വാഷിങ്ടണ്‍- ഈ വര്‍ഷം അവസാനത്തോടെ കോവിഡ് വാക്‌സിന്‍ ലഭ്യമായിരിക്കണമെന്നും 2021 തുടക്കത്തോടെ തന്നെ ലോകത്തിന് സാധാരണ നിലയിലേക്ക് തിരിച്ചു പോകാനാകുമെന്നും യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് ഡയറക്ടറും യുഎസ് പ്രസിഡന്റിന്റെ ഉപദേശകനുമായ ഡോ. അന്തോണിയോ ഫൗചി. പകുതി വീര്യം കുറഞ്ഞ വാക്‌സിനാണെങ്കില്‍ പോലും അത് പകര്‍ച്ചാവ്യാധി തടയുന്നതില്‍ കാര്യക്ഷമമായിരിക്കുമെന്നും ഒരു വര്‍ഷത്തിനകം സാധാരണ നിലയിലേക്ക് തിരിച്ചെത്താന്‍ സഹായിക്കുമെന്നും ഡോ. ഫൗചി പറഞ്ഞു. ലോകം സാധാരണ നിലയിലെത്താന്‍ 2024 വരെ കാത്തിരിക്കണമെന്നാണ് പലരും പ്രവചിച്ചിരുന്നത്. എന്നാല്‍ ഇത്ര നീണ്ട കാത്തിരിപ്പ് വേണ്ടി വരില്ലെന്നും 2021 അവസാനത്തോടെ തന്നെ സാധാരണ നിലയിലെത്തുമെന്നും അമേരിക്കന്‍ മാധ്യമമായ പിബിഎസിനു നല്‍കിയ അഭിമുഖത്തില്‍ അ്‌ദ്ദേഹം പറഞ്ഞു.
അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍ മൂന്നിനു മുമ്പായി വാക്‌സിന്‍ ലഭ്യമാകുമെന്ന് നേരത്തെ പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ പൊതുജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭിക്കണമെങ്കില്‍ 2021 ആകുമെന്ന് ഫൗചി പറഞ്ഞു. ഒരു വാക്‌സിന്‍ ഉണ്ടെന്നു വച്ച് അത് ജനങ്ങള്‍ക്ക് കുത്തിവെക്കണം എന്ന് ആവശ്യപ്പെടാനാവില്ല. വാക്‌സിന്‍ സുരക്ഷിതമാണോ ഫലപ്രദമാണോ എന്നു കൂടി പരിശോധിക്കേണ്ടതുണ്ട്- റഷ്യ ഈയിടെ അവതരിപ്പിച്ച കോവിഡ് വാക്‌സിനെ കുറിച്ച് ഡോ. ഫൗചി പ്രതികരിച്ചു.






