Sorry, you need to enable JavaScript to visit this website.

സരയാൻ മ്യൂസിയം: സോമാലി പൈതൃകത്തിന്റെ പ്രകാശം  

ലേഖകനും സുഹൃത്ത്  ഇർഷാദ് ഓമാനൂരും

 സയീദ് ശുക്‌റി ഹുസൈൻ തന്റെ സ്വപ്‌ന സാഫല്യം പോലെ സ്ഥാപിച്ചതാണ് സോമാലിലാന്റ് തലസ്ഥാനമായ ഹർഗയ്‌സ നഗരത്തിനുള്ളിലെ ശആബ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സരയാൻ മ്യൂസിയം. സയീദ് ബാരെ എന്ന ഏകാധിപതിക്കെതിരെ, സ്വതന്ത്ര സോമാലിലാന്റിനായി പോരാടിയ സോമാലി നാഷണൽ മൂവ്‌മെന്റ്  പോരാളി കൂടിയായിരുന്നു സയീദ് ശുക്‌റി.
തന്റെ കൈവശമുണ്ടായിരുന്നതും മറ്റു പലയിടത്തു നിന്നും ശേഖരിച്ചതുമായ  അമൂല്യ പൈതൃക വസ്തുക്കളും ചരിത്ര രേഖകളും മറ്റും ഉൾപ്പെടുത്തി തുടങ്ങിയ മ്യൂസിയം 2017 ഓഗസ്റ്റിലാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്.


സോമാലിലാന്റിന്റെ ബൃഹത്തായ പൈതൃകത്തിന്റെ ചെറുതെങ്കിലും സമ്പന്നമായ അടയാളപ്പെടുത്തലാണ് സരയാൻ മ്യൂസിയത്തിനകത്തെ വിശേഷങ്ങൾ. ശാന്തസുന്ദരമായ ചെറിയൊരു കോമ്പൗണ്ടിനുള്ളിലെ രണ്ടു സുന്ദരമായ കെട്ടിടങ്ങൾക്കുള്ളിലായി വൈവിധ്യമാർന്ന കലാസാംസ്‌കാരിക ചരിത്ര പൈതൃകങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നു.


രണ്ടു ഡോളർ പ്രവേശന ഫീസ് അടച്ച് മ്യൂസിയത്തിനുള്ളിൽ പ്രവേശിക്കാം.  ചെറുതും വലുതുമായ രണ്ടായിരത്തിയഞ്ഞൂറോളം വിവിധ വസ്തുക്കൾ അടങ്ങുന്നതാണ് ശേഖരം.
ഏതാനും പുരാതന കരകൗശല വസ്തുക്കൾ, സോമാലി ജനതയുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായ കാർഷിക ഉപകരണങ്ങൾ, പരമ്പരാഗത കുടിലിന്റെ മാതൃക, വേട്ടക്കുപയോഗിച്ചിരുന്ന വിവിധ തരത്തിലുള്ള ആയുധങ്ങൾ, മരം കൊണ്ടും പുല്ലു കൊണ്ടും തീർത്ത വിവിധ വസ്തുക്കൾ, സുന്ദരമായ ചില പെയ്ന്റിംഗുകൾ, വിവിധ നാണയങ്ങളുടെ ഒരു ചെറുശേഖരം തുടങ്ങിയവയാണ് ആദ്യ കെട്ടിടത്തിനകത്ത് പ്രദർശിപ്പിച്ചിരിക്കുന്നത്.


രണ്ടാമത്തെ കെട്ടിടത്തിനകത്ത് ചരിത്ര രേഖകൾ, പുസ്തകങ്ങൾ, ഭൂപടങ്ങൾ തുടങ്ങിയവയോടൊപ്പം സോമാലി നാഷണൽ മൂവ്‌മെന്റുമായി ബന്ധപ്പെട്ട നിരവധി നേതാക്കളുടെ ചിത്രങ്ങളും കാണാം. ആഭ്യന്തര യുദ്ധത്തിൽ ഉപയോഗിക്കപ്പെട്ട തോക്കുകൾ, വെടിയുണ്ടകൾ, പീരങ്കിയുണ്ടകൾ തുടങ്ങിയവയും പ്രദർശിപ്പിച്ചിരിക്കുന്നു.


ലാസ്ഗീലിലെ പുരാതന മനുഷ്യരുടെ ഗുഹാ ചിത്രങ്ങൾ  പോലെ സോമാലിലാന്റിന്റെ പൈതൃകങ്ങളിൽ തുല്യതയില്ലാത്ത ശേഷിപ്പുകളുടെ ചില ചിത്രങ്ങളും വിവരണങ്ങളും സരയാൻ മ്യൂസിയത്തിൽ നമുക്ക് കാണാം. കാഴ്ചകൾ കണ്ട് പുറത്തിറങ്ങിയാൽ സ്വഛന്ദമായ ഒരു ചെറു പൂന്തോട്ടം പോലുള്ള മുറ്റത്തിരുന്ന് ഒരു കാപ്പിയൊക്കെ കുടിച്ച് അൽപസമയമിരിക്കാം. ഒരു ഭാഗത്തുള്ള ചെറിയ മരത്തിൽ ചേക്കേറിയ കുറേയധികം കുഞ്ഞു കിളികളുടെ കിന്നാരം പറച്ചിൽ കേട്ട്, പൊടി പാറുന്ന നഗരത്തിരക്കിൽ നിന്നൊഴിഞ്ഞ് അൽപനേരം ഇരിക്കാൻ പറ്റിയ ഇടമാണ് ഇത്.


ആധുനിക സോമാലിലാന്റിലെ ഒരേയൊരു മ്യൂസിയമാണ് ഈ സ്വകാര്യ സംരംഭം. നീണ്ടു കൂർത്ത വളയാത്ത കൊമ്പുകളുള്ള, എപ്പോഴും ജാഗരൂകമായി നിൽക്കുന്ന ഒരു തരം മാനിനെ ആണ് സരയാൻ എന്ന്  സോമാലി ഭാഷയിൽ വിളിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ സോമാലിലാന്റിന്റെയും സോമാലി നാഷണൽ മൂവ്‌മെന്റിന്റെയും ചരിത്രവും പൈതൃകവും സംരക്ഷിക്കാനുള്ള സയീദ് ശുക്‌റിയുടെ, ജാഗരൂകമായ വിലമതിക്കാനാത്ത ഒരു ശ്രമമാണ് സരയാൻ മ്യൂസിയം.


 

Latest News