Sorry, you need to enable JavaScript to visit this website.

12,000 സൗദി എൻജിനീയർമാർക്ക് തൊഴിൽ ലഭ്യമാക്കാൻ പദ്ധതി

റിയാദ് - ഉദ്യോഗാർഥികളായി കഴിയുന്ന 12,000 ത്തിലേറെ സൗദി എൻജിനീയർമാർക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാനും സൗദി എൻജിനീയർമാരിലുള്ള വിശ്വാസം വർധിപ്പിക്കാനും സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് പുതിയ പദ്ധതി ആരംഭിച്ചതായി കൗൺസിലിലെ ആർക്കിടെക്ചർ വിഭാഗം മേധാവി എൻജിനീയർ ഫവാസ് ബിൻ ഫർഹാൻ അൽശമ്മരി പറഞ്ഞു. ഭംഗിയായി കർത്തവ്യം നിർവഹിക്കാൻ യോഗ്യരും കഴിവുറ്റവരുമായ എൻജിനീയർമാരെയും സ്വകാര്യ മേഖലാ സ്ഥാപനങ്ങളെയും ബന്ധിപ്പിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 
ഉദ്യോഗാർഥികളായ എൻജിനീയർമാരുടെയും എൻജിനീയർമാരെ തേടുന്ന സ്വകാര്യ കമ്പനികളുടെയും അപേക്ഷകൾ സ്വീകരിച്ച് സ്വകാര്യ കമ്പനികളിൽ എൻജിനീയർക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാനാണ് ശ്രമം. പദ്ധതിയുമായി നിരവധി സ്വകാര്യ കമ്പനികൾ അനുകൂലമായി പ്രതികരിക്കുന്നുണ്ട്. പദ്ധതി പ്രയോജനപ്പെടുത്തി തൊഴിലവസരങ്ങൾ തേടി 3600 എൻജിനീയർമാരും ഇതിനകം അപേക്ഷകൾ നൽകിയിട്ടുണ്ട്. അപേക്ഷകരിൽ 375 പേർ വനിതാ എൻജിനീയർമാരും അവശേഷിക്കുന്ന 3225 പേർ പുരുഷ എൻജിനീയർമാരുമാണെന്നും എൻജിനീയർ ഫവാസ് ബിൻ ഫർഹാൻ അൽശമ്മരി പറഞ്ഞു.


സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സിന്റെ കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം 1,91,241 എൻജിനീയർമാർക്ക് കൗൺസിൽ രജിസ്‌ട്രേഷനുണ്ട്. ഇക്കൂട്ടത്തിൽ 1,25,959 പേർ വിദേശികളും 65,282 പേർ സ്വദേശികളുമാണ്. കൗൺസിൽ രജിസ്‌ട്രേഷനുള്ള എൻജിനീയർമാരിൽ 65.9 ശതമാനം വിദേശികളും 34.1 ശതമാനം സൗദികളുമാണ്. കഴിഞ്ഞ വർഷം 605 വ്യാജ സർട്ടിഫിക്കറ്റുകൾ കൗൺസിൽ പിടികൂടി. ഇക്കൂട്ടത്തിൽ 190 എണ്ണം വ്യാജ എൻജിനീയറിംഗ് സർട്ടിഫിക്കറ്റുകളും 415 എണ്ണം വ്യാജ ടെക്‌നിക്കൽ സർട്ടിഫിക്കറ്റുകളുമാണ്. ഈ കേസുകൾ നിയമ നടപടികൾക്ക് കൗൺസിൽ പിന്നീട് ബന്ധപ്പെട്ട സുരക്ഷാ വകുപ്പുകൾക്ക് കൈമാറി. 


കൗൺസിൽ രജിസ്‌ട്രേഷനുള്ള എൻജിനീയർമാരിൽ 35.8 ശതമാനം (68,552 പേർ) സിവിൽ എൻജിനീയർമാരാണ്. ഇക്കൂട്ടത്തിൽ 21,255 പേർ സൗദികളും 47,297 പേർ വിദേശികളുമാണ്. രണ്ടാം സ്ഥാനത്ത് ഇലക്ട്രിക്കൽ എൻജിനീയർമാരാണ്. 50,060 ഇലക്ട്രിക്കൽ എൻജിനീയർമാർക്ക് കൗൺസിൽ രജിസ്‌ട്രേഷനുണ്ട്. ഇക്കൂട്ടത്തിൽ 12,448 പേർ സൗദികളും 37,612 പേർ വിദേശികളുമാണ്. 14,496 സ്വദേശികളും 25,422 വിദേശികളും അടക്കം 39,918 മെക്കാനിക്കൽ എൻജിനീയർമാരും 8157 സൗദികളും 8864 വിദേശികളും അടക്കം 17,021 ആർക്കിടെക്ചർ എൻജിനീയർമാരും 5671 സ്വദേശികളും 4766 വിദേശികളും അടക്കം 10,437 കെമിക്കൽ എൻജിനീയർമാരും 3255 സൗദികളും 1998 വിദേശികളും അടക്കം ,253 ഇൻഡസ്ട്രിയൽ എൻജിനീയർമാരും സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
 

Latest News