Sorry, you need to enable JavaScript to visit this website.

ലീഗിന്റെ ഉരുക്കു കോട്ടയില്‍ സിപിഎമ്മിന്റേതു ചരിത്ര നേട്ടം


മലപ്പുറം- വേങ്ങര നിയസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പു ഫലം പുറത്തു വന്നപ്പോള്‍  തെരഞ്ഞെടുപ്പു വിശകലന വിദഗ്ധരുടെ കണക്കു കൂട്ടലുകളൊന്നും തെറ്റിയില്ല. മുസ്്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി കെ എന്‍ എ ഖാദറിന് ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞു. വോട്ടെടുപ്പ് നടന്നയുടന്‍ ബൂത്തുകളിലെ പോളിങ് വിലയിരുത്തി പാര്‍ട്ടി കണക്കാക്കിയ ഭൂരിപക്ഷം 28000 മുതല്‍ 30000 വരെ വോട്ടായിരുന്നു. എന്നാല്‍ ഈ കണക്കു കൂട്ടലുകള്‍ തെറ്റിച്ച് ഭൂരിപക്ഷം 23,310 എന്ന വേങ്ങരയിലെ എക്കാലത്തേയും കുറഞ്ഞ ഭൂരിപക്ഷം കൊണ്ട് ലീഗിന് തൃപ്തിപ്പേടേണ്ടി വന്നു. 
 
2016-ല്‍ 72,181 വോട്ടുകള്‍ നേടി 38,237 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി ജയിച്ച വേങ്ങരയില്‍  ഉപതെരഞ്ഞെടുപ്പില്‍ കെ എന്‍ എ ഖാദറിന് 65,227 വോട്ടുകള്‍ മാത്രമെ നേടാനായുള്ളൂ. ഭൂരിപക്ഷം 23,310 ആയി ഇടിയുകയും ചെയ്തു. അഞ്ച് മാസം മാസം മുമ്പ്് നടന്ന ലോക്സഭാ ഉപതരെഞ്ഞെടുപ്പിലെ നേട്ടം പോലും നിലനിര്‍ത്താന്‍ ലീഗിനു കഴിഞ്ഞില്ല. ഏപ്രിലില്‍ നടന്ന മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ വേങ്ങര നിയമസഭാ മണ്ഡലത്തില്‍ നിന്ന് കുഞ്ഞാലിക്കുട്ടി 73,804 വോട്ടുകള്‍ നേടി തന്റെ നിയസമഭാ ഭൂരിപക്ഷം 40,529 വോട്ടുകള്‍ എന്ന ഏറ്റവും ഉയര്‍തലത്തിലെത്തിച്ചിരുന്നു. ഈ രണ്ടു സമീപകാല നേട്ടങ്ങളും പഴങ്കഥയായി മാറി. ഒരു പതിറ്റാണ്ടു കാലത്തെ മണ്ഡല ചരിത്രത്തിലെ ലീഗിന്റെ ഏറ്റവും മോശം തെരഞ്ഞെടുപ്പു പ്രകടനമാണ് വേങ്ങരയില്‍ ഇത്തവണ കണ്ടത്.
 
ഈ നേട്ടം മുന്‍നിര്‍ത്തിയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ യുഡിഎഫിന്റെ വിജയം സാങ്കേതികം മാത്രമാണെന്ന് വിശേഷിപ്പിച്ചത്. ഭൂരിപക്ഷത്തിലെ വലിയ ഇടിവ് യുഡിഎഫിന് വലിയ തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു.
 
