ്ടപ്പെട്ട പറുദീസ അഥവാ ദ പാരഡൈസ് ലോസ്റ്റ്. സാമ്പത്തിക പരാധീനത കാരണം അച്ചടിക്കുന്നതിന് മുമ്പ് ഈ കവിതയുടെ പകർപ്പവകാശം പത്ത് പൗണ്ടിന് വിറ്റു. പിൽക്കാലത്ത് ഇംഗഌഷ് സാഹിത്യത്തിലെ മികച്ച കൃതികളിലൊന്നായി അത് മാറി എന്നത് ചരിത്രം.
രണ്ടാം ലോകമഹായുദ്ധ കാലത്ത് മരണം സുനിശ്ചിതമായി ജർമനിയുടെ നാസി കോൺസെൻട്രേഷൻ ക്യാമ്പിൽ കഴിഞ്ഞ വിക്ടർ ഫ്രാങ്കഌന് പ്രത്യാശയുടെ കിരണങ്ങൾ മനസ്സിലേക്ക് അയച്ചത് കൊഴിഞ്ഞ മരത്തിലെ ഒരു തളിരിലയാണ്. ജയിൽ വാസത്തിനിടെ അദ്ദേഹം എത്തിച്ചേർന്ന അനുഭവങ്ങൾ മാൻസ് സെർച്ച് ഫോർ മീനിംഗ് അഥവാ ജീവിതത്തിന്റെ അർഥം തേടിയുള്ള മനുഷ്യന്റെ അന്വേഷണം എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സൈക്കോ തെറാപ്യൂട്ടിക് രീതിയിലൂടെ ധാരാളമാളുകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാകുമെന്ന മഹത്തായ സന്ദേശമാണ് അദ്ദേഹം നൽകുന്നത്. ജീവിതത്തിന് മഹത്തായ ഒരു ലക്ഷ്യമുണ്ടെന്നും ക്രിയാത്മക ചിന്തകളിലൂടെ ആ ലക്ഷ്യത്തിലേക്ക് കുതിക്കണമെന്നുമാണ് അദ്ദേഹം പറയുന്നത്. അന്തരീക്ഷത്തിൽ ഋതുഭേദങ്ങൾ മാറിമറിയുന്നതു പോലെ ജീവിത സാഹചര്യങ്ങളും മാറാമെന്ന ചിന്തയാണ് അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരിച്ചുനടത്തിയത്.
നമുക്ക് നമ്മുടെ സാഹചര്യങ്ങളിൽ നിയന്ത്രണമില്ലാതെ വരുമ്പോഴും സാഹചര്യങ്ങൾ മാറ്റുവാൻ കഴിയാതെ വരുമ്പോഴും നാം സ്വയം മാറുവാൻ തയാറാവണമെന്നാണ് വിക്ടർ ഫ്രാങ്കഌൻ എന്ന വ്യഖ്യാത ന്യൂറോ സർജൻ ലോകത്തിന് നൽകുന്ന സന്ദേശം.
1942 ൽ ഹിറ്റ്‌ലറുടെ പീഡനങ്ങൾക്ക് കുപ്രസിദ്ധി നേടിയ കോൺസെൻട്രേഷൻ ക്യാമ്പിലകപ്പെട്ട അദ്ദേഹം ദാരുണമായ സംഭവങ്ങൾക്കാണ് സാക്ഷ്യം വഹിക്കേണ്ടി വന്നത്. അമ്മയേയും അച്ഛനേയും ഭാര്യയേയും സഹോദരനേയുമൊക്കെ കൺമുന്നിൽവെച്ച് കൊല ചെയ്യുന്നത് നോക്കി നിൽക്കേണ്ടി വന്നു. ഉറ്റവരും ഉടയവരുമൊക്കെ നഷ്ടപ്പെട്ട് ജീവിതത്തിൽ താൻ ഒറ്റപ്പെട്ടതായി തോന്നിയ അദ്ദേഹം ഒരു ദുർബല നിമിഷത്തിൽ ജീവൻ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ആലോചിക്കുന്നു.
