യുപിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടു; പീഡനാരോപണ വിധേയനായ ഡോക്ടര്‍ പിടിയില്‍

ആഗ്ര- മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥിനിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പീഡനാരോപണ വിധേയനായ ഡോക്ടറെ പോലീസ് പിടികൂടി. ബുധനാഴ്ച രാവിലെയാണ് 25കാരിയായ വിദ്യാര്‍ത്ഥിനിയെ ആഗ്രയിലെ മെഡിക്കല്‍ കോളെജിനു ഏതാനും കിലോമീറ്ററുകള്‍ അകലെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തിയെന്ന് കുടുംബം ആരോപിച്ച ഡോക്ടറെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച വൈകുന്നേരമാണ് യുവതിയെ കാണായത്. തട്ടിക്കൊണ്ടു പോയെന്ന പരാതിയും പോലീസിനു ലഭിച്ചിരുന്നു. ജലോനില്‍ ജോലി ചെയ്യുന്ന മെഡിക്കല്‍ ഓഫീസറായ ഡോക്ടര്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചിരുന്നതായും ഭീഷണിപ്പെടുത്തിയിരുന്നതായും കുടുംബം ആരോപിക്കുന്നതായി പോലീസ് പറയുന്നു. 

വിദ്യാര്‍ത്ഥിനിയുടെ മൃതദേഹത്തില്‍ കഴുത്തിലും തലയിലും പരിക്കുകളുണ്ട്. ബലപ്രയോഗം നടന്നതായി സൂചനകളുണ്ട്. സമീപങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വിശദമായ അന്വേഷണം നടത്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനായി അയച്ചതാണെന്നും പോലീസ് പറഞ്ഞു.

ബിജെപി നേതാവ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരിക്കുന്ന യുപിയില്‍ ഏതാനും ആഴ്ചകളായി സ്ത്രീകള്‍ക്കെതിരെ നടക്കുന്ന പീഡനങ്ങളും അതിക്രമങ്ങളും വര്‍ധിച്ചിരിക്കുകയാണ്. സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി നേരത്തെ പ്രതികരിച്ചിരുന്നു. ബുലന്ദ്ശഹറിലും ഹാപൂരിലും ലഖിംപൂര്‍ ഖേരിയിലും ഗൊരഖ്പൂരിലും സ്ത്രീ പീഡനങ്ങള്‍ തടയാന്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനായില്ലെന്നും അവര്‍ ആരോപിച്ചു.
 

Latest News