വാങ്ങാന്‍ ആളില്ല, ഹാര്‍ളി ഡേവിഡ്‌സണ്‍ ഇന്ത്യ വിടുന്നു

ന്യൂദല്‍ഹി- ലോകപ്രശസ്ത യുഎസ് ഇരുചക്രവാഹന നിര്‍മാതാക്കളായ ഹാര്‍ളി ഡേവിഡ്‌സണ്‍ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപോര്‍ട്ട്. കാര്യമായി വില്‍പ്പന നടക്കാത്തതും ഭാവിയില്‍ ആവശ്യക്കാര്‍ ഉണ്ടായേക്കില്ല എന്നതുമാണ് കാരണം. നിലവില്‍ അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന യന്ത്രഭാഗങ്ങല്‍ ഹരിയാനയിലെ ബവലിലെ വാടക പ്ലാന്റില്‍ അസംബ്ള്‍ ചെയ്താണ് ഹാര്‍ളി ഡേവിഡ്‌സണ്‍ വിവിധ മോഡലുകള്‍ ഇന്ത്യയില്‍ വില്‍ക്കുന്നത്. ഔട്ട്‌സോഴ്‌സിങ് സാധ്യതകള്‍ തേടി ഏതാനും കമ്പനികളുമായി ചര്‍ച്ച നടക്കുന്നാതായും ദി ഹിന്ദു റിപോര്‍ട്ട് ചെയ്യുന്നു. ഇതു പ്രാഥമിക ഘട്ടത്തിലാണെങ്കിലും കമ്പനി ഇന്ത്യ വിടാനാണു സാധ്യതയെന്നും റിപോര്‍ട്ട് സൂചിപ്പിക്കുന്നു. 

കഴിഞ്ഞ വര്‍ഷം വെറും 2500 മോട്ടോര്‍സൈക്കിളുകള്‍ മാത്രമാണ് ഹാര്‍ളി ഡേവിഡ്‌സണ്‍ വിറ്റത്. ഈ സാമ്പത്തിക വര്‍ഷം ആദ്യ മൂന്നു മാസത്തില്‍ വെറും 100ഓളം യൂണിറ്റുകളാണ് വിറ്റത്. ആഗോള തലത്തില്‍ കമ്പനിയുടെ ഏറ്റവും മോശം വില്‍പ്പനയാണ് ഇന്ത്യയിലേത്. ജനപ്രിയ മോഡലുകളായ സ്ട്രീറ്റ് 750, സ്ട്രീറ്റ് റോഡ് എന്നിവയ്ക്ക് 77,000 രൂപയുടെ ഡിസ്‌കൗണ്ട് നല്‍കിയിട്ടു പോലും കാര്യമായ വില്‍പ്പന നടന്നില്ല. വില്‍പ്പന വേണ്ടത്ര നടക്കാത്തതും വളര്‍ച്ചാ സാധ്യതയില്ലാത്തതുമായ അന്താരാഷ്ട്ര വിപണിയില്‍ നിന്ന് പിന്മാറുക എന്നാണ് കമ്പനിയുടെ നയം. ഹാര്‍ളി ഡേവിഡ്‌സണ്‍ മോഡലുകള്‍ ആവശ്യക്കാരേറെയുള്ള നോര്‍ത്ത് അമേരിക്ക, യുറോപ്പ്, എഷ്യാ പസഫിക് മേഖലയിലെ ചിലഭാഗങ്ങള്‍ ഉള്‍പ്പെടെ 50ഓളം വിപണിയില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.
 

Latest News