ബല്ലിയ- കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ മാസ്‌ക് ധരിക്കാത്തതിന് ആളുകളെ തല്ലിച്ചതച്ച ഉദ്യോഗസ്ഥനെതിരെ പോലീസ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തു. ഉത്തര്‍പ്രദേശിലെ ബല്ലിയയില്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് (എസ്.ഡി.എം) അശോക് ചൗധരിക്കെതിരെയാണ് കേസെടുത്തത്.
ആളുകളെ മര്‍ദിക്കുന്ന വീഡിയോ വൈറലായതിനു പിന്നാലെ ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. തന്നെ മര്‍ദിക്കുകയും തെറി വിളിക്കുകയും ചെയ്തതിന് രജത് ചൗരസ്യ എന്നയാള്‍ രേഖാമൂലം പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസ് ഫയല്‍ ചെയ്തതെന്ന് ഉബ്‌ഹോണ്‍ പോലീസ് സ്‌റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യോഗേന്ദ്ര ബഹാദുര്‍ സിംഗ് പറഞ്ഞു. സംഭവം അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബില്‍താര റോഡ് എസ്.ഡി.എം യുവാക്കളെ മര്‍ദിക്കുന്ന രണ്ട് വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. ഇതിനു പിന്നാലെ വേറയും ആളുകള്‍ പരാതിയുമായി രംഗത്തെത്തി. ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് വ്യാഴാഴ്ച തന്നെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഉത്തരവിട്ടിരുന്നു. ഇയാളെ റവന്യൂ ബോര്‍ഡിലേക്ക് മാറ്റുകയും ചെയ്തു.
താനും സഹോദരനും ചൗക്കിയയിലെ ഒരു കടയില്‍ ഇരിക്കുമ്പോഴാണ് എസ്.ഡി.എമ്മും അംഗരക്ഷകരും എത്തിയതെന്നും തുടര്‍ന്ന് മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് ചൗരസ്യ നല്‍കിയ പരാതിയില്‍ പറയുന്നു. തങ്ങളെ റോഡിലേക്ക് വലിച്ചിറക്കിയെന്നും ബി.ടെക്കിനു പഠിക്കുന്ന സഹോദരന് പരിക്കേറ്റുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു.