ന്യൂദൽഹി- ദൽഹി കലാപത്തിലേക്ക് നയിച്ച വർഗീയ വിദ്വേഷ പരാമർശങ്ങൾക്ക് ഫെയ്‌സ്ബുക്ക് വേദിയാക്കി എന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയിലെ ഫെയ്‌സ്ബുക്ക് മേധാവി അങ്കി ദാസിനെതിരെ റായ്പ്പൂർ പോലീസ് കേസെടുത്തു. റായ്പ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകനായ അവേഷ് തിവാരി നൽകിയ പരാതിയിലാണ് കേസ്.
ഇന്ത്യയിലെ ഭരണ പക്ഷത്തിന് അനുകൂല നിലപാടാണ് ഫെയ്‌സ്ബുക്ക് സ്വീകരിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമമായ വാൾസ്ട്രീറ്റ് ജേണൽ അടക്കം റിപ്പോർട്ട് ചെയ്തിരുന്നു. വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഫെയ്‌സ്ബുക്കിലെ തന്നെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഫെയ്‌സ്ബുക്കിനെതിരെ പത്രം രംഗത്തെത്തിയത്.
കലാപത്തിന് വരെ വഴിതെളിച്ചേക്കാവുന്ന വർഗീയ പരാമർശം നടത്തിയ ബി.ജെ.പിയുടെ തെലങ്കാന എം.എൽ.എ രാജ സിംഗിനെതിരെ നടപടിയെടുക്കാൻ ഫെയ്‌സ്ബുക്ക് തയാറായിരുന്നില്ല. ഇതോടെയാണ് ഫെയ്‌സ്ബുക്കിന്റെ ബി.ജെ.പി അനുകൂല നിലപാട് ചർച്ചയായത്.