ന്യൂദല്‍ഹി- സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ സുരക്ഷയ്ക്കായി സിഐഎസ്എഫ് ജവാന്മാരെ നിയോഗിക്കാന്‍ തീരുമാനം. ഉദ്യോഗസ്ഥരെ നിയമിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. 272 ജവാന്മാരെയാണ് സുരക്ഷക്കായി വിനിയോഗിക്കാന്‍ തീരുമാനം. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഡല്‍ഹി മെട്രോയിലും രാജ്യ തലസ്ഥാനത്തെ തന്ത്രപ്രധാന സര്‍ക്കാര്‍ കെട്ടിടങ്ങളിലും സുരക്ഷയ്ക്കായി സിഐഎസ്എഫിനെ നിയോഗിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 2 മുതല്‍ പട്ടേല്‍ പ്രതിമ ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ ഇവിടേക്കുള്ള സന്ദര്‍ശകരുടെ പ്രവേശനം ഏതാനും മാസങ്ങളായി നിരോധിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ഓര്‍മ്മക്കായാണ് ഏകതാ പ്രതിമ സ്ഥാപിച്ചത്. 2018 ഒക്ടോബര്‍ 31നാണ് പ്രധാനമന്ത്രി പ്രതിമ രാജ്യത്തിനായി സമര്‍പ്പിച്ചത്.2989 കോടി രൂപ മുടക്കി ഗുജറാത്തിലെ നര്‍മ്മദാ നദിയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് സമീപമാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. 597 അടി ഉയരത്തിലാണ് (182 മീറ്റര്‍) പട്ടേല്‍ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. 128 മീറ്ററാണ് 2008 ല്‍ പൂര്‍ത്തിയാക്കിയ സ്പ്രിംഗ് ടെംബിള്‍ ബുദ്ധയുടെ ഉയരം. ന്യൂയോര്‍ക്കിലെ 'സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി' യുടെ ഇരട്ടി ഉയരവും സര്‍ദാര്‍ പട്ടേലിന്റെ പ്രതിമയുടെ സവിശേഷതയാണ്.