Sorry, you need to enable JavaScript to visit this website.

ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ട സ്വേച്ഛാധിപത്യത്തിലേയ്ക്ക്  നീങ്ങുന്നു -മുന്‍ ചീഫ് ജസ്റ്റിസ് എ പി ഷാ

ന്യൂദല്‍ഹി-ഇന്ത്യ ഒരു തരത്തിലുള്ള തിരഞ്ഞെടുക്കപ്പെട്ട സ്വേച്ഛാധിപത്യ വ്യവസ്ഥിതിയുടെ രൂപത്തിലേയ്ക്ക് നീങ്ങുന്നതായും ജുഡീഷ്യറി ഇന്ത്യന്‍ ജനാധിപത്യത്തെ വീണ്ടും പരാജയപ്പെടുത്തിയതായും ദല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എ പി ഷാ. ജനാധിപത്യ രാഷ്ട്രങ്ങള്‍ എങ്ങനെ മരിക്കുന്നു എന്ന് പണ്ഡിതര്‍ ചൂണ്ടിക്കാട്ടിയ വഴിയിലാണ് നാം സഞ്ചരിക്കുന്നത്. അസാധാരണ കോവിഡ് സാഹചര്യം എതിര്‍പ്പുകളെ അടിച്ചമര്‍ത്തി അധികാരം കേന്ദ്രീകരിക്കുന്നതിന് ഗതിവേഗം കൂട്ടി. കേന്ദ്ര എക്‌സിക്യൂട്ടീവ് പരമാധികാരികളാവുകയും ചോദ്യങ്ങള്‍ ഉന്നയിക്കേണ്ട ഇതര സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുകയും ചെയ്തു. വിവിധ സാമൂഹ്യസംഘടനകളുടെ നേതൃത്വത്തിലുള്ള ജനതാ പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഷാ.
1962ലും 71ലും യുദ്ധസമയത്ത് ഇന്ത്യന്‍ പാര്‍ലമെന്റ് കൂടിയിട്ടുണ്ടെന്നും 2001 ഡിസംബറില്‍ പാര്‍ലമെന്റ് ആക്രമണമുണ്ടായതിന്റെ പിറ്റേ ദിവസം വരെ പാര്‍ലമെന്റ് കൂടിയിട്ടുണ്ടെന്നും ജസ്റ്റിസ് എ പി ഷാ ഓര്‍മ്മിപ്പിച്ചു. പല രാജ്യങ്ങളുടേയും പാര്‍ലമെന്റുകള്‍ പൂര്‍ണമായ വിര്‍ച്വല്‍ സെഷനിലൂടെ വരെ കൂടി. റിമോട്ട് വോട്ടിംഗ് ഏര്‍പ്പെടുത്തിയിരുന്നു. അവരൊന്നും പാര്‍ലമെന്റ് നടപടികള്‍ കോവിഡ് കാലത്ത് മുടക്കിയില്ല. എന്നാല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ഈ വര്‍ഷം മാര്‍ച്ച് മുതല്‍ ഒരു പ്രേതനഗരമായി മാറിയിരിക്കുന്നു. മഹാവ്യാധിയുടെ ഈ പ്രതിസന്ധി കാലത്ത് ജനങ്ങളെ നയിക്കുന്നതില്‍ പരാജയപ്പെട്ടത് കൂടാതെ എക്‌സിക്യൂട്ടീവിന് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം നല്‍കിക്കൊണ്ടും ലെജിസ്ലേച്ചര്‍ പരാജയപ്പെട്ടിരിക്കുന്നു-ജസ്റ്റിസ് എ പി ഷാ വ്യക്തമാക്കി.
 

Latest News