ന്യൂദൽഹി- വ്യാജവും വിദ്വേഷപരവുമായ വാർത്തകൾ പ്രചരിപ്പിക്കുന്നതിലുള്ള ഫെയ്‌സ്ബുക്കിന്റെ പങ്കാളിത്തം എല്ലാ ഇന്ത്യക്കാരും ചോദ്യം ചെയ്യണമെന്നും വ്യാജ വാർത്തകളിലൂടെയും വിദ്വേഷ പ്രചരണത്തിലൂടെയും ജനാധിപത്യത്തെ തകർക്കാൻ അനുവദിക്കില്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രചാരണങ്ങളോട് ഫെയ്‌സ്ബുക്ക് മൃദുസമീപനം സ്വീകരിക്കുന്നതിൽ പ്രതിഷേധിച്ച് ഫെയ്‌സ്ബുക്ക് മേധാവി സുക്കർബർഗിന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അയച്ച കത്ത് പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുലിന്റെ പ്രതികരണം. വ്യാജ വാർത്തകളിലൂടെ വിദ്വേഷ പ്രചരണത്തിലൂടെയും പക്ഷപാതപരമായ സമീപനത്തിലൂടെയും നമ്മുടെ ജനാധിപത്യത്തെ തകർക്കാൻ ഞങ്ങൾ അനുവദിക്കില്ല. വാൾസ്ട്രീറ്റ് ജേണൽ തുറന്നുകാട്ടിയതുപോലെ, വ്യാജവും വിദ്വേഷപരവുമായ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ ഫെയ്‌സ്ബുക്കിന്റെ പങ്കാളിത്തം എല്ലാ ഇന്ത്യക്കാരും ചോദ്യം ചെയ്യേണ്ടതുണ്ട്',രാഹുൽ ട്വീറ്റ് ചെയ്തു. ഇന്ത്യയിലെ ഫെയ്‌സ്ബുക്ക് മേധാവികൾ സ്വീകരിക്കുന്ന നയങ്ങൾ ഉന്നതാധികാര സമിതി അന്വേഷിക്കണമെന്നും 2014 തൊട്ട് ഫെയ്‌സ്ബുക്കിൽ വന്നിട്ടുള്ള വിദ്വേഷപോസ്റ്റുകളിൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് പരസ്യമാക്കണമെന്നും കെ.സി വേണുഗോപാൽ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.






