Sorry, you need to enable JavaScript to visit this website.

ഫേസ്ബുക്ക് ഉദ്യോഗസ്ഥര്‍ സെപ്തംബര്‍ രണ്ടിന് ഹാജരാകണമെന്ന് പാര്‍ലമെന്റ് സമിതി നോട്ടീസ്

ന്യൂദല്‍ഹി- ബിജെപി നേതാക്കളുടെ വര്‍ഗീയ പോസ്റ്റുകള്‍ നീക്കം ചെയ്യാതെ അവരുടെ വിദ്വേഷ പ്രചരണത്തെ പിന്തുണച്ച നടപടിയില്‍ മറുപടി നല്‍കാന്‍ ഫേസ്ബുക്ക് പ്രതിനിധികള്‍ സെപ്തംബര്‍ രണ്ടിന് ഹാജരാകണമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ അധ്യക്ഷനായ പാര്‍ലമെന്റിന്റെ ഐടികാര്യ സ്ഥിരം സമിതി. ഫേസ്ബുക്ക് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വീശദീകരണം തേടുമെന്ന തരൂരിന്റെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി എംപിമാര്‍ രംഗത്തു വന്ന് കോലാഹലമുണ്ടാക്കുന്നതിനിടെയാണ് ഫേസ്ബുക്കിന് സമിതിയുടെ നോട്ടീസ്.

പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതു സംബന്ധിച്ചും ഓണ്‍ലൈന്‍ /സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗം തടയുക എന്നതും സംബന്ധിച്ചും ഫേസ്ബുക്ക് പ്രതിനിധികളുടെ വാദം കേള്‍ക്കേണ്ടതുണ്ട് എന്ന് ലോക്‌സഭാ സെക്രട്ടറിയെറ്റില്‍ നിന്നും അയച്ച നോട്ടീസില്‍ പറയുന്നു. ഫേസ്ബുക്ക് പ്രിതിനിധികള്‍ക്കു പുറമെ ഇലക്ട്രോണിക്‌സ് ആന്റ് ഐടി മന്ത്രാലയം പ്രതിനിധികളും സെപ്തംബര്‍ രണ്ടിന് സമിതി മുമ്പാകെ ഹാജരാകണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ുന്നു.

ബിജെപി നേതാക്കളുടെ മുസ്‌ലിം വിരുദ്ധമായ കടുത്ത വര്‍ഗീയ വിദ്വേഷ പോസ്റ്റുകള്‍ നീക്കം ചെയ്യപ്പെടാതിരിക്കാന്‍ ഫേസ്ബുക്ക് ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥയായ ആംഘി ദാസ് കമ്പനിയുടെ നയം ലംഘിച്ച് ബിജെപിക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്ത അമേരിക്കന്‍ പത്രമായ വോള്‍ സ്ട്രീറ്റ് ജേണല്‍ പുറത്തു കൊണ്ടു വന്നത് ഇന്ത്യയില്‍ പുതിയ രാഷ്ട്രീയ വിവാദമായിരിക്കുകയാണ്. ഫേസ്ബുക്ക് ആര്‍എസ്എസിന്റേയും ബിജെപിയുടെയും നിയന്ത്രണത്തിലാണെന്ന് കോണ്‍ഗ്രസ് നേതാവും ഫേസ്ബുക്കില്‍ നിന്നു വിശദീകരണം തേടുമെന്ന് തരൂരും പറഞ്ഞതോടെയാണ് ബിജെപി നേതാക്കളും രംഗത്തെത്തിയത്. 

സമിതി അധ്യക്ഷ സ്ഥാനത്തു നിന്ന് തരൂരിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് സമിതി അംഗങ്ങളായ ബിജെപി എംപി നിഷികാന്ത് ദുബെയും കേന്ദ്ര മന്ത്രി രാജ്യവര്‍ധന്‍ റാത്തോഡും ലോക്‌സഭാ സ്പീക്കര്‍ക്ക് കത്തു നല്‍കിയിരുന്നു. ദുബെ നേരത്തെ അവകാശ ലംഘന പരാതിയും നല്‍കിയിരുന്നു. ഫേസ്ബുക്കിനെതിരായ തരൂരിന്റെ നീക്കം പാര്‍ലമെന്റ് ചട്ടങ്ങളുടെ ലംഘനമാണെന്നായിരുന്നു അവരുടെ ആരോപണം.
 

Latest News