Sorry, you need to enable JavaScript to visit this website.

കരിപ്പൂരിൽ അപകടത്തിൽ പെട്ട വിമാനം മാറ്റും

കൊണ്ടോട്ടി- കരിപ്പൂരിൽ അപകടത്തിൽ പെട്ട വിമാനം മാറ്റുന്നതിനുളള നടപടികളിലേക്ക് കടന്ന് എയർ ഇന്ത്യ. അപകട സ്ഥലത്ത് നിന്ന് എയർപോർട്ട് അഥോറിറ്റിയുടെ അധീനതയിലുളള സ്ഥലത്തേക്കാണ് ആദ്യം മാറ്റുന്നത്. പിന്നീട് ഇൻഷുറൻസ്, മറ്റു അന്വേഷണങ്ങളും പൂർത്തിയായതിന് ശേഷം കരിപ്പൂരിൽ നിന്ന് കൊണ്ടുപോകും. വിമാനം മാറ്റുന്നതിന് വേണ്ടി എയർ ഇന്ത്യാ എക്‌സ്പ്രസിന്റെ പ്രത്യേക സംഘം കരിപ്പൂരിലെത്തി പരിശോധന നടത്തി. അപകടത്തിൽ  വിമാനത്തിന്റെ കോക്പിറ്റിനടുത്തുളള വാതിലിനോട് ചേർന്ന ഭാഗം പിളർന്ന് രണ്ടു കഷ്ണമായിരിക്കുകയാണ്.


   വിമാനം പൂർണമായും തകർന്നതിനാൽ നടപടികൾ പൂർത്തിയാക്കി പൊളിച്ച് കൊണ്ടുപോകാനാണ് ശ്രമം. എൻജിനുകളും മറ്റും വേർതിരിച്ചെടുക്കും. അപകടത്തിലൂടെ എയർ ഇന്ത്യക്ക് കോടികളുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. എയർ ഇന്ത്യയുടെ കീഴിൽ ലാഭകരമായി പ്രവർത്തിക്കുന്ന ഏക വിമാന കമ്പനിയാണ് എയർ ഇന്ത്യാ എക്‌സ്പ്രസ്. ഇവയിലൊരു വിമാനങ്ങളിലൊന്നാണ് കരിപ്പൂരിൽ തകർന്നത്. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ്, കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡ് തുടങ്ങിയവ അന്വേഷണത്തിനായി ദില്ലിയിലെ ലാബിലേക്ക് അയച്ചിരിക്കുകയാണ്. അപകടത്തിൽ എയർ ഇന്ത്യാ എക്‌സ്പ്രസിന് രണ്ട് പരിചയ സമ്പന്നരായ പൈലറ്റുമാരെയും നഷ്ടമായി. അപകടത്തിന്റെ നിജസ്ഥിതി അറിയാൻ എയർ ഇന്ത്യ അന്വേഷണം നടത്തുന്നുണ്ട്.


   മംഗലാപുരം അപകടത്തിന് ശേഷം എയർ ഇന്ത്യാ എക്‌സ്പ്രസിന്റെ പൂർണമായും തകർന്ന വിമാന അപകടമാണ് കരിപ്പൂരിലേത്. വൻതുക ഇൻഷുർ ചെയ്‌തെങ്കിലും അപകടത്തിൽ പെട്ട വിമാനം പൂർവ സ്ഥിതിയിലാക്കാൻ കഴിയില്ല. വിമാനക്കമ്പനി അധികൃതരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. വിമാന അപകടത്തിന്റെ നിജസ്ഥിതി തേടിയുളള എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ എ ഐബി) യുടെ പരിശോധന തുടരുകയാണ്. ഈമാസം ഏഴിന് രാത്രി 7.40നാണ് എയർ ഇന്ത്യാ എക്‌സ്പ്രസിന്റെ ദുബായിൽ നിന്നുളള വിമാനം കരിപ്പൂരിൽ ലാൻഡിംഗിനിടെ അപകടത്തിൽ പെട്ട് 19 പേർ മരിച്ചത്.  

 

Latest News