Sorry, you need to enable JavaScript to visit this website.

കോവിഡ് ഉദ്യോസ്ഥരുടെ വേഷത്തില്‍ റെയ്ഡ്, കോടികള്‍ പിടിച്ചെടുത്തു; ബിജെപി ബന്ധമുള്ള വ്യവസായി കുരുക്കില്‍

ഭോപാല്‍- കോവിഡ് ചുമതലയുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന മധ്യപ്രദേശ് ആദായ നികുതി വകുപ്പ് ഓഫീസര്‍മാര്‍ ഭോപാലില്‍ വന്‍ റെയ്ഡ് നടത്തി കോടികളുടെ സ്വത്ത് പിടിച്ചെടുത്തു. രണ്ടു ബിസിനസ് ഗ്രൂപ്പുകള്‍ക്കു കീഴിലുള്ള ഓഫീസുകളും ഇതുമായി ബന്ധമുള്ളവരുടെ വീടുകളിലുമാണ് വിവിധ സംഘങ്ങളായി 150 നികുതി ഉദ്യോഗസ്ഥര്‍ വ്യാപക റെയ്ഡ് നടത്തിയത്. ആദായ നികുതി ഉദ്യോഗസ്ഥര്‍ക്കു പുറമെ സായുധ പോലീസും സംഘത്തിലുണ്ടായിരുന്നു. മധ്യപ്രദേശ് സര്‍ക്കാര്‍, ആരോഗ്യ വകുപ്പ് കോവിഡ് ടീം എന്ന് രേഖപ്പെടുത്തിയ വാഹനങ്ങളിലാണ് ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തിയത്. ചിലയിടത്ത് റെയ്ഡ് തുടരുന്നതായും റിപോര്‍ട്ടുണ്ട്.

ഭോപാലിലും സമീപ ജില്ലയായ സെഹോറിലുമായി രണ്ടു ക്രിക്കറ്റ് മൈതാനങ്ങള്‍ ഉള്‍പ്പെടെ നൂറോളം സത്തുവകകളുടെ രേഖകളാണ് പിടിച്ചെടുത്തത്. നൂറുകണക്കിന് കോടികള്‍ മൂല്യം വരുമിതിന്. ഒരു കോടി രൂപ പണമായും പിടിച്ചെടുത്തു.

മധ്യപ്രദേശ് മന്ത്രിയായ ഒരു ഉന്നത ബിജെപി നേതാവുമായി ബന്ധമുള്ള ഫെയ്ത്ത് ഗ്രൂപ്പ് തലവന്‍ രാഘവേന്ദ്ര സിങ് ടോമര്‍ ആണ് റെയില്‍ കുടുങ്ങിയ ഒരു വ്യവസായി. 15 മാസം മാത്രം നീണ്ട് മുന്‍മുഖ്യമന്ത്രി കമല്‍ നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്തുന്നതില്‍ സുപ്രധാന പങ്കുവഹിച്ചയാളാണ് ഈ മന്ത്രിയെന്നും റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഈ റെയ്ഡുകള്‍ ഒരു കാബിനെറ്റ് മന്ത്രിയുടെ പദവി ഉയരുന്നത് തടയാന്‍ മാത്രമാണെന്ന് കോണ്‍ഗ്രസ് വക്താവ് നരേന്ദ്ര സുര്‍ജെവാല പറഞ്ഞു. റെയ്ഡ് ചെയ്യപ്പെട്ട വ്യവസായി രാഘവേന്ദ്ര സിങ് ടോമര്‍ തനിക്ക് സഹോദരനെ പോലെയാണെന്ന് ഈ മന്ത്രി ഈയിടെ പരസ്യമായി പറഞ്ഞിരുന്നു. ഈ വ്യവസായിയും മന്ത്രിയും തമ്മിലുള്ള ബന്ധം ബിജെപിയാണ് വ്യക്തമാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
 

Latest News