മഹാമാരിക്കിടയിലും കെ.എസ്.ആർ.ടി.സി നടത്തിയത്  മികച്ച സേവനം -മന്ത്രി എ.കെ. ശശീന്ദ്രൻ

കോഴിക്കോട് - കോവിഡ് മഹാമാരിക്കിടയിലും യാത്രക്കാർക്ക് പ്രയോജനകരമാകുന്ന തരത്തിൽ മികച്ച സേവനങ്ങളാണ് കെ.എസ്.ആർ.ടി.സി നടത്തിയതെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് വിശ്രമിക്കുന്നതിനായി തയാറാക്കിയ എ.സി സ്ലീപ്പർ ബസിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു മന്ത്രി.
വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലുമെത്തുന്ന പ്രവാസികളടക്കമുള്ളവരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കുന്നതിനും നാട്ടിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികളെ റെയിൽവേ സ്റ്റേഷനുകളിലെത്തിക്കുന്നതിനും കെ.എസ്.ആർ.ടി.സി മികച്ച സേവനമാണ് നടത്തിയത്.


വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലുമെത്തുന്നവരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കുന്നതിന് ഇവിടങ്ങളിൽ മണിക്കൂറുകളോളമാണ് ബസ് ജീവനക്കാർക്ക് കാത്തിരിക്കേണ്ടി വരുന്നത്. യാത്രക്കാരെ കാത്തിരിക്കുന്ന ജീവനക്കാർക്ക് വിശ്രമിക്കാനോ അവശ്യകാര്യങ്ങൾ നിർവഹിക്കുന്നതിനോ ഇവിടെ പ്രത്യേക സൗകര്യങ്ങളില്ല. ഇതേത്തുടർന്ന് അവർ അനുഭവിക്കുന്ന പ്രയാസങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാർക്ക് വിശ്രമിക്കാനും അവശ്യകാര്യങ്ങൾ ചെയ്യാനുമുള്ള സൗകര്യമൊരുക്കുന്നതിനുള്ള ആശയം എം.ഡി മുന്നോട്ട് വെച്ചത്. ഇതിന്റെ ഭാഗമായാണ് വിമാനത്താവളത്തിൽ ഒരു എ.സി സ്ലീപ്പർ സ്‌പെഷ്യൽ ബസ് ജീവനക്കാരുടെ വിശ്രമത്തിനായി വിമാനത്താവളത്തിൽ ഉണ്ടാകണമെന്ന് തീരുമാനിച്ചത്. 
അത്യാധുനിക സൗകര്യത്തോടെയുള്ള ബസുകൾ നിർമിച്ചത് കെ.എസ്.ആർ.ടി.സിയുടെ തന്നെ വർക്ഷോപ്പുകളിലാണ്. കരിപ്പൂർ വിമാനത്താവളത്തിലാണ് ആദ്യത്തെ ബസ് എത്തിക്കുന്നത്. അടുത്ത ദിവസം തന്നെ നെടുമ്പാശ്ശേരിയിലും ഓണത്തിന് മുമ്പായി തിരുവനന്തപുരത്തും ഈ സൗകര്യം ഏർപ്പെടുത്തും.


ജീവനക്കാരുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതാണ് കെ.എസ്.ആർ.ടി.സിയുടെ നൂതന സംരംഭം. പൊതുജനങ്ങളുടെ ആവശ്യം നിർവഹിക്കുന്നതോടൊപ്പം ജീവനക്കാരുടെ സൗകര്യവും വർധിപ്പിക്കേണ്ടതുണ്ട്. ജീവനക്കാരുടെ ഒപ്പം നിന്നിട്ടുള്ള സർക്കാർ ഇനിയും ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കുന്ന നിലപാടുകൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
16 പേർക്ക് വിശ്രമിക്കാൻ ടു ടയർ മാതൃകയിൽ കുഷ്യൻ ബെർത്തുകൾ, ഒരേ സമയം നാലുപേർക്ക് ഉപയോഗിക്കാൻ പറ്റുന്ന മടക്കി വയ്ക്കാവുന്ന മേശ, നാലുപേർക്ക് ഇരിക്കാൻ പറ്റുന്ന ഇരിപ്പിടങ്ങൾ, 16 ലോക്കറുകൾ, തണുപ്പേറ്റാൻ എസിയും ഫാനും. 325 ലിറ്റർ വാട്ടർ ടാങ്ക്. മാലിന്യം നിക്ഷേപിക്കാനിടം, മലിനജലം സംഭരിക്കാനും സംവിധാനം. മൊബൈൽ ചാർജിംഗ് സൗകര്യവും സെൻസർടൈപ്പ് സാനിടൈസിംഗ് മെഷീൻ, ബർത്തുകളെ വേർതിരിച്ചും ബസിനകം മനോഹരമാക്കിയുമുള്ള കർട്ടനുകൾ, ബസിന്റെ ഇരുവശത്തുകൂടിയും നടന്നുപോകാൻ ആവശ്യമായ വഴികൾ എന്നിവയാണ് സ്ലീപ്പർ ബസിന്റെ സവിശേഷതകൾ.


ചടങ്ങിൽ എ. പ്രദീപ് കുമാർ എം. എൽ.എ അധ്യക്ഷത വഹിച്ചു. കെ.എസ്.ആർ.ടി.സി എം.ഡി ബിജുപ്രഭാകർ മുഖ്യപ്രഭാഷണം നടത്തി. വടക്കൻ മേഖല എക്‌സി. ഡയരക്ടർ സി.വി. രാജേന്ദ്രൻ, വർക്‌സ് മാനേജർ ഇൻചാർജ് ഗിരീഷ് പവിത്രാലയം, സോണൽ ട്രാഫിക്ക് ഓഫീസർ ജോഷി ജോൺ, അസി. വർക്‌സ് മാനേജർ സഫറുല്ല എന്നിവർ പങ്കെടുത്തു.

 

Latest News