ആലപ്പുഴ- കായംകുളത്ത് സി.പി.എം പ്രാദേശിക നേതാവ് സിയാദിനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് കൗൺസിലർ കാവിൽ നിസാമിനെ അറസ്റ്റ് ചെയ്തു. മുഖ്യപ്രതി മുജീബിനെ ബൈക്കിൽ രക്ഷപ്പെടാൻ സഹായിച്ചത് കാവിൽ നിസാമാണെന്ന് പോലീസ് പറഞ്ഞു. കുറ്റകൃത്യം നടന്നത് അറിഞ്ഞിട്ടും നിസാം പോലീസിൽ അറിയിച്ചില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി. റോഡരികിൽ സുഹൃത്തുക്കളുമായി സംസാരിച്ചു നിന്ന സിയാദിനെ (35) ബൈക്കിലെത്തിയ മുജീബ് രണ്ട് തവണ കഠാരകൊണ്ട് കുത്തുകയായിരുന്നു. കുത്തേറ്റ് വീണ സിയാദിനെ നാട്ടുകാരും സുഹൃത്തുക്കളും കായംകുളം ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിവിധയിടങ്ങളിലായി 25ലധികം കേസുകളിൽ പ്രതിയാണു മുജീബ്. ജയിൽ മോചിതനായി കഴിഞ്ഞ നാല് മാസമായി നാട്ടിൽ കഴിയുകയായിരുന്നു ഇയാൾ. എം.എസ്.എം സ്കൂൾ ജംഗ്ഷൻ കേന്ദ്രീകരിച്ച് നടക്കുന്ന ക്വട്ടേഷൻ സംഘങ്ങളെ സിയാദിന്റെ നേതൃത്വത്തിൽ നാട്ടുകാർ ചോദ്യം ചെയ്തതതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.






