Sorry, you need to enable JavaScript to visit this website.

പരീക്ഷയില്ല, ക്ലാസും ഗ്രേഡും നിർണയിക്കാൻ അൽഗോരിതം 

ഇംഗ്ലണ്ടിൽ ഇത്തവണ ജി.സി.എസ്.ഇ, എ ലെവൽ വിജയികളെ നിർണയിക്കുന്നതിന് അൽഗോരിതം ഉപയോഗിച്ചതിനെ തുടർന്ന് വ്യാപക പ്രതിഷേധമാണ് ഉയർന്നത്. വിവാദ അൽഗോരിതം ഉപയോഗിക്കുന്നതിനെതിരെ ആയിരക്കണക്കിന് വിദ്യാർഥികളുടെ രോഷം തുടരുകയാണ്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ഡൗൺ കാരണം അവർക്ക് പരീക്ഷക്കിരിക്കാൻ കഴിഞ്ഞിരുന്നില്ല. പകരം മുൻവർഷങ്ങളിലെ പരീക്ഷ ഫലങ്ങൾ കണക്കിലെടുത്ത് പുതിയ ഗ്രേഡുകൾ നിർണയിക്കാനാണ് അൽഗോരിതം ഉപയോഗിച്ചത്. പ്രതീക്ഷിച്ചതിനേക്കാൾ 40 ശതമാനം കുറവാണ് ഇത്തവണ എ ലെവൽ റിസൾട്ട്. 


നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങളിൽ ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്നതാണ് അൽഗോരിതം. അൽഗോരിതം ഉപയോഗിച്ച് എടുക്കന്ന വലിയ തീരുമാനങ്ങൾക്ക് നിരവധി ഉദാഹരണങ്ങൾ ലഭ്യമാണ്. 
വലിയ അൽഗോരിതങ്ങളാണ് സോഷ്യൽ മീഡിയ വേദികളെന്ന് ചുരുക്കത്തിൽ പറയാം. എന്താണ് നമ്മുടെ ഇഷ്ടങ്ങളും താൽപര്യങ്ങളുമെന്ന് കണ്ടെത്തിയാണ് സോഷ്യൽ മീഡിയ പ്രവർത്തിക്കുന്നത്. നിങ്ങളുടെ ഇഷ്ടങ്ങൾ വ്യക്തമാക്കുന്ന ഡാറ്റകൾ കൈക്കലാക്കി നിങ്ങൾക്ക് ആവശ്യമായി തോന്നുന്നവ കൂടുതലായി നൽകുന്നു.


ഓരോ ലൈക്കും ഷെയറും ക്ലിക്കും ശേഖരിക്കപ്പെടുന്നുണ്ട്.  മിക്ക ആപുകളും നമ്മുടെ വെബ് ബ്രൗസിംഗ് സ്വഭാവങ്ങളും പ്രാദേശിക ഡാറ്റകളും ശേഖരിച്ചുവെക്കുന്നു. നിങ്ങൾ സ്‌ക്രോൾ ചെയ്യാനും തെരയാനും സാധ്യതയുള്ള ഉള്ളടക്കങ്ങൾ നൽകാനാണ് ഇവ ഉപയോഗിക്കുന്നത്. ഇതേ അൽഗോരിതം തന്നെയാണ് നമ്മെ ശരിക്കും മനസ്സിലാക്കുന്നതിനും അതിനനുസരിച്ച് നമുക്ക് ഉൽപന്നങ്ങളും പരസ്യങ്ങളും വിൽക്കാനും ഉപയോഗിക്കുന്നത്. സോഷ്യൽ മീഡിയ കമ്പനികൾ ശേഖരിക്കുന്ന ഡാറ്റകൾ നമുക്ക് താൽപര്യമുള്ള പരസ്യങ്ങൾ എത്തിക്കാൻ ഉപയോഗിക്കുന്നു. ഇത്തരം ഡാറ്റകൾ വാങ്ങാൻ പരസ്യ കമ്പനികൾ രംഗത്തുണ്ട് താനും. 


