ന്യൂദൽഹി- കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഒമ്പതു ദിവസവും ഇന്ത്യയില്‍ അറുപതിനായിരത്തിനു മുകളില്‍ കോവിഡ് കേസുകള്‍.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണത്തിൽ വൻവർധനയാണ് തുടരുന്നത്. 24 മണിക്കൂറിനിടെ 63,489 പേർക്ക് രോഗം സ്ഥിരീകരിച്ചു. 944 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 49,980 ആയി. അതേസമയം കോവിഡ് മരണനിരക്ക് 1.94 ശതമാനമായി കുറഞ്ഞതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
വിവിധ സംസ്ഥാനങ്ങളിലായി കോവിഡ് ബാധിതരുടെ എണ്ണം 25,89,682 ആയി ഉയർന്നു. 6,77,444 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 18,62,258 പേർ രോഗമുക്തി നേടി. ശനിയാഴ്ച കോവിഡ് പരിശോധനകളുടെ എണ്ണം 8,68,679 ആയി ഉയർന്നയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മഹാരാഷ്ട്രയാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ള സംസ്ഥാനം. ശനിയാഴ്ച 12000 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 5.8 ലക്ഷമായി ഉയർന്നു.
മുംബൈയിൽ മാത്രം കോവിഡ് ബാധിതരുടെ എണ്ണം 1,27,716 ആയി. മഹാരാഷ്ട്രയിൽ ഇതുവരെ 19,749 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.