Sorry, you need to enable JavaScript to visit this website.

നാട്ടിലുള്ളവരുടെ റീ എന്‍ട്രികള്‍ കമ്പനികള്‍ പുതുക്കിത്തുടങ്ങി

റിയാദ്-അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദായതോടെ അവധിക്ക് പോയി നാട്ടിൽ നിന്ന് തിരിച്ചുവരാൻ സാധിക്കാത്തവരുടെ റീ എൻട്രികൾ കമ്പനികളും സ്ഥാപനങ്ങളും പുതുക്കിത്തുടങ്ങി. ഒരു മാസത്തിന് 100 റിയാൽ തോതിൽ അബ്ശിർ, മുഖീം സിസ്റ്റങ്ങൾ വഴിയാണ് ഇഖാമ കാലാവധിയുള്ളവരുടെ റീ എൻട്രികൾ പുതുക്കുന്നത്.
അവധിക്ക് പോയ എല്ലാവരുടെയും റീ എൻട്രികൾ നേരത്തെ സൗദി ഭരണകൂടം മൂന്നു മാസത്തേക്ക് ദീർഘിപ്പിച്ചിരുന്നു. ഓഗസ്റ്റ് 20 വരെയാണ് ഭൂരിഭാഗം പേർക്കും ഇപ്രകാരം സൗജന്യമായി ദീർഘിപ്പിച്ചുലഭിച്ചത്. ഇനിയും സൗജന്യമായി ദീർഘിപ്പിച്ചുനൽകുമോയെന്ന് പലരും ജവാസാത്തിൽ അന്വേഷിച്ചപ്പോൾ കൃത്യമായ മറുപടിയുണ്ടായിട്ടില്ലെങ്കിലും മുഖീം, അബ്ശിർ സിസ്റ്റങ്ങളിൽ ഇതിനുള്ള സംവിധാനങ്ങൾ ഇപ്പോൾ ലഭ്യമായിട്ടുണ്ട്. ബാങ്കുകളുടെ ഓൺലൈൻ, എടിഎം സർവീസുകളിൽ റീ എൻട്രി ദീർഘിപ്പിക്കാനുള്ള ഫീസ് അടക്കുന്നതിന് സൗകര്യം കഴിഞ്ഞാഴ്ചയാണ് നിലവിൽ വന്നത്. ഇഖാമ നമ്പറും റീ എൻട്രി വിസ നമ്പറും ചേർത്ത് ഒരു മാസത്തേക്ക് 100 റിയാൽ എന്ന തോതിലാണ് പണമടക്കേണ്ടത്. ഇഖാമ കാലാവധിവരെ മാത്രമേ റീ എൻട്രി ദീർഘിപ്പിക്കാനാകൂ. ഇഖാമ നമ്പറിൽ ഇപ്രകാരം പണമടച്ച ശേഷം കമ്പനി അധികൃതർ മുഖീം, അബ്ശിർ  തുറന്ന് റീ എൻട്രി ദീർഘിപ്പിക്കാനുള്ള ഐകൺ ക്ലിക്ക് ചെയ്താൽ മതി. ഉടൻ തന്നെ പുതുക്കി ലഭിക്കും. കമ്പനികളുടെയും മറ്റു സ്ഥാപനങ്ങളുടെയും മുഖീം, അബ്ശിർ വഴി മാത്രമേ ഈ സംവിധാനം ലഭ്യമാകുകയുള്ളൂ. തൊഴിലാളികൾക്ക് അവരുടെ അബ്ശിർ വഴി ഈ സേവനം ലഭിക്കില്ല. ആശ്രിതർക്ക് അവരുടെ രക്ഷിതാക്കളുടെ അബ്ശിർ വഴിയാണ് റീ എൻട്രി ദീർഘിപ്പിക്കാനാകുക.

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

റീ എൻട്രി കാലാവധി അവസാനിക്കാറായി എന്ന് നേരത്തെ തന്നെ എല്ലാവർക്കും ജവാസാത്തിൽ നിന്ന് സന്ദേശമെത്തിയിരുന്നു. അതു പ്രകാരമാണ് കമ്പനികൾ നാട്ടിലുള്ളവരുടെ റീ എൻട്രികൾ പുതുക്കാൻ തയ്യാറായത്. എന്നാൽ ഇപ്പോൾ പുതുക്കാതിരുന്നാൽ പിന്നീട് എന്ത് സംഭവിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല.

 

Latest News