വേദാന്തയ്ക്കു തിരിച്ചടി; തൂത്തുകുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കരുതെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ- തമിഴ്‌നാട്ടില്‍ പരിസ്ഥിതി മലിനീകരണത്തിനെതിരെ നടന്ന ശക്തമായ പ്രക്ഷോഭത്തിനൊടുവില്‍ സര്‍ക്കാര്‍ പൂട്ടിച്ച സ്റ്റെര്‍ലൈറ്റ് ചെമ്പുരുക്കു പ്ലാന്റ് തുറക്കരുതെന്ന് മദ്രാസ്  ഹൈക്കോടതി ഉത്തരവിട്ടു. മലിനീകരണത്തിനെതിരെ നാട്ടുകാര്‍ നടത്തിയ സമരം വെടിവെയ്പ്പില്‍ കലാശിക്കുകയും പോലീസ് വെടിയേറ്റ് 13 സമരക്കാര്‍ കൊല്ലപ്പെടുകയും ചെയ്തതോടെ 2018 ഏപ്രിലിലാണ് ഫാക്ടറി തമിഴ്‌നാട് സര്‍ക്കാര്‍ പൂട്ടിച്ചത്. വന്‍കിട സ്വകാര്യ കമ്പനിയായ വേദാന്തയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കമ്പനി. പൂട്ടിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ വേദാന്തയാണ് ഹൈക്കോടതിയെ സമീപിച്ചത്. കമ്പനി മലിനീകരണം ഉണ്ടാക്കുന്നില്ലെന്നും പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് കണ്ടെത്തിയ മാലിന്യം നേരത്തെ തന്നെ നീക്കം ചെയ്തിട്ടുണ്ടെന്നും വേദാന്ത കോടതിയില്‍ വാദിച്ചെങ്കിലും അംഗീകരിക്കപ്പെട്ടില്ല. ജനങ്ങളുടെ ശബ്ദമാണ് എപ്പോഴും വിജയിക്കുക എന്നതിന് മറ്റൊരു തെൡവാണ് കോടതി വിധിയെന്ന് സമരത്തില്‍ പങ്കെടുത്തിരുന്ന നടന്‍ രാഷ്ട്രീയ നേതാവുമായ കമല്‍ ഹാസന്‍ പ്രതികരിച്ചു. കമ്പനി തുറക്കാന്‍ നിയമപരമായ വഴികള്‍ തേടുമെന്ന് സ്റ്റെര്‍ലൈറ്റ് സിഇഒ പങ്കജ് കുമാര്‍ പറഞ്ഞു.

പോലീസ് വെടിവെപ്പില്‍ ആളുകള്‍ മരിച്ചതു മാത്രമല്ല കമ്പനി പൂട്ടിക്കാന്‍ കാരണമെന്നും സ്റ്റെര്‍ലൈറ്റ് പ്ലാന്റ് പരിസ്ഥിതിക്കും ആവാസവ്യവസ്ഥയ്ക്കും വലിയ ഭീഷണി ആയത് കൊണ്ടാണെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. സ്റ്റെര്‍ലൈറ്റ് പുറന്തള്ളുന്ന മാലിന്യങ്ങല്‍ പ്രദേശത്തെ മറ്റു കമ്പനികളുടേതിനേക്കാള്‍ ഉയര്‍ന്ന തോതിലായിരുന്നുവെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. 

2018 ഡിസംബറില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്റ്റെര്‍ലൈറ്റിന് അനുകൂലമായി വിധി പറഞ്ഞിരുന്നെങ്കിലും അധികാരപരിധി പ്രശ്‌നം ചൂണ്ടിക്കാട്ടി സുപ്രീം കോടതി ഇത് റദ്ദാക്കുകയും വേദാന്തയോട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
 

Latest News