ഷേവ് ചെയ്യുവാൻ കരുതിവെച്ചിരുന്ന ബ്‌ളേഡെടുത്ത് ശരീരത്തിലെ പ്രധാനപ്പെട്ട ഞരമ്പ് മുറിക്കാനാണ് തീരുമാനിച്ചത്. എന്നാൽ മുറിക്കേണ്ട ഞരമ്പ് പോലും കാണാനുള്ള വെളിച്ചം ആ ഇരുണ്ട കോൺസെൻട്രേഷൻ ക്യാമ്പിൽ ഉണ്ടായിരുന്നില്ല. കുറച്ച് മുന്നോട്ട് നടന്നപ്പോൾ കണ്ട ജനാലയിലൂടെ പുറത്തേക്ക് നോക്കിയ വിക്ടർ കണ്ട കാഴ്ചകൾ അദ്ദേഹത്തെ അമ്പരിപ്പിച്ചു. ഇന്നലെവരെ കണ്ടതിൽ നിന്നും തികച്ചും വ്യത്യസ്തമായ കാഴ്ചകൾ ആ ചെറുപ്പക്കാരന്റെ ചിന്തയിൽ വിപഌവം സൃഷ്ടിച്ചു. പുറത്ത് ശിശിരത്തിലെ മനം മടുപ്പിക്കുന്ന കാറ്റും കഠിനമായ തണുപ്പും മാറിയിരിക്കുന്നു. ശിശിരം വസന്തത്തിന് വഴിമാറിയിരിക്കുന്നു. എങ്ങും മനോഹരമായ കാഴ്ചകളും പരിമളം പൊഴിക്കുന്ന പൂക്കളും അയാളെ ജീവിതത്തിലേക്ക് മാടിവിളിക്കുന്നതു പോലെയാണ് അയാൾക്ക് തോന്നിയത്. എന്തുകൊണ്ട് വരണ്ട് കിടക്കുന്ന എന്റെ ജീവിതവും മാറിക്കൂടാ എന്ന ചിന്തയാണ് വസന്തത്തിന്റെ നേർകാഴ്ചകൾ വിക്ടറിന്റെ മനസ്സിൽ വിതച്ചത്. പ്രയാസങ്ങൾക്ക് ശേഷം ആശ്വാസത്തിന്റേയും പ്രതീക്ഷയുടേയും ഭൂമികയിലേക്ക് തിരിച്ചുകയറിയ വിക്ടർ ഫഌങ്കഌൻ ലോകത്തെമ്പാടുമുള്ള ലക്ഷക്കണക്കിനാളുകളെയാണ് തന്റെ ചിന്തയുടെ വെളിച്ചത്തിൽ സമാശ്വസിപ്പിക്കുകയും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയും ചെ്തത്.
ലൈബ്രറി ഓഫ് കോൺഗ്രസ് സർവേ അനുസരിച്ച് അമേരിക്കയിൽ ഏറ്റവും സ്വാധീനമുള്ള പത്തു പുസ്തകങ്ങളിൽപെടുന്ന ഗ്രന്ഥമാണിത്. 1946 ലാണ് പുസ്തകം പുറത്തിറങ്ങിയത്. 1997 ൽ അദ്ദേഹം മരിക്കുമ്പോൾ പുസ്തകത്തിന്റെ ഒരു കോടിയിലധികം കോപ്പികൾ വിറ്റഴിയുകയും 24 ലോക ഭാഷകളിലേക്ക് പുസ്തകം വിവർത്തനം ചെയ്യപ്പെടുകയും ചെയ്തിരുന്നു.
