ചെന്നൈ- കോവിഡ് ചികിത്സയിലുള്ള ഭർത്താവിന് രഹസ്യമായി മദ്യം എത്തിച്ച ഭാര്യക്കെതിരെ കേസ്. ഭർത്താവിന് ആശുപത്രിയിൽ മദ്യം എത്തിച്ച കലൈമങ്കൈ എന്ന 38 കാരിയാണ് കേസില്‍ കുടുങ്ങിയത്.
കോവിഡ് സ്ഥിരീകരിച്ച ഭര്‍ത്താവ് മുത്തുകുമരൻ (48) ചിദംബരം രാജാ മുത്തയ്യ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. ഓഗസ്റ്റ് 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
അന്നേ ദിവസം കലൈമങ്കൈ ഭര്‍ത്താവിനായുള്ള ഭക്ഷണവുമായി ആശുപത്രിയിലെത്തിയിരുന്നു. ഭക്ഷണം അടങ്ങിയ ബാഗ് കൈമാറിയ ശേഷം തിരികെ മടങ്ങുകയും ചെയ്തു.
അല്‍പസമയം കഴിഞ്ഞതോടെ ഭർത്താവായ മുത്തുകുമരന്‍ വാർഡിൽ പ്രശ്നങ്ങൾ ഉണ്ടാക്കി തുടങ്ങി. മറ്റ് രോഗികളാണ് ആശുപത്രി അധികൃതരെ വിവരം അറിയിച്ചത്.
സംഭവം അറിഞ്ഞെത്തിയ ആശുപത്രി അധികൃതരും ജീവനക്കാരും മദ്യപിച്ച് ലക്കുകെട്ട നിലയിലാണ് മുത്തുകുമരനെ കാണുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ ഭാര്യ കൈമാറിയ ഭക്ഷണത്തിന്‍റെ ബാഗിൽ മദ്യക്കുപ്പിയും ഉണ്ടായിരുന്നുവെന്ന് തെളിയുകയായിരുന്നു.
ആശുപത്രി അധികൃതർ നൽകിയ വിവരം അനുസരിച്ച് സ്ഥലത്തെത്തിയ വില്ലേജ് അഡ്മിനിസ്ട്രേറ്റിവ് ഉദ്യോഗസ്ഥനാണ് പോലീസിൽ പരാതി നൽകിയത്.