ജനങ്ങളെ തീവ്ര ചിന്താഗതിയിലെത്തിക്കുന്നതിൽനിന്ന് തടയാൻ തങ്ങളുടെ അൽഗോരിതം ഉപയോഗപ്പെടുത്തുമെന്ന് ഫേസ് ബുക്കിന്റെ സിവിൽ റൈറ്റ്‌സ് ഓഡിറ്റ് വ്യക്തമാക്കുന്നു. 
ഫേസ്ബുക്ക് അടക്കമുള്ള ഏത് പ്ലാറ്റ്‌ഫോമിനും പ്രവർത്തനം കൃത്യമായി നടക്കാനും വരുമാനം നന്നായി ലഭിക്കാനുമുള്ള ഉപാധിയാണ് അൽഗോരിതം. ഫേസ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകൾ അൽഗോരിതത്തിൽ അടിക്കടി ചെറിയ മാറ്റങ്ങൾ നടപ്പിലാക്കുകയും പിൻവലിക്കുകയും ചെയ്യാറുണ്ട്. 


5000 സുഹൃത്തുക്കളാണ് ഫേസ്ബുക്ക് അനുവദിക്കുന്നത്. മനുഷ്യ ജീവിതത്തിൽ ഒരാൾക്ക് 5000 സുഹൃത്തുക്കളെ ഒരിക്കലും നിലനിർത്താനോ അവരോട് വ്യക്തിപരമായ കമ്യൂണിക്കേഷൻ നിലനിർത്താനോ സാധിക്കില്ല. അതിനാൽ നിങ്ങളുടെ സുഹൃത്തുക്കളെ, നിങ്ങൾക്ക് ആവശ്യമുള്ള കാര്യങ്ങളെ സാങ്കേതിക വിദ്യയുടെ പരിമിതിക്കപ്പുറം നിന്ന് തേടേണ്ടിവരും. വാർത്തകൾ തേടിപോകേണ്ടിവരും, നഷ്ടമായ പോസ്റ്റുകൾ തേടിപ്പോയി വായിക്കേണ്ടിവരും. ഇപ്പോൾ നിങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം അതുമാത്രമാണ്.


സോഷ്യൽ പ്ലാറ്റ്‌ഫോം എന്ന നിലയിൽ നിന്നും ഫേസ്ബുക്ക്  സൗഹൃദ കൂട്ടായ്മ എന്ന നിലയിൽ ചുരുക്കുമ്പോൾ അതേറ്റവും ബാധിക്കുന്നത് ആക്ടിവിസത്തിനായി ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നവരെയാണോ എന്ന ചോദ്യവും അനുബന്ധമായി പ്രചരിക്കുന്നുണ്ട്. ഭരണകൂട താൽപ്പര്യങ്ങളും അതാത് രാജ്യത്തെ നിയമങ്ങളുമെല്ലാം അനുസരിച്ചു നിലനിൽക്കേണ്ട ഫേസ്ബുക്കിന്റെ ബാദ്ധ്യതയെക്കുറിച്ചും നിരന്തരം ചർച്ചകൾ നടക്കുന്നതാണ്. ആഗോള ടെക്‌നോളജി കോർപ്പറേറ്റ് എന്ന നിലയിൽ ഫേസ്ബുക്കിന് അതിന്റേതായ താൽപ്പര്യങ്ങളുണ്ട്. അതിനനുസരിച്ചുള്ള മാറ്റങ്ങൾ അവർ വരുത്താറുമുണ്ട്. 
സമൂഹ മാധ്യമങ്ങളിൽ മാത്രമല്ല, നമ്മുടെ ജീവതത്തെ തന്നെ വ്യക്തിപരമായും സാമൂഹികമായും ബാധിക്കുന്ന തീരുമാനങ്ങളിലും അൽഗോരിതം ഇപ്പോൾ പ്രധാന ഘടകമാണ്. മറ്റുള്ളവരുടെ പെരുമാറ്റവും രീതികളും അനുസരിച്ചാണ് നിർമിത ബുദ്ധിയുടേയും മെഷീൻ ലേണിംഗിന്റേയും അൽഗോരിതത്തിന്റേയും കാലത്ത് നമ്മുടെ കാര്യങ്ങളും തീരുമാനിക്കപ്പെടുന്നത്. 

 

Latest News