ഈ തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന് യാതൊരു ഉറപ്പും ഉണ്ടായിരുന്നില്ലെങ്കിലും ലക്ഷ്യമിട്ട നേട്ടം കൊയ്യാനായി എന്നത് സിപിഎമ്മിനേയും എല്‍ ഡി എഫിനേയും സംബന്ധിച്ച ആശാവഹമാണ്. മുസ്ലിം ലീഗ് ആധിപത്യ മണ്ഡലങ്ങളില്‍ സിപിഎമ്മിന്റെ പാര്‍ട്ടി ചിഹ്നത്തോടുണ്ടായിരുന്ന അയിത്തം ഏതാണ്ട് പൂര്‍ണമായും മാറിയെന്നാണ് വേങ്ങരയിലെ സിപിഎമ്മിന്റെ എക്കാലത്തേയും മികച്ച തെരഞ്ഞെടുപ്പു നേട്ടം സൂചിപ്പിക്കുന്നത്. 2016-ല്‍ നേടിയ 34,124 വോട്ടുകള്‍ ഈ ഉപതെരഞ്ഞെടുപ്പോടെ എല്‍ഡിഎഫിന് 41,917 എന്ന മികച്ച നിലയിലെത്തിക്കാന്‍ കഴിഞ്ഞു. യുഡിഎഫിന്റെ ഭൂരിപക്ഷത്തെ മറികടക്കുന്ന എണ്ണം വോട്ടുകള്‍ ചരിത്രത്തില്‍ ആദ്യമായാണ് ഈ മുസ്ലിം ലീഗ് ഉരുക്കു കോട്ടയില്‍ സിപിഎം നേടിയിരിക്കുന്നത്. ലോകസ്ഭാ ഉപതെരഞ്ഞെടുപ്പിലെ പാളിച്ചകളും ഇതോടെ എല്‍ ഡി എഫിനു തിരുത്താനായി.
 
വേങ്ങരയില്‍ ശരിക്കും മത്സരം നടന്നത് മൂന്നാം സ്ഥാനത്തേക്കായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഏതാണ്ട് ഒപ്പത്തിനൊപ്പം എന്ന രീതിയില്‍ പ്രകടനം കാഴ്ച വച്ച ബിജെപിയും ബദ്ധവൈരികളായ എസ് ഡി പിഐയും തമ്മിലായിരുന്നു മത്സരം. ഇത്തവ ബിജെപിയെ പിന്തള്ളി 8,648 വോട്ടുകളുമായി എസ് ഡി പി ഐക്ക് മൂന്നാം സ്ഥാനത്തെത്താന്‍ കഴിഞ്ഞു. ബിജെപി നേടിയ 5,728 വോട്ടകള്‍ നല്‍കുന്ന സൂചന പാര്‍ട്ടിയുടെ വോട്ടുവളര്‍ച്ച വേങ്ങരയില്‍ മുരടിച്ചു തന്നെയിരിക്കുന്നുവെന്നാണ്. പാര്‍ട്ടി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയും കേന്ദ്രമന്ത്രിമാരേയും എംപിമാരേയും കൊണ്ടു വന്നുള്ള പ്രചാരണവുമൊന്നും വോര്‍ട്ടര്‍മാര്‍ക്കിടിയില്‍ ഒരു ചലനവും സൃഷ്ടിച്ചില്ലെന്നും വ്യക്തം. മാത്രമുമല്ല മലപ്പുറം ലോക്സഭാ തെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ നിന്നു നേടിയ വോട്ടുകളില്‍ ഇടിവും ഇത്തവണ ഉണ്ടായി. 5,952 വോട്ടുകള്‍ ഏപ്രിലില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി നേടിയിരുന്നു.
 
2011 നിയമസഭാ തെരഞ്ഞെടുപ്പിലും 2014 ലോക്സഭാ തെരഞ്ഞെടുപ്പിലും വേങ്ങരയില്‍ ബിജെപിയെ പിന്തള്ളി എസ് ഡി പിഐ മൂന്നാം സ്ഥാനത്തെത്തിയിരുന്നു. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മൂന്നാം സ്ഥാനത്തെത്തി. ഏപ്രിലില്‍ നടന്ന ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ മത്സരിച്ചിരുന്നില്ല. ഇത്തവണ തങ്ങളുടെ മൂന്നാം സ്ഥാനം തിരിച്ചു പിടിക്കാന്‍ എസ് ഡി പിഐക്കു കഴിഞ്ഞു.

Latest News