വക്കീൽനോട്ടീസയച്ചതിന്റെ പിരാന്താണ് മാതൃഭൂമിക്ക്- മന്ത്രി ജലീൽ

കോഴിക്കോട്- നയതന്ത്ര ബാഗേജിൽ ഖുർആൻ എത്തിച്ചതുമായി ബന്ധപ്പെട്ട് ഏത് അന്വേഷണം നേരിടാനും ഒരുക്കമാണെന്നും മാതൃഭൂമി പത്രം തനിക്കെതിരെ കള്ളം പറയുകയാണെന്നും മന്ത്രി ഡോ.കെ.ടി ജലീൽ. വക്കീൽ നോട്ടിസ് അയച്ചതിന്റെ ഭ്രാന്താണ് മാതൃഭൂമി കാണിക്കുന്നതെന്നും മന്ത്രി ജലീൽ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

വക്കീൽനോട്ടീസയച്ചതിന്റെ
പിരാന്താണ് മാതൃഭൂമിക്ക്

അച്ചടിക്കാൻ കയ്യിൽ ഒരു യന്ത്രമുണ്ടെന്ന് കരുതി ഏത് കറുപ്പിനെയും വെളുപ്പിച്ചെടുക്കാൻ അറബിക്കടലിലെ വെള്ളം മുഴുവൻ മഷിയാക്കി അച്ചുനിരത്തിയാലും കഴിയില്ലെന്ന്, കോഴിക്കോട് സൗത്തിലും കൽപറ്റയിലും പാലക്കാട്ടും തെളിഞ്ഞത് 'മാതൃഭൂമി' മറന്നു കാണാനിടയില്ല. എനിക്കെതിരെ കള്ളക്കഥകൾ മെനയുന്നവർ അവരുടെ കയ്യിലുള്ള എല്ലാ തെളിവുകളും ബന്ധപ്പെട്ട അന്വേഷണ ഏജൻസികൾക്ക് കൈമാറുകയാണ് വേണ്ടത്. ഏതന്വേഷണത്തെയും നേരിടാൻ ഞാനൊരുക്കമാണ്. ഒരു തരി മണ്ണോ ഒരു നയാപൈസയോ സർക്കാരിൽ നിന്നോ വ്യക്തികളിൽ നിന്നോ സംഘടനകളിൽ നിന്നോ അന്യായമായി ഞാൻ അപഹരിക്കുകയോ അനുഭവിക്കുകയോ ചെയ്തിട്ടില്ല. അതെന്നെ അറിയുന്ന ജനങ്ങൾക്കറിയാം. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ എന്റെ മുന്നിലെത്തുന്ന ഏതൊരു കാര്യത്തിലാണെങ്കിലും കഴിയുന്ന സഹായം നിയമാനുസൃതം ചെയ്ത് കൊടുക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. അതിൽ മതവും ജാതിയും പാർട്ടിയും നോക്കിയിട്ടില്ല. അവസാനശ്വാസം വരെയും അത് തുടരും.

ഇന്നത്തെ മാതൃഭൂമി പത്രം എന്നോട് ചോദിച്ച എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഇതിനകംതന്നെ ഞാൻ നൽകിയിട്ടുള്ളതാണ്. ലോകത്തിലെ ഏത് അന്വേഷണ ഏജൻസിയുടെ മുന്നിലും അക്കാര്യം നിർഭയം എനിക്കാവർത്തിക്കാനാകും. മാതൃഭൂമിയും ജന്മഭൂമിയും ഈയുള്ളവനെതിരെ പ്രസിദ്ധീകരിച്ച അപകീർത്തിപരമായ വാർത്തകൾക്കെതിരെ വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. തമ്പ്രാക്കൾ പറയുന്നത് കേട്ട് അടിയാൻമാർ മിണ്ടാതിരുന്ന കാലം കഴിഞ്ഞ് പതിറ്റാണ്ടുകൾ പിന്നിട്ടെന്ന കാര്യം ബന്ധപ്പെട്ടവരെ ഓർമ്മപ്പെടുത്താൻ കൂടിയായിരുന്നു പ്രസ്തുത നോട്ടീസ്. മാതൃഭൂമി കണ്ണുരുട്ടിയാൽ പേടിക്കുന്നവരുണ്ടാകാം. ആ ഗണത്തിൽ എന്നെക്കൂട്ടരുത്. നിങ്ങൾ ഊതിവീർപ്പിച്ച് വീർത്ത ബലൂണാണെങ്കിലല്ലേ നിങ്ങൾ ഒരു സൂചിയെടുക്കുമ്പോഴേക്ക് പേടിച്ച് വിറക്കേണ്ടതുള്ളൂ?

 

Latest News