മദ്യപിക്കാന്‍ പണമില്ല, മക്കളുടെ മൊബൈല്‍ തട്ടിയെടുത്ത് വിറ്റ അച്ഛന്‍ അറസ്റ്റില്‍

കൊച്ചി- മക്കള്‍ ഓണ്‍ലൈന്‍ പഠനത്തിനായി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് മറിച്ചുവിറ്റ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അങ്കമാലി മൂക്കന്നൂര്‍ സ്വദേശി കാച്ചപ്പിള്ളി വീട്ടില്‍ സാബു (41) വിനെയാണ് അങ്കമാലി പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. മൊബൈല്‍ ഫോണ്‍ വിറ്റ പണംകൊണ്ട് മദ്യപിക്കുന്നതിനിടെ അങ്കമാലിയിലെ ഒരു കള്ള് ഷാപ്പില്‍നിന്നാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞദിവസം രാത്രിയാണ് സാബു മൊബൈല്‍ ഫോണിനായി ഭാര്യയെയും മക്കളെയും ആക്രമിച്ചത്. മൂന്ന് പെണ്‍മക്കളും ഓണ്‍ലൈന്‍ പഠനത്തിനായി ഉപയോഗിക്കുന്ന മൊബൈല്‍ തനിക്ക് നല്‍കണമെന്നായിരുന്നു ഇയാളുടെ ആവശ്യം. തുടര്‍ന്ന് വീട്ടില്‍ വഴക്കുണ്ടാവുകയും ഭാര്യയെയും മക്കളെയും മര്‍ദിക്കുകയും ചെയ്തു. ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാനായി ഇളയമകള്‍ അയല്‍വീട്ടിലേക്ക് ഓടിപ്പോയി. ഇതോടെയാണ് അയല്‍ക്കാര്‍ സംഭവമറിയുന്നത്. ഇവര്‍ സാബുവിന്റെ ഭാര്യയെയും മക്കളെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സാബുവിന്റെ മൂന്ന് പെണ്‍കുട്ടികളും പഠനത്തില്‍ മികച്ച നിലവാരം പുലര്‍ത്തുന്നവരായതിനാല്‍ നാട്ടുകാരാണ് ഇവര്‍ക്ക് 15,000 രൂപയുടെ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയത്. ഇത്തവണ പ്ലസ്ടു പാസായ മൂത്ത മകള്‍ക്കും പത്താം ക്ലാസ് പാസായ രണ്ടാമത്തെ മകള്‍ക്കും എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചിരുന്നു. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ ഇളയമകളും പഠനത്തില്‍ മിടുക്കിയാണ്. സ്ഥിരം മദ്യപാനിയായ സാബു മദ്യപിക്കാന്‍ പണമില്ലാത്തതിനാല്‍ ഈ മൊബൈല്‍ ഫോണ്‍ കൈക്കലാക്കുകയായിരുന്നു.

 

 

Latest News