ന്യൂദല്‍ഹി- ചികിത്സ കഴിഞ്ഞ് കോവിഡ് രോമുക്തി നേടിവരില്‍ ചിലര്‍ വീണ്ടും രോഗബാധയുമായി തിരിച്ചെത്തുന്നതായി ദല്‍ഹിയിലെ ആശുപത്രികള്‍. ദല്‍ഹി സര്‍ക്കാരിനു കീഴിലുള്ള രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ഇത്തരത്തില്‍ രണ്ടു കേസുകള്‍ റിപോര്‍ട്ട് ചെയ്തു. രോഗം ഭേദമായി ആശുപത്രി വിട്ട് ഒന്നര മാസത്തിനു ശേഷമാണ് ഇവര്‍ക്ക് വീണ്ടും രോഗബാധയേറ്റത്. ഈ രോഗികള്‍ക്ക് കാര്യമായ രോഗ ലക്ഷണങ്ങളുണ്ടായിരുന്നില്ല.
ദ്വാരകയിലെ ആകാശ് ഹെല്‍ത്ത്‌കെയര്‍ ആശുപത്രിയില്‍ കോവിഡ് രോഗം സുഖപ്പെട്ട കാന്‍സര്‍ രോഗിക്ക് മാസങ്ങള്‍ക്കു ശേഷം വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. രണ്ടാം തവണ കോവിഡ് ഗുരുതരമാകുകയും രോഗി മരിക്കുകയും ചെയ്തു. രണ്ടാം തവണ ആശുപത്രിയിലെത്തിയപ്പോള്‍ കാന്‍സര്‍ രോഗവും മൂര്‍ച്ഛിച്ചിരുന്നു. കോവിഡ് ചികിത്സയിലായതിനാല്‍ കീമോതെറപ്പി നല്‍കാനും കഴിയുമായിരുന്നില്ല. ഇവര്‍ വൈകാതെ മരിക്കുകയും ചെയ്തു.
ജൂലൈയില്‍ ദല്‍ഹിയിലെ ഒരു പോലീസുദ്യോഗസ്ഥന് രണ്ടാമതും കോവിഡ് ബാധയേറ്റത് വിദഗ്ധരെ അമ്പരിപ്പിച്ചിരിക്കുകയാണ്. ഇതേ മാസം തന്നെ ദല്‍ഹിയിലെ ഒരു തദ്ദേശ കോവിഡ് ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സിനും രോഗമുക്തിക്കു ശേഷം വീണ്ടും കോവിഡ് പോസിറ്റീവായി.
വൈറസ് സൂക്ഷിക്കപ്പെടുകയോ അല്ലെങ്കില്‍ ജീന്‍ സീക്വന്‍സിങ് നടത്തുകയോ ചെയ്തില്ലെങ്കില്‍ ഒരു വ്യക്തിയില്‍ രണ്ടാമതും കാണപ്പെടുന്ന വൈറസ് നേരത്തെ പിടിപെട്ട ഇനമാണോ പുതിയ ഇനമാണോ എന്ന് തിരിച്ചറിയുക പ്രയാസമാണെന്ന് രാജീവ് ഗാന്ധി ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ബി എല്‍ ശെര്‍വാള്‍ പറയുന്നു. 'വൈറസ് തിരിച്ചുവരാം. ശരീരത്തില്‍ നിന്ന്, പ്രത്യേകിച്ച കഫത്തില്‍ നിന്ന് വൈറസിനെ വേര്‍ത്തിരിച്ചെടുക്കാനാകും. ഒമ്പതോ പത്തോ ദിവസങ്ങള്‍ക്കു ശേഷം വൈറസ് നിര്‍വീര്യമാകുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇവരില്‍ വീണ്ടും ടെസ്റ്റ് നടത്താറില്ല. എന്നാല്‍ ഇപ്പോള്‍ വീണ്ടും വൈറസ് ബാധിച്ചിരിക്കുന്നത് 40 ദിവസം മുമ്പ് രോഗമുക്തി നേടിയവരിലാണ്,' അദ്ദേഹം പറഞ്ഞു. പ്രതിരോധ ശേഷി കുറഞ്ഞവരില്‍ വീണ്ടും കോവിഡ് വരാനുള്ള സാധ്യതയുണ്ട്. ഇത് കാന്‍സര്‍, എച്‌ഐവി പോലുള്ള ഏതു രോഗികള്‍ക്കും വരാം. ഇത്തരക്കാര്‍ മാസ്‌ക്ക് ധരിക്കുക, കൈകള്‍ ഇടക്കിടെ കഴുകുക എന്നീ മുന്‍കരുതലുകള്‍ എടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.