ജീവിതം ഒരു റോഡ് പോലെയാണെന്നാണ് പറയുക. കുണ്ടും കുഴിയും ഹമ്പുകളും യു ടേണും സിഗ്നലുകളുമൊക്കെയുണ്ടാകാം. എന്തു തന്നെയായാലും ജീവിതം മുന്നോട്ടു പോകും. മിക്കപ്പോഴും അതിൽ നമുക്ക് കാര്യമായ നിയന്ത്രണമുണ്ടാവമണമെന്നില്ല. എന്നാൽ ഏത് റോഡ് തെരഞ്ഞെടുക്കണമെന്നതിൽ നമുക്ക് ചോയിസുകളുണ്ടാകും. ചിലപ്പോഴെങ്കിലും നാം തെറ്റായ ചോയ്‌സുകളാണ് തെരഞ്ഞെടുക്കുന്നത്. റോബർട്ട് ഫ്രോസ്റ്റിന്റെ ദ റോഡ് നോട്ട് ടേക്കൺ എന്ന പ്രശസ്തമായ കവിത വരച്ചുകാണിക്കുന്നതു പോലെ തെറ്റായ വഴി തെരഞ്ഞെടുത്തതാണ് ജീവിതത്തിലെ എല്ലാ വ്യത്യാസങ്ങൾക്കും കാരണമായതെന്ന് ചില സന്ദർഭങ്ങളിലെങ്കിലും നമ്മിൽ പലരും വിലപിക്കാറില്ലേ . അത് ജീവിതത്തിന്റെ യാഥാർഥ്യമാണെന്ന് നാം തിരിച്ചറിയുക.
നാം തിരക്കുപിടിച്ച പ്ലാനിംഗിലായിരിക്കുമ്പോഴും ജീവിതം മുന്നോട്ടു പോയികൊണ്ടിരിക്കുന്നു. നമ്മുടെ പ്ലാനിംഗിനുമപ്പുറം വിശാലമായ പ്രാപഞ്ചിക ശക്തിയുടെ ആസൂത്രണവും തീരുമാനവുമാണ് പ്രായോഗികമായി നടക്കുന്നത്. അതിനാൽ ശുഭാപ്തി വിശ്വാസത്തോടെ മുന്നേറുകയെന്നതാണ് അഭികാമ്യം. കാരണം ഭയത്തിന് ചില ദുഷിച്ച ലക്ഷ്യങ്ങളുണ്ട്. അത് നിങ്ങളുടെ സർഗാത്മകതയെ നിയന്ത്രിക്കാനും നിങ്ങളുടെ സ്വാധീനം പരിമിതപ്പെടുത്താനും ശ്രമിക്കുന്നു. നിങ്ങളുടെ ഭാവനയെ തടവിലാക്കുകയും തെരുവ് കള്ളനെപ്പോലെ നിങ്ങളുടെ അഭിലാഷത്തെ വേട്ടയാടാൻ ശ്രമിക്കുകയും ചെയ്യുന്നു. നിങ്ങളുടെ മികച്ച വർഷങ്ങൾ മോഷ്ടിക്കുകയും നിങ്ങളുടെ മികച്ച സമയങ്ങളെ ഭയപ്പെടുത്തുകയും ചെയ്യുന്നു. അതിനാൽ ജീവിതത്തിലെ തിരിച്ചടികളെ തിരിച്ചറിഞ്ഞ് അവസരോചിതമായി ഉയർന്ന് പ്രവർത്തിക്കുകയും പ്രതീക്ഷയുടെ തിരിനാളങ്ങൾക്ക് കരുത്ത് പകരുന്ന ചിന്തകളിലൂടെ വിജയത്തിലേക്ക് കുതിക്കുകയും ചെയ്യുവാനാണ് നാം ശ്രദ്ധിക്കേണ്ടത്. സ്വന്തം ജീവിതം സാർഥകമാക്കുന്നതോടൊപ്പം നമ്മുടെ കൂടെപ്പിറപ്പുകൾക്ക് ജീവിതത്തിൽ പ്രതീക്ഷയുടെ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടമാകാനെങ്കിലും കഴിയുമോ എന്നാണ് നാം ആലോചിക്കേണ്ടത്.
പ്രപഞ്ചത്തിന്റെ വിസ്മയ പാഠങ്ങൾ കണ്ണു തുറന്ന് കാണാനും മുൻവിധികളില്ലാതെ വിശകലനം ചെയ്ത് ജീവിതത്തിൽ ആവശ്യമായ മാറ്റം വരുത്തുവാനും തയാറാകുമ്പോൾ ജീവിതം മനോഹരവും വിജയപ്രദവുമാകുമെന്ന തിരിച്ചറിവാണ് ഏറ്റവും പ്രധാനം.






